ഡിസംബർ – 25 ക്രിസ്തുമസ്
ക്രിസ്തുമസ്: മനുഷ്യൻ ദൈവീകത ആശ്ലേഷിക്കുന്ന രാത്രി
ആഗമനകാലത്തെ തീവ്രമായ പ്രാർത്ഥനകൾക്കും ധ്യാനത്തിനും ശേഷം, നമ്മൾ കാത്തിരുന്ന ആഹ്ലാദത്തിന്റെ ദിനമെത്തിയിരിക്കുന്നു: ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചു. മനുഷ്യ പാപങ്ങൾക്കു പരിഹാരമായി അവൻ നമ്മളിൽ ഒരുവനായി ഈ ലോകത്തിൽ നമ്മോടൊപ്പം വന്നു വസിക്കുന്നു. മനുഷ്യ ജന്മത്തിന് ദൈവീകത കൈവന്ന പുണ്യദിനമാണിത്!
പൗലോസ് അപ്പോസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ ക്രിസ്തുവിന്റെ മനുഷ്യാവതാര ത്തെക്കുറിച്ചുള്ള മാഹാത്മ്യത്തെക്കുറിച്ച് നാം കേൾക്കുന്നുണ്ട് (2:6). തന്നെത്തന്നെ ശൂന്യനാക്കി കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ചു, ദൈവപുത്രൻ മനുഷ്യരുടെ സാദൃശ്യത്തിലായിത്തീർന്നു. ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു. അതെ, മനുഷ്യ ജീവിതത്തിന്റെ മഹത്വം വെളിവാകുന്ന ദിവസമാണ് ക്രിസ്തുമസ്.
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവം മനുഷ്യനായി അവതരിച്ചത്, മനുഷ്യജീവിതത്തിന് അനിർവചനീയമായ മൂല്യം നൽകികൊണ്ടാണ്. ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും ഈ ലോകത്തോട് ദൈവത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നവരാണ്. ഉണ്ണിയേശു ഈ ലോകത്തിൽ വന്നു പിറന്നപ്പോഴും മഹത്തായ സന്ദേശമാണ് ലോകത്തിന് നൽകിയത്. ആകാശവിതാനങ്ങളിൽ, “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം” എന്നതിൽ മനുഷ്യനുള്ള ദൈവത്തിൻറെ സമ്മാനം ഉറക്കെ വിളിച്ചു പറയുന്നുണ്ട്. ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ ലക്ഷ്യം അവിടെ പ്രഖ്യാപിക്കുകയായിരുന്നു.
അസമാധാനത്തിലും, അശാന്തിയിലും, അരാജകത്വത്തിലും ജീവിച്ച് പരസ്പരം ഭിന്നിച്ചു തമ്മിൽതല്ലിജീവിച്ച മാനവരാശിക്ക് സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ആനന്ദത്തിന്റെയും രക്ഷയുടെയുമായ സുവിശേഷമാണ് ക്രിസ്തു പിറവി നമ്മോട് വിളംബരം ചെയ്യുന്നത്. ദൈവം മനുഷ്യനായി! അതാണ് മനുഷ്യ ജീവൻറെ മൂല്യം അളക്കുന്നത്. ജീവൻ ദൈവത്തിൻറെ ദാനമാണെന്നും അതെന്നും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയുംചെയ്യേണ്ടതാണെന്നും സമാധാനസന്ദേശത്തിലൂടെ ദൈവം നമ്മെ പഠിപ്പിക്കുന്നു.
എന്താണ് ക്രിസ്തുമസിന്റെ അന്ത:സത്ത? ഓരോ വിശ്വാസപ്രമാണ ഏറ്റുപറച്ചിലും നാം പ്രഖ്യാപിക്കുന്നതാണ്: ദൈവം മനുഷ്യനായവതരിച്ചു കന്യകാമറിയത്തിൽ നിന്നും പിറന്നു എന്നുള്ളത്. ക്രിസ്തുവിന്റെ ജനനം മറ്റുള്ളവരിൽ നിന്നും വളരെയധികം വ്യത്യസ്തമായിരുന്നു. ഒരു കന്യകയിൽ ജനിച്ചു. പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി പരിശുദ്ധ അമ്മയിൽ ഭൂജാതനായി കൊണ്ട് ഈ ലോകത്തിലെ ഏറ്റവും ദുർബലനായ ഒരു കുഞ്ഞിന്റെ രൂപത്തിൽ ലോകത്തിനു നന്മയുടെ സന്ദേശമായിട്ട് അവിടുന്ന് പിറന്നു.
ക്രിസ്തുവിന്റെ ജനനത്തോടൊപ്പം നമ്മുടെ ഹൃദയത്തിലുയർന്നുവന്ന ഏറ്റവും വലിയ ചിന്തയാണ് ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധം. ഉൽപത്തിയിൽ തന്റെ ഛായയിലും, സാദൃശ്യത്തിലും ദൈവം നമ്മെ സൃഷ്ടിക്കുന്നത് മുതൽ തുടങ്ങുന്നതാണ് ആ ബന്ധം. പാപം ചെയ്തു മനുഷ്യൻ ദൈവത്തിൽ നിന്നകന്നു പോയപ്പോഴും ദൈവമെപ്പോഴും മനുഷ്യനെ മാറോടണക്കാനായിട്ട് ശ്രമിച്ചിരുന്നു. ഹോസിയ പ്രവാചകൻ പറയുന്നതുപോലെ ദൈവം ഒരു കയറുമായിട്ടു നമ്മെ കെട്ടിപ്പിടിച്ചു വാരി പുണരുവാനായിട്ട് നമ്മുടെ പുറകെ അവിടുന്ന് ഓടിയടുക്കുകയാണ് (11:4).
അവിശ്വസ്തയായ ഇസ്രയേൽ ജനത്തിന് സദ്വാർത്തയുമായിട്ടും, രക്ഷയായിട്ടും ദൈവം അവരുടെ ഇടയിൽ വസിച്ചു. ഈജിപ്തിലെ അടിമത്തത്തിൽ നിന്നും ഇസ്രായേൽജനം പാലായനം ചെയ്തു മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴും ദീപസ്തംഭത്തിലും, മേഘസ്തംഭത്തിലും അവരുടെ കൂടെ സന്നിഹിതനായിരുന്ന ആ ദൈവത്തിന്റെ വലിയ പൂർത്തീകരണമാണ് ക്രിസ്തുമസിൽ സംഭവിക്കുന്നത്. ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളുടെയും പൂർത്തീകരണമാണ് ക്രിസ്തുമസ്.
ഉല്പത്തി പുസ്തകത്തിൽ അബ്രഹാമിനോട് ചെയ്ത, “നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽ തരിപോലെയും ഞാൻ വർദ്ധിപ്പിക്കും” എന്ന വാഗ്ദാനത്തിന്റെ പൂർത്തീകരണമിവിടെ സംഭവിക്കുകയാണ്. തൻറെ സഹോദരനെ വധിച്ച കായേലിനോടു, ക്ഷമാശീലനും കാരുണ്യവാനുമായ ദൈവം പറയുന്നു: എല്ലാ ശത്രുക്കളിൽ നിന്നും അവനെ സംരക്ഷിക്കുമെന്ന്. നോഹയോട് മഴവില്ലിന്റെ രൂപത്തിൽ, “ഇനിമേൽ ഞാനീ ലോകത്തെ നശിപ്പിക്കുകയില്ലയെന്നും” ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട്. ദാവീദിനോട് കർത്താവ് പറയുന്നത്: “നീ എനിക്ക് വേണ്ടിയല്ല; നേരെ മറിച്ചു, നിനക്കുവേണ്ടി ഒരാലയം ഞാൻ പണിയും. നിന്റെ രാജവംശത്തിൽ നിന്നും ഒരു സന്തതിയെ ഞാൻ ജനിപ്പിക്കും. അവൻ എന്നെന്നേക്കുമായി ഭരണം നടത്തും”. ഗബ്രിയേൽ മാലാഖ കന്യകാമറിയത്തിന് പ്രത്യക്ഷപ്പെട്ടപ്പോഴും, ” നിന്നിൽ നിന്നും ഒരു പുത്രൻ ജനിക്കും; അവൻ അത്യുന്നതന്റെ പുത്രനെന്നു വിളിക്കപ്പെടും. യാക്കോബിന്റെ ഭവനത്തിൽ അവൻ എന്നെന്നേക്കുമായി ഭരണം നടത്തും”, ഈ വാഗ്ദാനം ആവർത്തിക്കപ്പെടുന്നുണ്ട്. ദൈവവാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെ നാളാണ് ക്രിസ്തുമസ് രാവ്. എല്ലാ പ്രവചനങ്ങളുടെയും പൂർത്തീകരണമാണിന്ന്. കാരണം ദൈവം മനുഷ്യനെ അത്രത്തോളം വിലമതിക്കുന്നു; അവനെ സ്വന്തമായി അവിടുന്ന് പുൽകുന്നു. അതാണ് വിശുദ്ധ യോഹന്നാൻ “വചന”മായിട്ട വതരിപ്പിക്കുന്നത്.
ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന മഹത്തായ ശാന്തിയുടെയും സമാധാനത്തിന്റെയും പൂർത്തീകരണത്തിന്റെയും സന്ദേശം നമ്മുടെ ഹൃദയത്തിൽ നമുക്കുള്‍ക്കൊള്ളാം. ക്രിസ്തു നമ്മളിൽ ജനിക്കുന്നത് നമ്മളുടെ ജീവിതവും, വാക്കുകളും, സംസാരവും തമ്മിലുള്ള അന്തരമില്ലാതാകുമ്പോഴാണ്. ദൈവം തന്റെ വാക്കുകൾക്ക് ക്രിസ്തു ജനനത്തിലൂടെ പൂർത്തീകരണം നൽകിയപ്പോൾ നമ്മൾ നമ്മുടെ ജീവിത സാക്ഷ്യത്തിലൂടെ അതിനു സാക്ഷാത്കാരം നൽകാനായി വിളിക്കപ്പെട്ടവരാണ്. ക്രൈസ്തവർ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരായിട്ടു മാറുമ്പോൾ ക്രിസ്തു നമ്മുടെ ഹൃദയങ്ങളിലാണ് ജനിക്കുന്നത്.
അപരന്റെ ജീവിതത്തിന്, ദൈവിക മൂല്യം കൽപ്പിക്കുമ്പോഴാണ് ക്രിസ്തു പിറവി നമ്മിൽ സാക്ഷാത്കരിക്കപ്പെടുന്നത്. മദർ തെരേസ മറ്റുള്ളവർക്ക് ക്രിസ്തുവായി മാറിയതുപോലെ, വിശുദ്ധരെല്ലാവരും ക്രിസ്തുവിന്റെ സൗഖ്യ പെടുത്തുന്ന കരങ്ങളായിട്ടു മാറിയതുപോലെ നമുക്കും ഈ ക്രിസ്മസ് രാവിൽ മറ്റുള്ളവർക്ക് ക്രിസ്തു ചൊരിയുന്ന പ്രകാശമാകാം. ലോകത്തിന്റെ അന്ധകാരത്തിൽ അശാന്തിയിൽ പിടയുമ്പോൾ അവർക്ക് ആശ്വാസമായി മാറുന്ന ദിവ്യൗഷധമായി മാറാനായി നമുക്കും പരിശ്രമിക്കാം. അതിനായി ക്രിസ്തുവിനോടൊപ്പം നമുക്കും അപ്പത്തിന്റെ ഭവനത്തിൽ അവിടുത്തോടൊപ്പം നന്മയുടെ വാഹകരായി മാറാം.
ഫിലിപ്പി. 2:7 നമുക്ക് മനഃപാഠമാക്കാം: “തന്നെത്തന്നെ ശൂന്യനാക്കികൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിതീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group