ഡിസംബർ 24: വഴികാട്ടി
മറ്റുള്ളവർക്ക് വഴികാട്ടിയാകുവാൻ, ക്രിസ്തുവിനെ തേടി നമുക്ക് പ്രയാണം ആരംഭിക്കാം...

ഇരുപത്തിനാലാം ദിവസം
ഈ ലോകത്തിൽ, ഏറ്റവും നിസ്സഹായരായി ജനിക്കുന്നവരാണ് മനുഷ്യർ. ജനിക്കുന്നത് മുതൽ മരിക്കുന്നതുവരെ അവനു മറ്റുള്ളവരുടെ തുണയും സംരക്ഷണവും ആവശ്യമാണെന്ന് നാം “സോഷ്യോളജി” പഠിക്കുമ്പോൾ മനസ്സിലാക്കിയിട്ടുണ്ട്. ബാല്യം മുതലേ മാതാപിതാക്കൾ ഓരോ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടാണ് ഓരോ കുട്ടിയും വളരുന്നത്. സ്വന്തമായിട്ട് നടക്കാൻ പോലും മനുഷ്യനെ പഠിപ്പിക്കണം. പിന്നെ ഓരോ കാര്യങ്ങൾക്കും അവന് തന്റെ മാതാപിതാക്കളുടെയും, കൂടപ്പിറപ്പുകളുടെയും, സുഹൃത്തുക്കളുടെയും, ഗുരുക്കന്മാരുടെയും സഹായങ്ങൾ ജീവിതം മുഴുവനും ആവശ്യമുണ്ട്.
ഇന്നത്തെ സുവിശേഷത്തിൽ സഖറിയ പുരോഹിതന്റെ ദൈവ കീർത്തനങ്ങൾ സൂചിപ്പിക്കുന്നതും ദൈവം എപ്രകാരമാണ് “വഴികാട്ടി”യായി മനുഷ്യനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചാണ്. “വിശ്വാസികളുടെ പിതാവാ”യ അബ്രഹാം മുതലേ, ദൈവം മനുഷ്യന് സ്വന്തം ജനതയെ ജനത്തെ രൂപപ്പെടുത്താനായി, അവിടുത്തെ മഹത്തായ കാരുണ്യം എത്രത്തോളം ആ ജനതകളിൽ വർഷിച്ചിട്ടുണ്ടെന്ന് സഖറിയായുടെ കീർത്തനത്തിൽ നമ്മൾക്ക് വായിച്ചെടുക്കുവാൻ സാധിക്കും. പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോഴാണ് സഖറിയായ്ക്ക് ദൈവകീർത്തനം ആലപിക്കുവാൻ സാധിച്ചത്.
പൗലോസ് അപ്പോസ്തോലന്റെ ഓരോ ലേഖനങ്ങളിലും നമുക്ക് ദൈവത്തിന്റെ ഇപ്രകാരമുള്ള വാഴ്ത്തുകൾ കാണുവാൻ സാധിക്കുന്നുണ്ട്. തന്റെ ജീവിതത്തിൽ, “ക്രിസ്തുവിനെ പീഡിപ്പിച്ചു നടന്നവൻ”, ജീവിതത്തിൽ കർത്താവിന്റെ കാരുണ്യത്തിന്റെ സ്പർശനം അറിഞ്ഞപ്പോൾ, ദൈവകൃപയുടെ ജപമണികൾ ആലപിക്കുന്നവനായിട്ടു മാറുന്നു.
പരിശുദ്ധ സഭയുടെ പാരമ്പര്യ പഠനങ്ങളിൽ ഒന്നാണ്, ഓരോ മനുഷ്യനും വഴികാട്ടിയാകുവാൻ ദൈവമെപ്പോഴും ഓരോ കാവൽമാലാഖമാരെ നൽകുന്നുവെന്നത്. “ഈ എളിയവരിൽ ആരെയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. ദൈവ പിതാവിന്റെ സന്നിധിയിൽ അവരുടെ ദൂതന്മാർ അവിടുത്തെ മഹത്വം ദർശിച്ചു കൊണ്ടിരിക്കുകയാണെന്ന്” ക്രിസ്തു നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
ആരാണ് യഥാർത്ഥ വഴികാട്ടി? ഇത് തിരിച്ചറിയാൻ സാധിക്കാത്ത യുവതലമുറ ആശയക്കുഴപ്പത്തിലാണ്. മാസ്സ് മീഡിയയിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും ലഭിക്കുന്ന തെറ്റായ അബദ്ധ സിദ്ധാന്തങ്ങളും, വിശ്വാസങ്ങളും മനസ്സിൽ സൂക്ഷിച്ച് കൊണ്ട് വഴിപിഴച്ചു പോകുന്ന യുവതലമുറ നമ്മുക്ക് വേദനയാണ്. കുടുംബത്തിൽ നിന്ന് ലഭിക്കുന്ന ശിക്ഷണം, അദ്ധ്യാപകരുടെ മാർഗ്ഗനിർദ്ദേശങ്ങളും, സമൂഹം നൽകുന്ന കരുതലും ഭദ്രതയുമൊക്കെയാണ് ഒരു മനുഷ്യനെ സാമൂഹ്യ ജീവിയായിട്ട് വളർത്തിയെടുക്കുക. ആ മാർഗനിർദേശങ്ങൾ നമുക്ക് ഇന്ന് നഷ്ടമാകുന്നുണ്ട്.
ഇസ്രായേൽ ജനത എപ്പോഴും, അബ്രഹാം തങ്ങളുടെ പിതാവാണെന്ന് അഹങ്കരിച്ചിരുന്നു. അവരുടെ മാതൃകയായിട്ടാണ് അബ്രഹാമിനെ പരിഗണിച്ചിരുന്നത്. ക്രൈസ്തവരായ നമുക്ക് “ക്രിസ്തുവാണ് നമുക്ക് വഴികാട്ടി”. ബത്‌ലഹേമിൽ പിറന്ന കുഞ്ഞു തമ്പുരാൻ! “നിങ്ങൾക്ക് സ്വർഗ്ഗീയ പിതാവ് അല്ലാതെ മറ്റൊരു വഴികാട്ടി ഉണ്ടായിരിക്കരുത്” എന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ വഴികാട്ടിയായി ദൈവം കൂടെയുള്ളപ്പോൾ നമ്മൾക്കൊന്നിനേയും ഭയപ്പെടേണ്ടതില്ലല്ലോ.
വൃദ്ധനും നിസ്സഹായനുമായ സഖറിയായ്ക്ക് ദൈവത്തിന്റെ വലിയൊരു സംരക്ഷണം അനുഭവിക്കാൻ സാധിച്ചതിന്റെ ഫലമായിട്ടാണ് കൃതജ്ഞതയുടെ ഈ കീർത്തനങ്ങൾ ആലപിക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.
ക്രിസ്മസ് കാലത്ത് വളരെയധികം ആയി ധ്യാനിക്കുന്ന ഒരു കാര്യമാണ്, മാർഗ്ഗദീപമായി ഒരു നക്ഷത്രം മൂന്ന് ജ്ഞാനികൾക്ക് വഴികാട്ടിയാകുന്നത്. ആട്ടിടയന്മാർക്ക് മാലാഖമാർ കാവലായി ഉണ്ടായിരുന്നു. എല്ലാവരെയും നയിക്കപ്പെട്ടത് ക്രിസ്തുവിലേക്കായിരുന്നു.
മാമ്മോദീസ സ്വീകരിക്കുമ്പോൾ ജ്ഞാന പിതാക്കളെയും പുരോഹിതൻ അവരോധിക്കാറുണ്ട്. അവരുടെ ഏറ്റവും പ്രധാന കടമ, സ്വർഗ്ഗം ഭരമേൽപ്പിക്കുന്ന ആ മക്കളെ ദൈവകൽപ്പനകൾക്ക നുസൃതമായി വളർത്തുവാൻ മാതാപിതാക്കളെ സഹായിക്കുക എന്നുള്ളതാണെന്ന്, ജ്ഞാനസ്നാന കൂദാശയിൽ പങ്കു ചേരുമ്പോൾ വൈദികൻ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്.
മറ്റുള്ളവർക്ക് വഴികാട്ടിയാകുവാൻ, ക്രിസ്തുവിനെ തേടി നമുക്ക് പ്രയാണം ആരംഭിക്കാം. കാലിത്തൊഴുത്തിലെ ഉണ്ണിയേശുവിനെ നമുക്കും, ആട്ടിടയന്മാരെയും ജ്ഞാനികളെയും പോലെ സന്ദർശിക്കാം. മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുന്ന തണലാവാൻ അത് വഴിയൊരുക്കും. അതിനു മൂന്നു ജ്ഞാനികളുടെ അന്വേഷണത്വരയും, ആട്ടിടയന്മാരുടെ വിശുദ്ധിയും നിഷ്കളങ്കതയും നമ്മുടെ ജീവിതത്തിന് വെളിച്ചമായി മാറട്ടെ…!!!