Kerala

ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് ചുമതലയേറ്റു

ആലപ്പുഴ രൂപതയുടെ സിംഹാസന ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഞായറാഴ്ച...

ജോസ് മാർട്ടിൻ

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ സിംഹാസന ദേവാലയമായ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഞായറാഴ്ച നടന്ന ചടങ്ങിൽ ആലപ്പുഴ രൂപതയുടെ അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിക്കുന്ന ഡോ.സ്റ്റീഫൻ അത്തിപൊഴിയിൽ പിതാവ് ഡോ.ജെയിംസ് ആനാപറമ്പിലിന് അധികാരം കൈമാറി. നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ ഡോ.വിൻസന്റ് സാമുവൽ, മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ ബസലിയോസ്‌ മാർ ക്ളീമിസ് കത്തോലിക്കോസ്, മാവേലിക്കര രൂപതാ അധ്യക്ഷൻ ജോഷ്വവ മാർ ഇഗ്‌നേഷ്യസ്, കോട്ടപ്പുറം രൂപതാ അധ്യക്ഷൻ ജോസഫ് കാരിക്കശേരി തുടങ്ങിയവർ അധികാരം കൈമാറ്റ ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.

തുടർന്ന്, ജെയിംസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൊന്തിഫിക്കൽ സമൂഹദിവ്യബലിയിൽ ബിഷപ്പ് വിൻസന്റ് സാമുവൽ, കർദിനാൾ മാർ ക്ളീമിസ്, ബിഷപ്പ് ജോഷ്വവ മാർ ഇഗ്‌നേഷ്യസ്, ബിഷപ്പ് ജോസഫ് കാരിക്കശേരി തുടങ്ങിയവർ സഹകാർമ്മികരായി. കർദിനാൾ ക്ളീമിസ് പിതാവ് വചനസന്ദേശം നൽകി. കത്തോലിക്കാ സഭയുടെ, ആലപ്പുഴ രൂപതയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം ഈ വിശുദ്ധ കുർബാനയോട് ചേർത്ത് എഴുതി തുടങ്ങുകയാണെന്നും, ഈ സമർപ്പണം ദൈവനിശ്ചയ പ്രകാരം സ്വർഗത്തിന്റെ ആനന്ദം നൽകുന്നതും, പരിശുദ്ധാത്‌മാവിലൂടെ തുടർന്ന് വിശുദ്ധീകരിക്കുന്നതുമായ വലിയ ശുശ്രൂഷയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പുതിയ അധ്യായം രചിക്കുന്നതിന് ജെയിംസ് പിതാവിനോട് ചേർന്ന് നിന്ന് ദൈവത്തിന് നമ്മൾ നന്ദി പറയണമെന്നും കർദിനാൾ ഓർമ്മിപ്പിച്ചു.

കർത്താവ് വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനം നമ്മൾ ഓരോരുത്തരും മനസിലാക്കി ആശംസിക്കുകയും, അവിടുത്തെ സ്നേഹത്തിനും സമാധാനത്തിനും നമ്മുടെ ദിവസങ്ങളെ ക്രമീകരിക്കുകയും, അവിടുത്തെ സമൃദ്ധിയിൽ ദൈവം നമ്മെ പരിപാലിക്കുകയും ചെയ്യട്ടെ എന്ന പ്രാർത്ഥനയായിരുന്നു ആലപ്പുഴയുടെ നാലാമത്തെ മെത്രാനായി അധികാരമേറ്റ ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവിന് സഹവൈദീകരോടും ജനങ്ങളോടും പറയാനുണ്ടായിരുന്നത്.

സഹായ മെത്രാനായി അഭിഷിക്തനായതിന്റെ 310 ദിവസം തികയുന്ന നാളിലാണ് സ്റ്റീഫൻ പിതാവിന്റെ പിൻഗാമിയായി ആലപ്പുഴ രൂപതയുടെ ഇടയ സ്ഥാനത്ത് ഡോ.ജെയിംസ് ആനാപറമ്പിൽ പിതാവ് അവരോധിക്കപ്പെടുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker