ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അഭിഷിക്തനായി. അർത്തുങ്കൽ ബസിലിക്കയിൽ ഒഴുകിയെത്തിയ വിശ്വാസീസാഗരത്തെ സാക്ഷി നിർത്തി, മുഖ്യകാർമികൻ ആലപ്പുഴ രൂപതാധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലും സഹകാർമികരായ കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമനും കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലും ചേർന്ന് അഭിഷേക കർമം നിർവഹിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ മെത്രാഭിഷേക ചടങ്ങുകൾക്കു തുടക്കമായി. സ്വാഗതം…സ്വാഗതം…നല്ലിടയനു സ്വാഗതം…നവഇടയനു സ്വാഗതം… എന്നു തുടങ്ങിയ സ്വാഗത ഗാനത്തിന്റെയും ബാൻഡ്മേളത്തിന്റെയും അകമ്പടിയോടെ ബസിലിക്കയ്ക്കുമുന്നിലെ ജംഗ്ഷനിൽനിന്ന് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിനെയും നിയുക്ത മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിലിനെയും ചടങ്ങിനെത്തിയ ബിഷപ്പുമാരെയും സ്വീകരിച്ചാനയിച്ചു. തുടർന്ന് വത്തിക്കാനിൽനിന്നുള്ള പ്രതിനിധി മോൺ. ഹെൻട്രി ജഗോസ് സിൻസ്ക്രി ലത്തീൻ ഭാഷയിലുള്ള ഡിക്രി വായിച്ചു.
ചാൻസലർ റവ.ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ മലയാള പരിഭാഷയും വായിച്ചു. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം സുവിശേഷ പ്രഘോഷണവും നടത്തി.
സകല വിശുദ്ധരുടെയും പ്രാർഥനാമാല വിശ്വാസീസമൂഹം ചൊല്ലിയപ്പോൾ നിയുക്ത മെത്രാൻ അൾത്താരയ്ക്കു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി പ്രാർഥനയിൽ മുഴുകി.
പ്രാർഥനയ്ക്കൊടുവിൽ മുഖ്യകാർമികനും മറ്റു മെത്രാന്മാരും നിയുക്ത മെത്രാന്റെ ശിരസിൽ കൈകൾ വച്ചു. ശിരസിനു മീതേ തുറന്ന സുവിശേഷ ഗ്രന്ഥംവച്ച് പ്രതിഷ്ഠാപന പ്രാർഥനയും നടത്തി. തുടർന്നായിരുന്നു തൈലാഭിഷേകവും ശിരോലേപനവും. സുവിശേഷഗ്രന്ഥവും ഭരമേൽപ്പിച്ചു. തുടർന്ന് അഭിഷിക്ത മെത്രാന്റെ വലതുകൈയിൽ മോതിരമണിയിച്ച ശേഷം ശിരസിൽ അംശമുടി ചാർത്തി. ജനപരിപാലനാധികാര ചിഹ്നമായ അധികാരദണ്ഡു നല്കിയതോടെ മെത്രാഭിഷേക കർമത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയായി.
തുടർന്ന് നവാഭിഷിക്തൻ പ്രധാന കാർമികനിൽനിന്നും സന്നിഹിതരായ മറ്റു മെത്രാൻമാരിൽനിന്നും സമാധാന ചുംബനം സ്വീകരിച്ചു. തുടർന്ന് ദിവ്യബലി അർപ്പിച്ചു. ചടങ്ങുകൾക്കൊടുവിൽ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ദൈവജനത്തെ അഭിസംബോധന ചെയ്തു.
Related