Vatican

‘താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്’; ഫ്രാൻസിസ് പാപ്പാ

'താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്'; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

ജനീവ: താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണെന്ന് ഫ്രാൻസിസ് പാപ്പാ. ജനീവയിൽ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നിങ്ങൾ ഐക്യത്തിന്‍റെ പാതയിൽ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക് ഇനി ഒരുമിച്ചു നടക്കാമെന്ന് പാപ്പാ. ജനീവയിലുള്ള ആഗോളസഭൈക്യ കൂട്ടായ്മയുടെ കേന്ദ്രത്തിലെ ദേവാലയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിലാണ് പാപ്പായുടെ ആഹ്വാനം.

സഭകൾക്ക് ഒരുമയിൽ ജീവിക്കാനാകണമെങ്കിൽ ദൈവാരൂപിയുടെ സഹായം അനിവാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ജീവിതം ഒരു യാത്രയാണ്. വ്യക്തികൾ അവരവരുടെ വഴിക്കും ലക്ഷ്യങ്ങളിലേയ്ക്കുമാണ് നടക്കുന്നത്. ക്രിസ്തീയ ജീവിതം, ജ്ഞാനസ്നാനത്തിൽ ലഭിച്ച ആരൂപിയുടെ പ്രേരണയാൽ നന്മയുടെ പാതയിൽ പതറാതെ മുന്നേറേണ്ട അനിവാര്യമായ ഒരു യാത്രയാണ്. ഭൗതികതയുടെ പാതയിൽ ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കാൻ ഇടവരരുതെന്നും, ജഡീകമായ യാത്ര ലക്ഷ്യം നഷ്ടപ്പെട്ട ദയനീയമായ പരാജയത്തിന്‍റെ പ്രയാണമാണെന്നുമാണ് പാപ്പാ ഉദ്ബോധിപ്പിച്ചു.

ജീവിതയാത്രയിൽ ഭൂമി നമ്മുടെ പൊതുഭവനമാണെന്ന കാഴ്ചപ്പാട് നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇനിയും ഭൂമിയിൽ കൂട്ടായ്മയിൽ മുന്നോട്ട് പോകുവാൻ സാധിക്കണമെങ്കിൽ മനുഷ്യമനസ്സുകളിലും കുടുംബങ്ങളിലും സഭാകൂട്ടായ്മകളിലും സമൂഹങ്ങളിലും മാനസാന്തരത്തിന്‍റെ അരൂപിയും നവീകരണത്തിനുള്ള സന്നദ്ധതയും അനിവാര്യമാണെന്ന് പാപ്പാ പറഞ്ഞു.

70 വർഷങ്ങൾക്കുമുൻപ് പിറവിയെടുത്ത സഭകളുടെ ആഗോള കൂട്ടായ്മ മാനവകുലത്തിന് വലിയ സംഭാവനയും മാതൃകയുമാണ്. അതുകൊണ്ട്, കേപ്പായുടേതാണ്, അപ്പോളോയുടേതാണെന്ന് പറയും മുൻപേ നാം ക്രിസ്തിവിനുള്ളവരാണെന്ന് ഓർക്കാം. യഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ പറയുംമുൻപേ നാം ക്രിസ്തുവിനുള്ളവരാണെന്ന് ഓർക്കാം. ഇടതുപക്ഷക്കാരനെന്നോ വലതുപക്ഷക്കാരനെന്നോ വകതിരിവു പറയുംമുൻപേ നാം ക്രിസ്തുവിനുള്ളവരാണെന്നത് മറക്കാതിരിക്കാം. കാരണം,  സുവിശേഷത്തെപ്രതി നാം സഹോദരങ്ങളാണെന്ന്, വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ലേഖനങ്ങളെ അടിസ്ഥാനമാക്കി വിവരിക്കുകയും, ഐക്യത്തിനതീതമായി പ്രവർത്തിക്കുന്നത് സുവിശേഷശൈലിയിലെ മൗലികമായൊരു നഷ്ടപ്പെടലാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker