തിരികെ വന്നാൽ ലഭിക്കുന്നത് തിരിച്ചറിവ്
തന്നിലേക്ക് തന്നെ തിരികെ വന്നപ്പോൾ അവന് ഒരു കാര്യം ബോധ്യമായി, താൻ തന്റെ പിതാവിനെതിരെ പാപം ചെയ്തിരിക്കുന്നു
തപസ്സുകാലം നാലാം ഞായർ
ഒന്നാം വായന: ജ്വാഷ്വ 5:9a, 10-12
രണ്ടാം വായന: 2 കോറിന്തോസ് 5:17-21
സുവിശേഷം: വി.ലൂക്ക 15:1-3,11-32
ദിവ്യബലിക്ക് ആമുഖം
പെസഹാ ആഘോഷിക്കുന്ന ഇസ്രായേൽ ജനത്തെ ഇന്നത്തെ ഒന്നാം വായനയിൽ നാം കാണുന്നു. പെസഹാ ദിവ്യരഹസ്യങ്ങൾ ആഘോഷിക്കുവാനായി നാമും ഒരുങ്ങുമ്പോൾ ക്രിസ്തുവിൽ ആയിരിക്കുന്നവൻ ഒരു പുതിയ സൃഷ്‌ടിയാണെന്ന് വി.പൗലോസ് അപ്പോസ്തലൻ ഇന്നത്തെ രണ്ടാമത്തെ വായനയിൽ പഠിപ്പിക്കുന്നു. ക്രിസ്തുവിൽ പുതിയ സൃഷ്‌ടിയാവാൻ അനുരഞ്ജനം അത്യാവശ്യമാണ്. നാം അനുരഞ്ജനപ്പെടുമ്പോൾ, നമ്മെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്ന പിതാവായ ദൈവത്തെ “ധൂർത്തപുത്രന്റെ ഉപമയിലൂടെ” യേശുനാഥൻ ഇന്നത്തെ സുവിശേഷത്തിൽ വെളിപ്പെടുത്തുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവ വചന പ്രഘോഷണകർമം
“സുവിശേഷത്തിനുള്ളിലെ സുവിശേഷം” എന്ന് വിശേഷിപ്പിക്കുകയും, അന്യമതസ്ഥർ പോലും ദൈവത്തിന്റെ കാരുണ്യവും ദയയും വെളിപ്പെടുത്താനായി ഉപയോഗിക്കുന്ന ധൂർത്തപുത്രന്റെ ഉപമയാണ് ഇന്ന് നാം ശ്രവിച്ചത്. ഈ സുവിശേഷ ഭാഗത്തെ നമുക്ക് വിചിന്തനത്തിന് വിധേയമാക്കാം.
നമുക്ക് സുബോധമുള്ളവരാകാം:
യഹൂദ നിയമമനുസരിച്ച് പിതാവിന് രണ്ട് പുത്രന്മാർ ഉണ്ടെങ്കിൽ, മൂത്തമകന് മൊത്തം സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗത്തിനും, രണ്ടാമത്തെ പുത്രന് മൂന്നിലൊരുഭാഗത്തിനും അവകാശമുണ്ട്. തീർച്ചയായും പിതാവിന്റെ മരണശേഷം മാത്രമേ പുത്രന്മാർക്ക് ഈ സ്വത്തിൽ അവകാശം ഉന്നയിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ, രണ്ടാമത്തെ മകൻ പിതാവ് ജീവിച്ചിരിക്കെ തന്നെ തന്റെ ഓഹരി ആവശ്യപ്പെടുന്നു. അതുമായി തന്റെ ഭവനം ഉപേക്ഷിച്ചു പോകുന്നു. തന്റെ കൈയിലെ ധനമെല്ലാം ധൂർത്തടിച്ച് തീർത്ത് ഞെരുക്കത്തിലായപ്പോൾ അവൻ പന്നികളെ നോക്കുന്ന ജോലിചെയ്യാൻ തയ്യാറാകുന്നു. ധൂർത്തനായ മകന് വന്നുചേർന്ന ദുരവസ്ഥയെ കാണിക്കാനാണ് പന്നികളുടെ കൂടെയുള്ള അവന്റെ സഹവാസത്തെ എടുത്തുപറയുന്നത്. യഹൂദർക്ക് പന്നികൾ നിഷിദ്ധമായിരുന്നു. പന്നികളോടുകൂടി സഹവസിക്കുന്നതുവഴി അവൻ ഏറ്റവും താഴ്‍ന്ന ജീവിതാവസ്ഥയിലേയ്ക്ക് എത്തുകയും, യഹൂദ ചിന്താഗതിയ്ക്കനുസരിച്ച് അവൻ ആ ജനതയുടെ നിയമങ്ങളിലും അന്തസിലും നിന്ന് പുറത്തതായി “ഒരു വ്യക്തിപോലും അല്ലാത്ത അവസ്ഥയിലേയ്ക്ക്” തരാം താഴുകയും ചെയ്തു. അപ്പോഴാണ് അവന് സുബോധമുണ്ടാകുന്നത്. അതായത്, അവൻ തന്നിലേക്ക് തന്നെ തിരിക വരുന്നു. ബുദ്ധിയുടെയും, വിവേകത്തിന്റെയും, ആത്മീയതയുടെയും ഒരു പ്രവർത്തിയാണ് ‘സുബോധമുണ്ടാവുക’ അഥവാ ‘തന്നിലേക്ക് തന്നെ മടങ്ങിവരിക’. ഇത്രയും നാൾ അവൻ മറ്റുള്ളവരിലൂടെയാണ്, മറ്റ് യാഥാർഥ്യങ്ങളിലൂടെയാണ് അവൻ ജീവിതത്തെ നോക്കിക്കണ്ടത്. എന്നാൽ, ഇപ്പോൾ അവന്റെ മുൻപിൽ മറ്റൊന്നുമില്ല. അവൻ തന്നിലേക്ക് തന്നെ തിരിക വരാൻ തുടങ്ങി.
തപസുകാലത്ത് ഈ സുവിശേഷഭാഗം നമുക്ക് വിചിന്തനത്തിനായി നൽകിക്കൊണ്ട് തിരുസഭ, നമ്മിലേക്ക് തന്നെ തിരിക വരാൻ നമ്മെ ക്ഷണിക്കുകയാണ്. ഈ ലോകത്തിന്റെ എല്ലാ കാര്യങ്ങളും മാറ്റിവച്ച്, നമുക്ക് നമ്മിലേക്ക് തന്നെ നോക്കാം. ദൈവത്തിലേക്ക് തിരിയുന്നതിനു മുൻപ് നമ്മിലേക്ക് തന്നെ തിരിയുന്ന ഒരു ആത്മപരിശോധനയ്ക്ക് നാം തയ്യാറാവണം.
ദാസനാകാൻ ആഗ്രഹിച്ചവൻ രാജാവിനെപ്പോലെ സ്വീകരിക്കപ്പെടുന്നു:
തന്നിലേക്ക് തന്നെ തിരികെ വന്നപ്പോൾ അവൻ ഒരു കാര്യം ബോധ്യമായി, താൻ തന്റെ പിതാവിനെതിരെ പാപം ചെയ്തിരിക്കുന്നു. മറ്റുള്ളവർക്കെതിരായി നാം ചെയ്യുന്ന എല്ലാ തെറ്റുകളും, ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റുകളാണെന്ന തിരിച്ചറിവും അവന് ലഭിക്കുന്നു. ആദ്യം തന്നിലേക്ക് തിരികെ വന്നവൻ, ഇപ്പോൾ തന്റെ പിതാവിന്റെ അടുക്കലേക്ക് വരുന്നു. അവന് മടങ്ങി വരുമ്പോൾ, അവനെ ദൂരെ വച്ച് തന്നെ കണ്ട പിതാവ് ഓടിവന്ന് അവനെ ആലിംഗനം ചെയ്യുന്നു. പൗരസ്ത്യ സംസ്ക്കാരത്തിൽ ഒരിക്കലും പ്രായം കൂടുതലുള്ള വ്യക്തി തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ സ്വീകരിക്കാൻ അങ്ങോട്ട് പോകാറില്ല. എന്നാൽ, പിതാവിന്റെ സ്നേഹം എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിക്കുകയാണ്. ഒരു ഭൃത്യനായി തന്നെ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന മകനെ, ഒരിക്കലും അവന് ഒരു ഭൃത്യനാണെന്ന് തോന്നിപ്പിക്കാത്ത രീതിയിൽ രാജാവിനെപ്പോലെ വസ്ത്രവും, മോതിരവും, ചെരുപ്പും അണിയിച്ച് അവനുവേണ്ടി വിരുന്നൊരുക്കുന്നു.
‘വിശുദ്ധ കുമ്പസാരത്തിലൂടെ ദൈവവുമായി അനുരഞ്ജനപ്പെടുന്ന ഏതൊരു വ്യക്തിയും, ധൂർത്തപുത്രനെപ്പോലെ സ്വീകരിക്കപ്പെടുമെന്ന് ‘ വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നുണ്ട്. ധൂർത്തപുത്രനെ ആലിംഗനം ചെയ്യുന്ന പിതാവിന്റെ കരങ്ങൾ, വിശുദ്ധ കുമ്പസാരത്തിൽ നമ്മെ വീണ്ടും ആലിംഗനം ചെയ്യുന്ന ക്രിസ്തുവാണ്. ധൂർത്തപുത്രനെ അണിയിക്കുന്ന മേൽത്തരം വസ്ത്രം ആദമിലൂടെ നമുക്ക് നഷ്‌ടപ്പെട്ട നിത്യജീവൻ വി.കുമ്പസാരത്തിലൂടെ നമുക്ക് തിരികെ ലഭിക്കുന്നതിന്റെ അടയാളമാണ്. ധൂർത്തപുത്രനെ അണിയിക്കുന്ന മോതിരം വി.കുമ്പസാരത്തിലൂടെ നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹവാസമാണ്. ധൂർത്ത പുത്രനെ ചെരുപ്പുകൾ അണിയിക്കുന്നത് വി.കുമ്പസാരത്തിലെ പാപമോചനത്തിനുശേഷം സുവിശേഷം വീണ്ടും പ്രഘോഷിക്കുവാൻ നമ്മെ വീണ്ടും തുല്യരാക്കുന്നതിന് സമമാണ്. ധൂർത്തപുത്രന്റെ ഉപമ തപസ്സുകാലത്തിൽ വി.കുമ്പസാരത്തിനുള്ള പ്രത്യക്ഷമായ ക്ഷണമാണ്.
സ്നേഹത്തിന് നിബന്ധന വയ്ക്കുന്നവർ:
പശ്ചാത്തപിക്കുന്ന മകനെ സ്വീകരിക്കുവാൻ വീടിന് പുറത്തിറങ്ങിയ പിതാവ്, ഇപ്പോഴിതാ പരാതിക്കാരനായ മൂത്ത പുത്രനെ അനുനയിപ്പിക്കാൻ വീണ്ടും വീടിന് പുറത്തേയ്ക്ക് വരുന്നു. മൂത്ത മകനാകട്ടെ, ധൂർത്തനായിരുന്ന സഹോദരന്റെ തിരിച്ചു വരവിൽ പിതാവ് ഇത്രമാത്രം ആഘോഷിക്കുന്നത് കണ്ട് കോപിക്കുന്നു. സ്വന്തം സഹോദരനെക്കുറിച്ച് പിതാവിനോട് സംസാരിക്കുമ്പോൾ “നിന്റെ ഈ മകൻ” എന്ന അപരിചിത്വത്തിന്റെ വാക്കുകൾ ഉപയോഗിക്കുന്നു. കൂടാതെ, “അവൻ വേശ്യകളോട് കൂട്ട് ചേർന്ന് സ്വത്തെല്ലാം ധൂർത്തടിച്ചു” എന്ന ആരോപണവും ഉന്നയിക്കുന്നു. ഉപമയുടെ ആദ്യഭാഗത്ത്, ധൂർത്തപുത്രൻ “ധൂർത്തനായി ജീവിച്ച് സ്വത്ത് നശിപ്പിച്ച്” കളഞ്ഞു എന്നല്ലാതെ “വേശ്യകളോടൊപ്പം” എന്ന പ്രയോഗമേ ഇല്ല. ധൂർത്തപുത്രൻ വേശ്യകളോടൊപ്പം ചെലവഴിച്ചതായി പറയുന്നില്ല. അതായത്, പിതാവിനോടൊപ്പം ആയിരുന്ന മൂത്ത മകൻ തന്റെ മനസിലെ തിന്മയുടെ ഒരാഗ്രഹം തന്റെ സഹോദരന്റെ മേൽ ആരോപിക്കുകയാണ്.
ഇവിടെയും കാരുണ്യവാനായ പിതാവ് സ്നേഹപൂർവ്വം മറുപടി നൽകുന്നു: “നിന്റെ ഈ മകൻ” എന്ന മൂത്തമകന്റെ വാക്കുകളെ തിരുത്തിക്കൊണ്ട് “നിന്റെ സഹോദരൻ” എന്ന് പറയുന്നു. അതോടൊപ്പം പിതാവിനുള്ളതെല്ലാം മൂത്തമകന് അവകാശപ്പെട്ടതാണെന്നും പറയുന്നു. നമുക്ക് ചിന്തിക്കാം; നാം എപ്പോഴെങ്കിലും ആത്മീയജീവിതത്തിൽ നമ്മുടെ സഹോദരനെപ്രതി അസൂയപ്പെട്ടുകൊണ്ട് ദൈവത്തോട് പരിഭവപ്പെടാറുണ്ടോ? നാം ഒരിക്കലും പരാതിപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവത്തിനുള്ളതെല്ലാം നമുക്കുള്ളതാണ്. ദൈവത്തിന്റെ കരുണയും, സ്നേഹവും എല്ലാ നീതിന്യായ ബോധങ്ങൾക്കും അപ്പുറമുള്ളതാണെന്ന് നാം തിരിച്ചറിഞ്ഞാൽ മാത്രം മതി.
ആമേൻ