ഡോ.മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി
ഡോ.മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി
ഫാ.വില്യം നെല്ലിക്കല്‍
വത്തിക്കാന്‍ സിറ്റി: ഇംഗ്ലണ്ടിലെ വിഞ്ചേസ്റ്റര്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ഡോ.മത്തെയോ ബ്രൂണി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി ജൂലൈ 22-ന് സ്ഥാനമേല്‍ക്കും.
വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി ഫ്രാന്‍സിസ് പാപ്പായാണ് നിയമന ഉത്തരവിറക്കിയത്.
ആശയ വിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ 2009 മുതല്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ് ഡോ.മത്തെയോ. 2009-മുതല്‍ ആശയവിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ ആഗോള മാധ്യമപ്രവര്‍ത്തകരെ പാപ്പായുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള അംഗീകാരപത്രിക നല്‍കുന്നതിന്‍റെ ചുമതലയും, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രായോഗികമായ മറ്റു ആശയവിനിമയ ജോലികളും അദ്ദേഹം ചെയ്തിരുന്നു.
2013-മുതല്‍ പാപ്പായുടെ വിദേശപര്യടനങ്ങളില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകരെ സ്വീകരിക്കുന്ന ഉത്തരവാദിത്വം ഡോ. മത്തെയോ ബ്രൂണിയുടേതായിരുന്നു.
2016-ല്‍ കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തോടെ പാപ്പായുടെയും പരിശുദ്ധസിംഹാസനത്തിന്‍റെയും വൈവിധ്യമാര്‍ന്ന മാധ്യമപരിപാടികളുടെ ഉത്തരവാദിത്വം ബ്രൂണി വഹിച്ചിട്ടുണ്ട്. മാനവവികസന പദ്ധതിയിലും, പ്രായമായവരെ പരിരക്ഷിക്കുന്ന സഭാപദ്ധതികളിലും അദ്ദേഹം പരിചയസമ്പത്ത് നേടിയിട്ടുണ്ട്.
43 വയസ്സുള്ള മത്തെയോ ബ്രൂണി ഇംഗ്ലണ്ടിലെ വിഞ്ചേസ്റ്റര്‍ സ്വദേശിയാണ്. കുടുംബസ്ഥനായ അദ്ദേഹം ജോലി സംബന്ധമായി ഭാര്യയോടും മകളോടുമൊപ്പം റോമിലാണ് താമസം. ഇറ്റാലിയനു പുറമേ, ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ പരിജ്ഞാനവും അദ്ദേഹത്തിനുണ്ട്.