ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ
ദൈവത്തിന് മനുഷ്യരോടുള്ള വിശ്വാസത്തിൽ നിന്നാണ് വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നത്. എല്ലാം അവന്റെ കരങ്ങളിൽ ഏൽപ്പിച്ചിട്ട് നടന്നുനീങ്ങുന്ന ദൈവത്തിന്റെ ചിത്രം ഉല്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ കാണാം. താൻ സൃഷ്ടിച്ചതെല്ലാം മനുഷ്യരെ ഏൽപ്പിക്കുന്ന വിശ്വാസം. എന്നിട്ടവരെ ഇങ്ങനെ അനുഗ്രഹിച്ചു: “സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ”.
ഇനി നമുക്ക് ഉപമയിലേക്ക് വരാം. ഉപമ തുടങ്ങുന്നത് ശ്രദ്ധിക്കുക: “ഒരുവൻ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേൽപ്പിക്കുന്നു”. എവിടെയൊക്കെയോ ഒരു ബന്ധം കാണുന്നില്ലേ? ആദത്തിനെ പോലെയാണ് നമ്മളെല്ലാവരും. എന്തൊക്കെയോ ദൈവം നമ്മളെയും ഏൽപ്പിച്ചിട്ടുണ്ട്. ഒരു തോട്ടം, താലന്ത്, ഹൃദയം, കുടുംബം, അങ്ങനെയങ്ങനെ… കണക്കെടുത്താൽ തീരില്ല അവ.
പരിപോഷിപ്പിക്കാൻ സാധിക്കാത്ത തരത്തിൽ ഒന്നുമില്ലാത്ത ആരുണ്ട് നമ്മുടെയിടയിൽ? ആർദ്രമായ ഹൃദയവും മനസ്സും മാത്രമല്ല ദൈവിക ലാവണ്യത്തിന്റെ പ്രതീകങ്ങൾ. നമ്മുടെ ശരീരവും അതിലെ ഇന്ദ്രിയങ്ങളുമെല്ലാം പ്രകാശം പരത്തുന്ന താലന്തുകളാണ്. അങ്ങനെയാകുമ്പോൾ ഒത്തിരി താലന്തുകളുടെ നടുവിലല്ലേ നമ്മുടെ ജീവിതം? ഇത്തിരി സന്തോഷം, ഇത്തിരി ആർദ്രത, ഇത്തിരി നന്മ നമ്മുടെ ചുറ്റുവട്ടങ്ങളിൽ പ്രസരിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ ദൈവം തന്ന താലന്തുകൾ നമ്മൾ വർദ്ധിപ്പിക്കുന്നുണ്ട് എന്നുതന്നെയാണ് അർത്ഥമാക്കുന്നത്.
ലളിതമായ ദൈവിക ചിന്തകളുടെ ഒരു സമാഹാരമാണ് സുവിശേഷങ്ങൾ. വലിയ പദങ്ങളൊ സങ്കല്പങ്ങളൊ അതിലില്ല. അനുദിന ജീവിതത്തിലെ കാര്യങ്ങളും സംഭവങ്ങളുമെല്ലാം കോർത്തിണക്കി വളർച്ചയുടെയും പരിചരണത്തിന്റെയും പൂവിടലിന്റെയുമൊക്കെ ദൈവിക തലങ്ങളെ അവ നമുക്ക് കാണിച്ചു തരുന്നു. അതിൽ എല്ലാത്തിന്റെയും കേന്ദ്രബിന്ദുവായി നിൽക്കുന്നത് സ്നേഹമാണ്. സ്നേഹത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നിസ്സംഗമോ നിരുന്മേഷമോ അല്ല. ഉദാസീനത സ്നേഹത്തിന്റെ സ്വഭാവമേയല്ല. അത് ക്രിയാത്മകമാണ്. അതിന് വളർച്ചയുടെയും പരിചരണത്തിന്റെയും പൂവിടലിന്റെയും കായ്ക്കലിന്റെയും ഒരു പരിണാമക്രമമുണ്ട്. സ്നേഹമുള്ളിടത്ത് മാത്രമേ ഇങ്ങനെയുള്ള പെരുക്കമുണ്ടാകു. ആ പെരുക്കലുകളൊ ഒരിക്കലും യാന്ത്രികമായിരിക്കുകയുമില്ല. അവയെല്ലാം ജൈവീക സാന്നിധ്യങ്ങളായിരിക്കും. അതുകൊണ്ട് ഓർക്കുക, ദൈവം തന്നിട്ടുള്ളതെന്തെങ്കിലും പെരുപ്പിച്ചെടുക്കണമെങ്കിൽ ആദ്യം ഉള്ളിൽ സ്നേഹം ഉണ്ടാകണം. സ്നേഹമുണ്ടെങ്കിൽ മാത്രമേ അഞ്ചിനെ പത്താക്കാനും രണ്ടിനെ നാലാക്കാനും സാധിക്കു.
എല്ലാവർക്കും ഉണ്ടാകും കണക്കുകൾ കൊടുക്കേണ്ട ഒരു സമയം. നമ്മെ എന്തൊക്കെയോ നന്മകൾ ഏൽപ്പിച്ചു നടന്നുനീങ്ങിയവൻ തിരിച്ചു വരുന്ന ദിനമായിരിക്കുമത്. അഞ്ചു താലന്ത് കിട്ടിയവനെയാണ് ആദ്യം വിളിക്കുന്നത്. നോക്കുക, എത്ര കിട്ടി എന്നതല്ല ഇവിടത്തെ വിഷയം. കിട്ടിയതിനോട് എത്രത്തോളം ആത്മാർത്ഥത കാണിച്ചു എന്നതാണ്. യജമാനൻ തിരിച്ചു വന്നിരിക്കുന്നത് താൻ നൽകിയ താലന്തുകളെ പലിശ സഹിതം തിരിച്ചു വാങ്ങിക്കാനുമല്ല. മറിച്ച് ആദ്യം നൽകിയതിനേക്കാൾ കൂടുതൽ ആ ഭൃത്യന്മാർക്ക് നൽകുന്നതിനാണ്. അഞ്ചു കിട്ടിയവൻ പത്തുമായി വന്നപ്പോൾ അതിനേക്കാൾ വലിയ സമ്മാനങ്ങൾ യജമാനൻ അവനു കൊടുക്കുന്നു. ഇതാണ് ക്രിസ്തു വിഭാവനം ചെയ്യുന്ന ദൈവത്തിന്റെ മറ്റൊരു മുഖം. തിരിച്ചു നൽകാൻ വരുന്നവന് അധികം നൽകുന്ന ദൈവം. സ്നേഹിക്കാൻ മനസ്സുള്ളവരുടെ ഹൃദയം വിശാലമാക്കുന്ന ഒരു ദൈവം.
കിട്ടിയ താലന്തിനെ നിലം കുഴിച്ച് മറച്ചുവച്ച ഒരുവനെ ഉപമയുടെ അവസാനം ചിത്രീകരിക്കുന്നുണ്ട്. ഭയമായിരുന്നു അവനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്. സ്നേഹത്തിന്റെ ശത്രുവാണ് ഭയം. ഭയം ഉള്ളിടത്ത് സ്നേഹത്തിന് നിൽക്കാൻ സാധിക്കില്ല. സ്നേഹമില്ലായ്മ നമ്മെ നിഷ്ക്രിയമാക്കും, മരവിപ്പിക്കും. ദൈവത്തെക്കുറിച്ചുള്ള വികലമായ സങ്കൽപവും കാഴ്ചപ്പാടുമാണ് അവനെ ഫലം നൽകാത്ത ഒരു കള്ളിമുള്ള് ചെടിയെ പോലെയാക്കുന്നത്. സ്നേഹം ആവശ്യപ്പെടുന്ന റിസ്കെടുക്കാൻ അവൻ സന്നദ്ധനല്ല. കിട്ടിയ നന്മകൾ കുഴിച്ചിട്ടതിനുശേഷം ഒരു കാഴ്ചക്കാരനെ പോലെ മാറി നിൽക്കുകയാണവൻ.
നിരവധി കഴിവുകളുടെയും പുണ്യങ്ങളുടെയും നിധിശേഖരമാണ് നമ്മുടെ ജീവിതം. ഒന്നും പാഴ്ച്ചെലവായി ഉപയോഗിക്കാനുള്ളതല്ല. ആരാണോ അവയെല്ലാം തന്നത് അവന്റെ മുൻപിൽ കണക്കു ബോധിപ്പിക്കേണ്ട ഒരു ദിനം എല്ലാവർക്കും വരും. അവനെ കുറിച്ചുള്ള ഭയമോ, തോൽക്കുമോ എന്ന ചിന്തയോ അവയെ ശരിയായി വിനിയോഗിക്കുന്നതിനു തടസ്സമാകരുത്. എല്ലാത്തിനെയും സ്നേഹത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടു പരിപോഷിപ്പിക്കുകയും പരിചരിക്കലുമാണ് യഥാർത്ഥ ക്രൈസ്തവ ധർമ്മം.