” തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു”
" തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു"
തപസ്സുകാലം: നാലാം ഞായർ
ഒന്നാം വായന: 2 ദിനവൃത്താന്തം 36:14-16, 19 – 23
രണ്ടാം വായന: എഫേസോസ് 2:4-10
സുവിശേഷം: വി. യോഹന്നാൻ 3: 14-21
ദിവ്യബലിയ്ക്ക് ആമുഖം
തപസ്സുകാലത്തിന്റെ ആദ്യപകുതി പിന്നിടുന്ന ഈ ഞായറാഴ്ച സഭയുടെ പാരമ്പര്യമനുസരിച്ച് “Laetare” അഥവ “സന്തോഷിക്കുവിൻ”, “ആഹ്ലാദിക്കുവിൻ” എന്നാണറിയപ്പെടുന്നത്. അതിനൊരു കാരണം നാം ഉത്ഥാനത്തോടടുക്കുന്നു എന്നതാണ്.
ഇന്നത്തെ ഒന്നാം വായനയിൽ പ്രവാസത്തിനു ശേഷം ദൈവം ജനത്തോട് വീണ്ടും കാരുണ്യം കാണിക്കുന്നതായി നാം കാണുന്നു. “വിശ്വാസം വഴി കൃപയാലാണ് നാം രക്ഷിക്കപ്പെട്ടതെന്ന് ” വി. പൗലോസപ്പോസ്തലൻ രണ്ടാം വായനയിൽ നമ്മോടു പറയുന്നു. ഈ ഞാറാഴ്ച നാം സന്തോഷിക്കേണ്ട മറ്റൊരു കാരണം യേശുവിലുള്ള നമ്മുടെ വിശ്വാസവും പ്രത്യാശയുമാണ്. ഇതിനെ കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് പറയുന്നു. നിർമ്മലമായ മനസ്സോടെ ഈ തിരുവചനങ്ങൾ ശ്രവിക്കുവാനും ബലിയർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ഈ ലോകത്തിലെ എല്ലാ ക്രിസ്ത്യാനികൾക്കും പ്രിയപ്പെട്ട ഒരു സുവിശേഷ വാക്യം നാം ശ്രവിച്ചു. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു”. യഹൂദ ജനതയെ തന്റെ സ്വന്തം ജനതയായി തിരഞ്ഞെടുത്ത ദൈവം രക്ഷ അവർക്ക് മാത്രമായി നൽകും, ദൈവം അവരെ മാത്രമെ സ്നേഹിക്കുകയുള്ളു എന്നു കരുതിയിരുന്ന നിക്കോദേമോസിനെപ്പോലുള്ളവരുടെ മുൻപിൽ ദൈവം ഈ ലോകത്തെ മുഴുവൻ സ്നേഹിക്കുന്നുവെന്ന് യേശു വെളിപ്പെടുത്തുന്നു. ദൈവസ്നേഹം ഒരു സമൂഹത്തിന്റേയൊ, വംശത്തിന്റേയോ കുത്തകയല്ല! എല്ലാ വംശങ്ങളേയും, ജനതകളേയും, ഭാഷക്കാരേയും, പാപികളേയും, വിശ്വാസികളേയും, അവിശ്വാസികളേയും ദൈവം സ്നേഹിക്കുന്നു. ഇവരെയെല്ലാവരേയും രക്ഷിക്കാനാണ് യേശുവന്നത്.
ആധുനിക ലോകത്ത് പ്രത്യക്ഷമായും പരോക്ഷമായും വാർത്താ മാധ്യമങ്ങളിലൂടെയും വ്യക്തികളോടും, സംസ്കാരങ്ങളോടും ഇടപെടുമ്പോഴും സംവദിക്കുമ്പോഴും, സമ്പർക്കത്തിലേർപ്പെടുമ്പോഴും ദൈവസ്നേഹത്തിന്റെ ഈ സാർവ്വത്രികത ഓരോ ക്രൈസ്തവനും മനസ്സിൽ സൂക്ഷിക്കേണ്ടതാണ്.
യേശുവിനെ കാണുവാൻ വരുന്ന നിക്കോദേമോസ് ”ഒരുവൻ എങ്ങനെയാണ് രക്ഷ കൈവരിക്കുന്നത്?” എന്ന ചോദ്യമുന്നയിക്കുന്ന ഓരോ മനുഷ്യന്റേയും പ്രതിനിധിയാണ്. നിക്കൊദേമോസുമായുള്ള സംഭാഷണമദ്ധ്യേ “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയത് പോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിനു മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു.”
രാത്രിയിലാണ് നിക്കോ ദേമോസ് യേശുവിനെ സന്ദർശിക്കുന്നത്. ചില വ്യാഖ്യാനങ്ങളനുസരിച്ച് ഇരുട്ടിലെ അദ്ദേഹത്തിന്റെ വരവ് അയാളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. സംശയവും അന്ധകാരവും നിറഞ്ഞ ആ ലോകത്തിൽ നിന്ന് പ്രകാശത്തിന്റെ ലോകത്തിലേയ്ക്ക്, യേശുവിലേക്ക് അയാളും നമ്മളും ക്ഷണിക്കപ്പെടുകയാണ്. ജീവിതമാകുന്ന മരുഭൂമിയാത്രയിൽ ഭയത്തിന്റെയും, ഉത്കണ്oയുടേയും, നിരാശയുടേയും, ആകലതയുടേയും, ബന്ധങ്ങളിലെ അസ്വസ്ഥതയുടേയും, സ്വരച്ചേർച്ചയില്ലായ്മയുടേയും, ബലഹീനതയുടേയും, അഹങ്കാരത്തിന്റെയും, പാപത്തിന്റെയും ആഗ്നേയ സർപ്പങ്ങൾ നമ്മെ വേട്ടയാടുമ്പോൾ കാൽവരിയിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനിലേയ്ക്ക് നമുക്ക് നോക്കാം. നാം ജീവിക്കും.
ആമേൻ
ഫാ. സന്തോഷ് രാജൻ