തലശേരി അതിരൂപതയിലെ ഫാ.ടോം ഓലിക്കരോട്ടിന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ്
യോഹന്നാന്റെ സുവിശേഷത്തിലെ ദേവാലയം ശുദ്ധീകരിക്കുന്ന ഭാഗമായിരുന്നു ഗവേഷണവിഷയം...
സ്വന്തം ലേഖകൻ
റോം: തലശേരി അതിരൂപതയിലെ ഫാ.ടോം ഓലിക്കരോട്ടിൽ റോമിലെ അഞ്ചലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. യോഹന്നാന്റെ സുവിശേഷത്തിലെ ദേവാലയം ശുദ്ധീകരിക്കുന്ന ഭാഗമായിരുന്നു ഗവേഷണവിഷയം. ഇനിമുതൽ ഫാ.ടോം ഓലിക്കരോട്ടിൽ വിളിക്കപ്പെടുക റവ.ഡോ.ടോം ഓലിക്കരോട്ടിൽ എന്നായിരിക്കും.
സമാന്തര സുവിശേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി യോഹന്നാന്റെ സുവിശേഷത്തിന്റെ ആദ്യ ഭാഗത്തുതന്നെയാണ് ദേവാലയ ശുദ്ധീകരണ ഭാഗം കാണപ്പെടുന്നത്. ദൈവശാസ്ത്രപരമായ ആന്തരികാർത്ഥത്തോടെ എഴുതപ്പെട്ടിരിക്കുന്ന ഭാഗമെന്ന അനുമാനത്തോടെയാണ് പ്രബന്ധം പുരോഗമിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിലെ ക്രിസ്തു വിജ്ഞാനീയവും, രക്ഷാകര വിജ്ഞാനീയവും മനസിലാക്കാനുള്ള ഒരു താക്കോലായിട്ടാണ് ദേവാലയ ശുദ്ധീകരണ ഭാഗം സുവിശേഷത്തിന്റെ ആദ്യഭാഗത്തുതന്നെ നിലകൊള്ളുന്നതെന്നതാണ് പ്രബന്ധത്തിന്റെ ആദ്യ വാദം.
യോഹന്നാന്റെ ക്രിസ്തു വിജ്ഞാനീയം അനുസരിച്ച് യേശു യഥാർത്ഥ ദേവാലയമാണ്. ‘അവന്റെ ശരീരമാകുന്ന ആലയം’ എന്ന വാക്കുകളിലൂടെ യേശുവാണ് യഥാർത്ഥ ആലയം, മനുഷ്യൻ തകർക്കപ്പെടാൻ സാധിക്കാത്ത ആലയം. ഉയർപ്പിക്കപ്പെട്ട യേശുവിന്റെ ശരീരത്തിൽ ദേവാലയത്തിന്റെ എല്ലാ അർത്ഥതലങ്ങളും ഏകീകരിക്കപ്പെടുന്നു, പൂർത്തിയാക്കപ്പെടുന്നു എന്ന് പ്രബന്ധത്തിലൂടെ സമർഥിക്കുന്നു.
യോഹന്നാന്റെ രക്ഷാകര വിജ്ഞാനീയം അനുസരിച്ച് യേശു സാർവ്വത്രിക രക്ഷകനാണ്. എല്ലാവരുടെയും രക്ഷ ദൈവം ആഗ്രഹിക്കുന്നു എന്ന സന്ദേശം ഉൾക്കൊള്ളുന്നു. ജറൂസലേം ദേവാലയത്തിലെ വിജാതീയരുടെ മണ്ഡപമാണ് യേശു ശുദ്ധീകരിച്ചത്. അതിലൂടെ ദൈവം ഒരു മനുഷ്യനെയും അകറ്റി നിറുത്തുന്നില്ല, എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കാനും രക്ഷ വെളിപ്പെടുത്താനും ആഗ്രഹിക്കുന്നു. അങ്ങനെ ദൈവപിതാവിന്റെ സാർവ്വത്രിക രക്ഷയെന്ന സ്വപ്നം യേശു ലോകത്തിന് വെളിപ്പെടുത്തുകയാണ്. ഈ വെളിപ്പെടുത്തലിന്റെ ബഹിരവതരണമാണ് ദേവാലയ ശുചീകരണം എന്നതുമാണ് പ്രബന്ധത്തിലെ രണ്ടാം വാദം.
കോട്ടയം വടവാതൂർ സെമിനാരി, ആലുവ മംഗലപ്പുഴ സെമിനാരി എന്നിവിടങ്ങളിൽ സെമിനാരി പഠനം പൂർത്തിയാക്കിയ ഫാ.ടോം, റോമിലെ ഉർബാനിയാണ് പെന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് നേടി.
2018-ൽ “മെമ്മറീസ് ഓഫ് ദ ബിലവഡ് ഡിസൈപ്പിൾ” എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്, യോഹന്നാന്റെ സുവിശേഷത്തെ കുറിച്ചുള്ള ഒരു വ്യാഖ്യാനമാണിത്.
2007-ൽ “ഇതരമത ദൈവശാസ്ത്രം ഒരാമുഖം” എന്നപേരിൽ റവ.ഡോ.വിൻസെന്റ് കുണ്ടുകുളവുമായി ചേർന്ന് കത്തോലിക്കാ സഭയുടെ ഇതരമതങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും സഭാപഠനങ്ങളും വ്യക്തമാക്കിക്കൊണ്ട് ഒരു പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.
കൂടാതെ, തലശേരി അതിരൂപത പുറത്തിറക്കുന്ന വൈദീകർക്കുള്ള പ്രസംഗസഹായി “അജപാലക”നിൽ ബൈബിൾ വ്യാഖ്യാനവും വിശകലനവും എഴുതുന്നുണ്ട്.
2006 ഡിസംബറിൽ പൗരോഹിത്യം സ്വീകരിച്ച ഫാ.ടോം ഓലിക്കരോട്ട് തലശേരി അതിരൂപതയിലെ കണ്ണൂർ ജില്ലയിലെ അരിവിളഞ്ഞപൂവിൽ, ഓലിക്കരോട്ട് കുരിയാക്കോസ്-മേരി ദമ്പതികളുടെ ആറുമക്കളിൽ ഇളയ മകനാണ്.