ഡിസംബർ 8: ശിക്ഷയും രക്ഷയും
എട്ടാം ദിവസം
“നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും” (ഉല്‍പത്തി 3:15).
ഒരു രാജ്യവും അവിടുത്തെ ജനജീവിതവും, സുസ്ഥിരവും സുരക്ഷിതവുമാകണമെങ്കിൽ ആ രാജ്യത്ത് നിയമങ്ങളും നീതി നിർവഹണ കോടതികളും ഉണ്ടായിരിക്കണം. “കുറ്റം ചെയ്യപ്പെടുന്നവർ ശിക്ഷിക്കപ്പെടണം”, എന്നുള്ളത് ലോക നീതിയാണ്. പക്ഷേ, ലോകം മുഴുവന്റെയും തെറ്റുകൾ സ്വയം ഏറ്റെടുത്തുകൊണ്ട് മനുഷ്യ വിധിക്ക് വിട്ടുകൊടുത്തവനാണ് ദൈവം. ബെത്ലഹേമിൽ ഏറ്റെടുക്കുന്ന ഉത്തരവാദിത്തം, പീലാത്തോസിന്റെ അരമനയിൽ “ആന്റി ക്ലൈമാക്സി”ലേക്ക് എത്തുന്നു.
“ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നീതിന്യായകോടതി” ഉറപ്പുവരുത്തുവാൻ ബാധ്യസ്ഥമാണ്. ആബേലച്ചന്റെ കുരിശിന്റെ വഴിയിൽ “അവൻ കുറ്റക്കാരനല്ലായിരുന്നിട്ടും കുറ്റക്കാരനായി വിധിക്കപ്പെട്ടു” എന്നത് ലോകത്ത് ഇന്നും നടക്കുന്ന അനീതികളിൽ ഒന്നുമാത്രമാണ്. രാജ്യത്തിന്റെ നീതിപീഠത്തിന് അവരുടെ ജനങ്ങളുടെ സംരക്ഷണത്തിലും ക്ഷേമത്തിലും ഇത്ര വലിയ ഉത്തരവാദിത്തമുണ്ടെങ്കിൽ സ്വർഗ്ഗീയ പിതാവ് തന്റെ സൃഷ്ടിയെ രക്ഷിക്കുന്നതിൽ പിറകോട്ടു പോകുമോ? ഇവിടെയാണ് കർത്താവിന്റെ വചനങ്ങൾ പ്രസക്തമാകുന്നത്: “മക്കള്‍ക്കു നല്ല വസ്‌തുക്കള്‍ കൊടുക്കണമെന്നു ദുഷ്‌ടരായ നിങ്ങള്‍ക്ക റിയാമെങ്കിൽ, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്‍മകള്‍ നല്‍കും” (മത്തായി 7:11). മാത്രമല്ല “ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്” (യോഹന്നാന്‍ 3:17).
ക്രിസ്മസും ഒരു വിധി ന്യായമാണ്. മനുഷ്യ പാവങ്ങൾക്ക് ദൈവം തീർപ്പാക്കുന്ന വിധി വാചകമാണ് ക്രിസ്മസ്. ക്രിസ്മസ് സന്തോഷത്തിന്റെയും, ആഹ്ലാദത്തിന്റെയും, ജീവന്റെയും പ്രതീക്ഷകളുടെയും ഉത്സവമാണ്. എന്നാൽ, ദൈവം ഏറ്റെടുക്കുവാൻ പോകുന്ന ശിക്ഷാവിധിയുടെ ആരംഭം കൂടിയാണത്.
മനുഷ്യർ തന്നെ വിധികൽപ്പിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പ്രണയം നിരസിക്കുന്നതിന്റെ പേരിൽ ആസിഡ് ആക്രമണങ്ങളും കൊലപാതകങ്ങളും നമ്മുടെ കേരളത്തിൽ പോലും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. അഹങ്കാരത്തിന്റെയും ആർഭാടത്തിന്റെയും ദൂഷ്യവശങ്ങളാണ് ഇന്നത്തെ യുവജനത നേരിടുന്ന മാനസിക വൈകല്യങ്ങൾ. ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവർ പോലും സോഷ്യൽ മീഡിയയിൽ വാഴ്ത്തപ്പെടുന്നു, കുറ്റവാളികളായാലും താരരാജാക്കന്മാരായി വർത്തമാനപത്രങ്ങളാൽ അവരോധിക്കപ്പെടുന്നു.
“ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ് (യോഹന്നാന്‍ 3:17). ക്രിസ്തു, മനുഷ്യ വർഗ്ഗത്തിലെ രക്ഷകനാകുന്നു. ഈ ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റെടുത്ത ദൈവത്തിന്റെ കുഞ്ഞാടാകുന്നു. യേശുവിന്റെ ജനനം പ്രത്യാശയുടെയും സമാധാനത്തിന്റെയും ജനനമാണ്. അതിനാലാണ് വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഇപ്രകാരം പറഞ്ഞത്: “ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല” (അപ്പോ. 4:12) അതിനാൽ, കർത്താവായ യേശുക്രിസ്തുവിൽ എല്ലാവരും വിശ്വാസം അർപ്പിക്കേണ്ടവരാണ്.
പാപിനിയായ സമരിയാക്കാരി സ്ത്രീയെ രക്ഷയുടെ സന്തോഷത്തിലേക്ക് യേശു നയിക്കുമ്പോൾ, പാപത്തിനു ശിക്ഷ അനുഭവിക്കുന്ന ഒരുപാടു പേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉയർന്നു. അതെ, പാപിയെ തേടി രക്ഷിക്കാൻ പാഞ്ഞുനടക്കുന്ന ദൈവമാണ് നമ്മുടേത്: “അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (ലൂക്കാ 15:20).
ദൈവം ചെറിയവനാവുകയാണ് ക്രിസ്മസിലൂടെ. മനുഷ്യ പാപങ്ങൾ ഏറ്റെടുത്തു കൊണ്ട് അവൻ മനുഷ്യന്റെ മുൻപിൽ പോലും ശൂന്യനാക്കപ്പെടുന്നു; അവഹേളിക്കപ്പെടുന്നു; നിന്ദിക്കപ്പെടുന്നു. “പിതാക്കന്മാർ മുന്തിരി ഭക്ഷിച്ചു; മക്കൾക്കു പുളിച്ചു” എന്ന പഴയനിയമത്തിലെ ഓർമ്മപ്പെടുത്തൽ ഉണ്ണിയേശു സ്നേഹമായി തിരുത്തിയെഴുതുന്നു – സ്വയം ചെറുതായും, പാവപ്പെട്ടവന്റെ രൂപം സ്വീകരിച്ചും, എല്ലാത്തിനുമുപരിയായി ശിക്ഷക്കും സാർവത്രിക രക്ഷയുടെ സുഗന്ധം ഒഴുക്കിക്കൊണ്ട്…!