ഇന്ന് നമുക്ക് ഉണ്ണിയേശുവിന്റെ രാജത്വത്തെ കുറിച്ച് വിചിന്തനം ചെയ്യാം
പുരാതന കാലങ്ങളിൽ രാജാധികാരമായിരുന്നു ഏറ്റവും ഉന്നതാധികാരം. പൗരസ്ത്യ സംസ്കാരങ്ങളിലും രാജാവായിരുന്നു സർവ്വാധികാരി! നിയമങ്ങൾ ഉണ്ടാക്കുന്നതും, വിധിക്കുന്നതും, നടപ്പിലാക്കുന്നതും, ഭരിക്കുന്നതും എല്ലാം രാജാവ് തന്നെയായിരുന്നു. ക്രൈസ്തവസഭയുടെ ചരിത്രം പരിശോധിച്ചാൽ, രാജാക്കന്മാരുടെ മഹനീയമായ പങ്ക് വെളിപ്പെടുമെങ്കിലും, അവരെല്ലാം ചരിത്രത്താളുകളിൽ അവശേഷിക്കുന്നു. ക്രിസ്തു ജനിച്ചത് മാനവിക സങ്കല്പങ്ങൾക്കപ്പുറമുള്ള ഒരു രാജാവായിട്ടാണ്. പുൽക്കൂട്ടിലെ രാജത്വം അനശ്വരമായിരുന്നു.
ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം നിഴലിച്ചു കാണുന്ന പദങ്ങളാണ് ‘രാജാവും, രാജത്വവും’. വിശുദ്ധ ഗ്രന്ഥത്തിൽ രക്ഷകന്റെ ജനനവുമായി ബന്ധപ്പെട്ടു കേൾക്കുന്ന ആദ്യത്തെ രാജാധികാരിയായിരുന്നു റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസർ. രക്ഷകൻ ചെറിയ ഗ്രാമമായ ബെത്‌ലഹേമിൽ ജനിക്കുമെന്ന് മിക്കാ പ്രവാചകന്റെ (മിക്ക 5:2) പ്രവചനം നിറവേറ്റാൻ ദൈവം തിരഞ്ഞെടുത്തത് അഗസ്റ്റസ് സീസറിനെയായിരുന്നെന്ന് ലൂക്കായുടെ സുവിശേഷം വളരെ വ്യക്തമായി അവതരിപ്പിക്കുന്നു. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന, റോമൻ സാമ്രാജ്യത്തിലെ മുഴുവൻ ജനങ്ങളുടെയും സെൻസസ് എടുക്കണമെന്ന അദ്ദേഹത്തിന്റെ ആജ്ഞയിൽ ദാവീദിന്റെ വംശജനായ ഔസേപ്പിന് ഗർഭിണിയായ മറിയത്തെയും കൊണ്ട് ബെത്‌ലഹേമിലേക്കു പോകേണ്ടിവന്നു.
“ഈജിപ്തിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചു”, എന്ന പ്രവാചകന്റെ പ്രവചനം പൂർത്തിയാക്കുവാൻ ദൈവം നിയോഗിച്ചത് ഹേറോദേസ് എന്ന കഠിനഹൃദയനായ രാജാവിനെയാണ്. ലോകരക്ഷകനു വേണ്ടി ആദ്യത്തെ രക്തസാക്ഷികളായ കുഞ്ഞുപൈതങ്ങളുടെ കൂട്ട രക്തച്ചൊരിച്ചിലിന് കാരണക്കാരനായതും അതിക്രൂരനായ ഹെറോദോസായിരുന്നു. നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയോർത്തു മാതാപിതാക്കൾ നിലവിളിക്കുമെന്ന ജെറമിയ പ്രവാചകന്റെ പ്രവചനവും അവിടെ പൂർത്തിയാക്കപ്പെട്ടു. വരുവാനിരിക്കുന്നവൻ നസ്രായനെന്നു വിളിക്കപ്പെടുമെന്നുള്ള പ്രവചനം അർക്കലാവോസ് രാജാവിലൂടെ നിവൃത്തിയായി. ഈ രാജാക്കന്മാരെല്ലാം തന്നെ പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നുവെങ്കിലും സ്വാർത്ഥമോഹങ്ങൾക്കായി നിയമങ്ങൾ നടപ്പിലാക്കികൊണ്ട് അധികാരം നിലനിർത്താൻ വേണ്ടി പ്രവർത്തിച്ചവരാണ്. സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി അധികാരം വിനിയോഗിക്കുന്നവരുടെ ഒരു നേർക്കാഴ്ചയാണ് ഈ രാജാക്കന്മാർ. എന്നാൽ ഇവരുടെ അധികാരം ശാശ്വതമായിരുന്നില്ല. പലരും ദയനീയമായ അന്ത്യങ്ങളിലും, ചരിത്രത്താളുകളിലായും വിടവാങ്ങി.
ക്രിസ്തുവിന്റെ രാജത്വം തികച്ചും വിഭിന്നമാണ്. ഗബ്രിയേൽ ദൂതൻ മറിയത്തെ മംഗലവാർത്ത അറിയിച്ചപ്പോൾ തന്നെ അവനെ രാജാവായി പ്രഖ്യാപിച്ചിട്ടു പറഞ്ഞു: “അവൻ എന്നേക്കും ഭരണം നടത്തുകയും, അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകില്ലെന്നും” വെളിപ്പെടുത്തി (ലൂക്കാ 1:33). “യഹൂദരുടെ രാജാവായി ജനിച്ചവൻ എവിടെ?” (മത്തായി 2:2) എന്നന്വേഷിച്ചു കൊണ്ടാണ് കാലിത്തൊഴുത്തിൽ ജനിച്ച ഉണ്ണിയേശുവിനെ കാണാനായി ജ്ഞാനികളെത്തിയത്. അപ്പോഴാണ് “എന്റെ ജനമായ ഇസ്രയേലിനെ നയിക്കാൻ ഉള്ളവൻ” (മത്തായി 2:6) എന്നു പ്രവാചകന്മാർ പറഞ്ഞ ശിശുവിനെയാണ് ഇവരന്വേഷിക്കുന്നതെന്ന് ഹേറോദേസ് രാജാവിന് മനസ്സിലായത്. കാലിത്തൊഴുത്തിൽ ദർശിച്ച രാജാവിനെ, രാജാവിന്റെയും രാജപ്രൗഢിയുടെയും അടയാളമായ സ്വർണ്ണം കാഴ്ചയർപ്പിച്ച ജ്ഞാനികൾ കുമ്പിട്ടാരാധിച്ചു മടങ്ങി പോയപ്പോൾ കാലികൾക്കു നടുവിൽ ഭൂജാതനായ രാജാവിനെ കണ്ടെത്താനും പുൽക്കൂട്ടിലെ രാജത്വം തിരിച്ചറിയാനും കഴിഞ്ഞതിൽ സന്തോഷിച്ചിരിക്കണം.
യേശുവിന്റെ പരസ്യജീവിതത്തിലും യഹൂദജനത യേശുവിനെ രാജാവായി കണ്ടിരുന്നുവെന്ന് യോഹന്നാന്റെ സുവിശേഷം 6:15 വ്യക്തമാക്കുന്നു. റോമാ സാമ്രാജ്യത്തിന്റെ സ്വാശ്ചാധിപത്യത്തിൽ നിന്നും മോചിപ്പിക്കുവാൻ ഒരു രാജാവിനെ കാത്തിരിക്കുകയായിരുന്ന ഇസ്രായേൽ ജനത യേശുവിന്റെ അത്ഭുതങ്ങൾ കണ്ടപ്പോൾ ഇവൻ തന്നെ രാജാവെന്നു കരുതി. എന്നാൽ, ജനങ്ങൾ തന്നെ രാജാവാക്കാൻ ശ്രമിക്കുന്നുവെന്ന് കണ്ടപ്പോൾ യേശു അവിടെനിന്നും ഒഴിഞ്ഞുമാറി. വീണ്ടും ജറുസലേമിലേക്ക് വന്ന യേശുവിനെ ജനക്കൂട്ടം രാജകീയ സ്വീകരണം നൽകി എതിരേൽക്കുകയും “ഇസ്രായേലിന്റെ രാജാവായവൻ വാഴ്ത്തപ്പെട്ടവൻ” എന്ന് വിളിച്ചു പറയുകയും ചെയ്തു (1യോഹ 12:13). മുൻപരിചയമില്ലാത്ത തന്നെ കുറിച്ച് യേശു പറയുന്നതു കേട്ടപ്പോൾ, നിയമപണ്ഡിതനായ നഥാനിയേൽ പോലും വിളിച്ചു പറഞ്ഞു: “അങ്ങ് ഇസ്രായേലിന്റെ രാജാവാണ്” (യോഹ1:49).
യേശുവിന്റെ രാജത്വം ശത്രുക്കൾ പോലും തിരിച്ചറിഞ്ഞിരിക്കണം. അതിനാലായിരിക്കും “നസ്രായനായ യേശു യഹൂദരുടെ രാജാവ്” എന്ന ശീർഷകം യേശുവിന്റെ കുരിശിനു മുകളിൽ സ്ഥാപിച്ചത് (യോഹന്നാൻ 19:19). എല്ലാവരും യേശുവിനെ ഭൗമിക രാജാക്കന്മാരുമായി താരതമ്യം ചെയ്തു. എന്നാൽ, യേശു തന്റെ രാജ്യത്വത്തെ പറ്റി ഇങ്ങനെ വിശദമാക്കുന്നു: “എന്റെ രാജ്യം ഐഹികമല്ല. അങ്ങനെയായിരുന്നുവെങ്കിൽ എന്റെ സേവകർ എനിക്കുവേണ്ടി പോരാടുമായിരുന്നു” (യോഹന്നാൻ 18:36 ).
തന്റെ ജനത്തെ പാപാടിമത്വത്തിൽ നിന്നും മോചിപ്പിച്ച് ദൈവരാജ്യത്തിന്റെ കീഴിൽ കൊണ്ടുവരികയായിരുന്നു യേശുവിന്റെ ലക്ഷ്യം. അവന്റെ രാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നമ്മൾ കാലിത്തൊഴുത്തിൽ ജനിക്കണം. ദൈവഹിതം നിറവേറ്റാനായി എളിമയുടെ വഴിയേ നടക്കണം. ത്യാഗ പൂർണവും ക്ഷമിക്കുന്നതുമായ സ്നേഹത്തോടെ ജീവിക്കണം. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെയും, ദരിദ്രരോട് കരുണ കാണിച്ചും മാത്രമേ ദൈവരാജ്യത്തിന്റെ പ്രജകളാകാൻ നമ്മൾക്ക് കഴിയൂ. മനുഷ്യപുത്രൻ ദൂതന്മാരുടെ കൂടെ എഴുന്നള്ളി സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ അവന്റെ അരികിലായിരിക്കാനായി നമുക്കും പരിശ്രമിക്കാം. അതിനായി ഈ ആഗമനത്തിൽ പുൽക്കൂട്ടിന്റെ രാജത്വം സ്വീകരിക്കാനായി നമ്മുടെ ഹൃദയമൊരുക്കാം.
സങ്കീർത്തനം 47:6-7 നമുക്ക് മനഃപ്പാഠമാക്കാം: ദൈവത്തെ പാടിപ്പുകഴ്ത്തുവിൻ; സ്തോത്രങ്ങളാലപിക്കുവിൻ; നമ്മുടെ രാജാവിനു സ്തുതികളുതിർക്കുവിൻ; കീർത്തനങ്ങളാലപിക്കുവിൻ. ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീർത്തനം കൊണ്ട് അവിടുത്തെ സ്തുതിക്കുവിൻ.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.