Articles

തിരഞ്ഞെടുപ്പു പ്രക്രിയയും വോട്ടർ പട്ടികയെന്ന തമാശയും

ലക്ഷങ്ങളും കോടികളും ചെലവഴിച്ച് ജനാധിപത്യം വെറും പണാധിപത്യമാണെന്ന് തെളിയിക്കുന്ന സീസണാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പു കാലം...

ഫാ.ജോഷി മയ്യാറ്റിൽ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന തള്ളു തള്ളി ആനന്ദതുന്തിലരായിക്കഴിയുന്ന ഇന്ത്യക്കാർക്ക് ഓരോ തെരഞ്ഞെടുപ്പും ഓരോ തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. ഞെക്കുന്നതെല്ലാം താമരയിൽ പതിക്കുന്ന മഹാദ്ഭുതത്തെക്കുറിച്ചുള്ള മാധ്യമവാർത്തകൾ ഏതാനും നാൾ മുമ്പ് നാം കണ്ടു. ബൂത്തു കൈയേറുന്ന സ്പെഷ്യൽ ജനാധിപത്യവും ഇന്ത്യയിൽ തെരഞ്ഞെടുപ്പു ദിനങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ലക്ഷങ്ങളും കോടികളും തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ചെലവഴിച്ച് ജനാധിപത്യം വെറും പണാധിപത്യമാണെന്ന് തെളിയിക്കുന്ന മഹത്തായ സീസണാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പു കാലം. പിന്നെ, സൗജന്യമായി നുരഞ്ഞൊഴുകുന്ന ലഹരിയും
വാഹനങ്ങളിലെത്തുന്ന നോട്ടുകെട്ടുകളും എല്ലാം കൂടി ഇന്ത്യൻ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പു മാമാങ്കം ആകെ മൊത്തം അടിപൊളിയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് വെറും തമാശയല്ല, തനി കൊലമാസാണ്… ചിരിപ്പിച്ചു കൊല്ലുന്ന വോട്ടർ പട്ടിക തന്നെയാണ് സാക്ഷാൽ ചാർളി ചാപ്ലിൻ. ഇപ്രാവശ്യം ചീഫ് ഇലക്ഷൻ കമ്മീഷണർക്കു പോലും വോട്ടു ചെയ്യാനായില്ലത്രേ! കാരണം, വോട്ടർ പട്ടികയിൽ ടിക്കാറാം വീണ എന്ന പേര് ഉണ്ടായിരുന്നില്ല… ലോകസഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള വിവിധ തിരഞ്ഞെടുപ്പുകളിൽ പലതവണ വോട്ടു ചെയ്തവർക്കു പോലും ഇപ്രാവശത്തെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിരുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ചിലർ അതു കണ്ടുപിടിച്ചു നേരത്തേതന്നെ വീണ്ടും പേരു ചേർക്കാൻ ശ്രമങ്ങൾ നടത്തി വിജയിച്ചു. ഒട്ടുമിക്കവർക്കും അതു കഴിഞ്ഞില്ല.

ഇനി മറ്റു ചിലരുടെ കാര്യത്തിലാണെങ്കിലോ, രണ്ടും മൂന്നും ഇടങ്ങളിൽ വോട്ട്! എനിക്ക് അടുത്തു പരിചയമുള്ള ഒരാൾ മൂന്നിടങ്ങളിൽ വോട്ടേഴ്സ് ലിസ്റ്റിൽ തന്റെ പേരുണ്ടെന്ന് ഈയിടെയാണ് അറിഞ്ഞത്! ആലുവയിലുള്ള ഒരച്ചന് വടക്കൻ കേരളത്തിൽ നിന്ന് ഒരു കോൾ: “അച്ചനിവിടെ വോട്ടുണ്ട്. അച്ചൻ വന്ന് നമ്മുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യണം”. അച്ചന്റെ മറുപടി: “ഞാനിവിടെ വോട്ടു ചെയ്തല്ലോ.” പ്രത്യുത്തരം: “അതു കുഴപ്പമില്ല. മഷി മായിച്ചാൽ പോരേ. എന്തായാലും അച്ചൻ വരണം”. ഇതു പോലെ വിളികൾ പലതു വരവായി. ഗത്യന്തരമില്ലാതെ അച്ചൻ ഫോൺ ഓഫാക്കി.

മൂന്നു ദിനങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുകളും ഇത്തരം അബദ്ധങ്ങൾ നിറഞ്ഞ ലിസ്റ്റുകളും കൂടിയാകുമ്പോൾ തദ്ദേശ സ്വയംഭരണം ഏതാണ്ടൊരു സ്വയംവര പരുവത്തിലാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. തെക്കൻ കേരളത്തിൽ നിന്ന് മധ്യകേരളത്തിലേക്കും മധ്യകേരളത്തിൽ നിന്ന് ഉത്തരകേരളത്തിലേക്കും ഈ ദിനങ്ങളിൽ ട്രാഫിക്ക് വല്ലാതെ കൂടിയിരിക്കുന്നത് ആകസ്മികമായിരിക്കും… രണ്ടു ബൂത്തുകളുള്ള ഒരു വാർഡിൽ വോട്ടുള്ള ഒരാൾക്ക് വോട്ടേഴ്സ് ലിസ്റ്റിൽ രണ്ടിടത്തായി പേരുണ്ട്. സത്യസന്ധനായ അദ്ദേഹം ബൂത്തിലെത്തി ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി, കള്ളവോട്ടു നടക്കില്ല എന്ന് ഉറപ്പു വരുത്തി.

ഡിജിറ്റൽ ഇന്ത്യയിലാണ് ഇത്തരം പട്ടികകോപ്രായങ്ങൾ എന്നോർക്കണം! സമാനതയുള്ള പേരുകളും അഡ്രസ്സുകളും തിരിച്ചറിയുക ഈ കമ്പ്യൂട്ടർ യുഗത്തിൽ ക്ലേശകരമാണോ? ഇങ്ങനെയൊക്കെത്തന്നെ വേണം എന്നു മനുഷ്യർ വാശിപിടിച്ചാൽ പാവം കമ്പ്യൂട്ടറിന് എന്തു ചെയ്യാനാകും? പൗരന്മാരുടെ വിവരങ്ങൾ കൈയിലില്ലാത്ത ഭരണസംവിധാനം ആ പേരിന് അർഹമല്ല. പ്രായപൂർത്തിയാകുന്ന വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ സ്വയം കാണപ്പെടണമെന്നും പൗരന്മാരുടെ താമസമാറ്റവും അഡ്രസ്സു മാറ്റവുമനുസരിച്ച് വോട്ടർ പട്ടിക സ്വയം പുതുക്കപ്പെടണമെന്നും മരിച്ചവരുടെ പേരുവിവരം വോട്ടർ പട്ടികയിൽ നിന്നു സ്വയം നീക്കപ്പെടണമെന്നും ഉത്തരവാദിത്വപ്പെട്ടവർ തീരുമാനിച്ചാൽ അത് ആയാസരഹിതമായി നടന്നിരിക്കും. ആ തീരുമാനമാണ് ഉണ്ടാകാത്തത്! അതുകൊണ്ടൊക്കെയാണ് ഇലക്ഷൻ കമ്മീഷണർക്കു പോലും പൗരാവകാശം നഷ്ടമാകുന്നത്.

വാൽക്കഷണം: അറിയാത്ത പുള്ളയ്ക്ക് ചൊറിയുമ്പം അറിയും… കൈപ്പത്തിയും അരിവാളും കൈകോർത്ത് ബൂത്തു കൈയേറുകയും തങ്ങളുടെ പൊതുസ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യില്ല എന്നുറപ്പുള്ള വോട്ടർമാരെ കൈയേറ്റം ചെയ്യുകയും ചെയ്യുന്ന കിഴക്കമ്പലം ഒക്കച്ചങ്ങാതി മഹാമഹം കാണാനുള്ള ഭാഗ്യവും ഈ തെരഞ്ഞെടുപ്പിൽ കൈരളിക്കുണ്ടായി. മുഖ്യധാരാ രാഷട്രീയപ്പാർട്ടികളുടെ ഗുണ്ടായിസം ഇനിയും വിജയിക്കട്ടെ! ജനാധിപത്യം പാർട്ട്യാധിപത്യമാണെന്ന തിരിച്ചറിവില്ലാത്തവർ അത് ചൊറിഞ്ഞ് ചൊറിഞ്ഞ് അറിയട്ടെ!

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker