Daily Reflection

ഡിസംബർ – 24 റോമൻ പടയാളികൾ

ഹേറോദേസ് പിഞ്ചുപൈതങ്ങളെ വധിക്കാൻ വിട്ടതും റോമൻ പടയാളികളെ തന്നെയായിരുന്നിരിക്കണം...

ദൈവപിറവിയിലെ തെരഞ്ഞെടുപ്പുകളും റോമൻ പടയാളികളും

ക്രിസ്തുമസ് കാലത്തു നിരവധി ചിന്തകൾ നാം ധ്യാനിക്കാറുണ്ട്. എന്നാൽ, അധികംപേരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമാണ് ക്രിസ്തുപിറവിയിലെ റോമൻ സൈന്യം പകരുന്ന ചില ഉൾകാഴ്ചകൾ! റോമാസാമ്രാജ്യം ലോകത്തെ അടക്കിവാഴുന്ന കാലഘട്ടത്തിലായിരുന്നു ഉണ്ണിയേശു പിറന്നത്. ഏറെക്കുറെ ലോകം മുഴുവനും അവരുടെ നിയന്ത്രണത്തിലായിരുന്നു. ലോകം മുഴുവൻ നേരിട്ടു ഭരിക്കുവാൻ സാധിക്കാത്തത് കൊണ്ടുതന്നെ, പ്രാദേശികമായി ഭരണാധികാരികളെ റോമൻ ചക്രവർത്തിമാർ നിയമിച്ചിരുന്നു. അപ്രകാരം, ഗലീല പ്രവിശ്യയിലെ യഹൂദരെ ഭരിക്കുവാൻ നിയുക്തനായ രാജാവായിരുന്നു ഹേറോദേസ്. അങ്ങനെയുള്ള ഭരണാധികാരികൾ റോമൻ ചക്രവർത്തിയുമായിട്ട് നേരിട്ടു ബന്ധമില്ലെങ്കിലും, പാലസ്തീൻ പ്രീഫെക്ട് ആയിരുന്ന പീലാത്തോസുമായിട്ടായിരുന്നു പാലസ്തീന്റെ വിവിധ പ്രവിശ്യകളിലെ ഭരണാധികാരികൾ ബന്ധപ്പെട്ടിരുന്നത്. അതുകൊണ്ടാണല്ലോ ക്രിസ്തുവിന്റെ വിചാരണ സമയത്ത് മരണശിക്ഷ നൽകുവാൻ അധികാരമില്ലായെന്ന് പറഞ്ഞുകൊണ്ട് ക്രിസ്തുവിനെ പീലാത്തോസിന്റെ അടുക്കലേക്ക് അയക്കുന്നത്.

റോമൻ ചക്രവർത്തിമാർ എല്ലാ അധികാരവും, ഇപ്രകാരമുള്ള രാജാക്കന്മാർക്ക് നൽകിയിരുന്നില്ലായെങ്കിലും അവരുടെ ഭരണം നിരീക്ഷിക്കുവാനും, തങ്ങളുടെ സാന്നിധ്യമുറപ്പാക്കാനും തീർച്ചയായിട്ടും റോമൻ പടയാളികളുടെ സാന്നിധ്യം എല്ലായിടത്തുമുണ്ടായിരുന്നു. ഹേറോദേസ് പിഞ്ചുപൈതങ്ങളെ വധിക്കാൻ വിട്ടതും റോമൻ പടയാളികളെ തന്നെയായിരുന്നിരിക്കണം. കാരണം, സീസർ അല്ലാതെ മറ്റൊരു രാജാവില്ലായെന്നുള്ള അലംഘിതമായ നിയമം വച്ചുകൊണ്ടാണ് ഹേറോദേസ് യഹൂദജനതയെ അടക്കിഭരിച്ചിരുന്നത്. അതിനാൽ തന്നെ തന്റെ രാജാധികാരം അരക്കിട്ട് ഉറപ്പിക്കുവാനും, സീസറിന്റെ പ്രീതി പിടിച്ചുപറ്റുവാനും ഹേറോദേസിന് ഇപ്രകാരം സാധിച്ചിട്ടുണ്ടാകണം. അതിന് പിന്തുണയുമായിട്ടു നിന്നവരായിരിക്കണം റോമൻ പടയാളികൾ. ചുരുക്കത്തിൽ, പിഞ്ചു പൈതങ്ങളുടെ കൂട്ടക്കൊലയെ കുറിച്ച് ചിന്തിക്കുമ്പോൾ തിന്മയുടെ ശക്തികളാകുന്ന ഒരു കൂട്ടം മനുഷ്യരെ കുറിച്ചുള്ള ചിന്തകളാണ് നമ്മുടെ മനസ്സിലേക്ക് കടന്നുവരിക. നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നമ്മുടെ മനസ്സിൽ എപ്പോഴും തന്നെയുണ്ടാകും.

ക്രിസ്തു 40 ദിനരാത്രങ്ങൾ പരീക്ഷിക്കപ്പെട്ടപ്പോഴും ഈ ആന്തരിക സംഘർഷം വളരെ വ്യക്തമായിരുന്നു. പിന്നീട്, ഗദ്സമൻ തോട്ടത്തിൽ ക്രിസ്തു രക്തം വാർന്ന് പ്രാർത്ഥിക്കുമ്പോഴും – “ഈ പാനപാത്രം കഴിയുമെങ്കിൽ എന്നിൽ നിന്നുമകറ്റേണമേ” – മാനുഷികത അതിന്റെ പൂർണ്ണതയിൽ വിളിച്ചോതുമ്പോള്‍, വലിയൊരു സംഘട്ടനത്തിന് നടുവിലാണ് ക്രിസ്തുവും കടന്നുപോയതെന്ന് നമുക്ക് മനസിലാകും.

റോമൻ പടയാളികൾക്ക് മുമ്പിലുള്ള വെല്ലുവിളിയും ഇതുതന്നെയായിരുന്നു: ക്രിസ്തുവിന് സംരക്ഷണം നൽകുക; അല്ലെങ്കിൽ സീസറിന്റെ സാമ്രാജ്യം കെട്ടിപ്പടുത്തുയർത്തുക. എന്നാൽ, ലോകത്തിന്റേതായ ആഗ്രഹങ്ങൾ വച്ചു പുലർത്തുവാനേ അവർക്കു സാധിച്ചുള്ളൂ. ദൈവമെപ്പോഴും മനുഷ്യനെയും, മനുഷ്യാധികാരത്തെയും ബഹുമാനിച്ചിരുന്നു. അതുകൊണ്ടാണല്ലോ ക്രിസ്തു പറഞ്ഞത്: “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന്”. എന്നാൽ ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കാതെ, മനുഷ്യനുമാത്രം കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ വലിയ ഒരടയാളമായിട്ട് മാറുകയാണ് ഈ റോമൻ സൈന്യം. സീസറിന്റെ അധികാരം മാത്രം അരക്കിട്ടുറപ്പിക്കുവാനും, അധികാരം നിലനിർത്തുവാനും കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ സ്വരമില്ലാതാക്കാനും റോമൻസേന പരിശ്രമിക്കുന്നു. രക്ഷകനെ ഇല്ലാതാക്കുവാനുള്ള ഉദ്യമത്തിൽ, അവർ പിഞ്ചുപൈതങ്ങളെ കൊന്നൊടുക്കി. ഇപ്രകാരം മനസ്സാക്ഷി മരവിച്ച മനുഷ്യരുടെ പ്രതീകമായി റോമൻ പടയാളികൾ മാറുകയാണ്.

ഈ തിരുപ്പിറവി കാലത്ത് നമ്മുടെ മുൻപിൽ രണ്ടു തിരഞ്ഞെടുപ്പുകളുണ്ട്: ദൈവത്തിനുവേണ്ടി നിലകൊള്ളുക; അല്ലെങ്കിൽ ഈ ഭൂമിയിലെ അധികാരങ്ങൾക്കും സ്ഥാനമഹിമകൾക്കും വേണ്ടി ജീവിക്കുക. നമ്മുടെ സ്വാർത്ഥതക്ക് വേണ്ടി നിലകൊള്ളുക എന്നതു സാധാരണയായി നാം സ്വീകരിക്കുന്ന നിലപാടാണ്. എന്നാൽ, ദൈവത്തിനുവേണ്ടി ജീവിക്കുമ്പോൾ, നമ്മുടെ പല സുഖസൗകര്യങ്ങളും സ്വാർത്ഥ മനോഭാവങ്ങളും കൈവിടേണ്ടി വരും. കാരണം, “ദൈവത്തെയും മാമോനെയും ഒരുപോലെ സ്നേഹിക്കാൻ നിങ്ങൾക്ക് സാധിക്കില്ല”. അത് മനസ്സിലാക്കിയതുകൊണ്ടാണ് 3 ജ്ഞാനികളും ദൈവം കാണിച്ച “മറ്റൊരു വഴിയിലൂടെ” തിരികെ മടങ്ങിപ്പോയത്.

ചുരുക്കത്തിൽ, ക്രിസ്മസ് മനുഷ്യജീവിതത്തിലെ ആത്യന്തികമായ ഒരു തെരഞ്ഞെടുപ്പാണ്. ദൈവപുത്രനെ പുൽകുവാനുള്ള നമ്മുടെ സമയമാണ്! ക്രിസ്തുമസിനായി വളരെ കുറച്ചു മണിക്കൂറുകൾ മാത്രം അവശേഷിക്കവേ, പുൽക്കൂട്ടിലെ ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയും, ലാളിത്യവും, ഔസേപ്പ് പിതാവിന്റെ വിശ്വാസ സ്ഥൈര്യവും, പരിശുദ്ധ അമ്മയുടെ അഭംഗുരമായ വിശുദ്ധിയും ജീവിതശൈലിയാക്കിയാൽ ദൈവഹിതം നമ്മുടെ ജീവിതത്തിലും നിറവേറുമെന്നതിൽ സംശയമില്ല!

വി.മത്തായി 22:21 നമുക്കു മനഃപ്പാഠമാക്കാം: അവൻ അരുളി ചെയ്തു; സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker