ഡിസംബർ 20: ലോക മഹാത്ഭുതം
ദൈവത്തിന്റെ വഴികൾ ദുർഘടമാണ് അത് മനുഷ്യർക്ക് പലപ്പോഴും തിരിച്ചറിയാൻ സാധിക്കുകയില്ല...
ഇരുപതാം ദിവസം
അത്ഭുതങ്ങൾ തേടിയുള്ള നെട്ടോട്ടത്തിലാണ് മനുഷ്യരെല്ലാവരും. നമ്മുടെ ധ്യാന കേന്ദ്രങ്ങളിലൊക്കെ, ചിലപ്പോഴെങ്കിലും തിരക്കുകൾ വർദ്ധിക്കുന്നത് രോഗശാന്തിക്കും മറ്റുള്ള നമ്മുടെ ആഗ്രഹ സഫലീകരണത്തിനും വേണ്ടിയാണ്. മനുഷ്യരെല്ലാവരും എവിടെ അത്ഭുതമെന്ന് കേട്ടാൽ അവിടെ ഓടികൂടാറുണ്ട്. ഇന്നത്തെ സുവിശേഷത്തിലും രണ്ടു ലോകാത്ഭുതങ്ങൾ നമുക്ക് കാണാൻ സാധിക്കും. ക്രിസ്തുവിന്റെ ജനനവുമായിട്ടു ബന്ധപ്പെട്ട് ഗബ്രിയേൽ മാലാഖയുടെ പരിശുദ്ധ മറിയത്തെ നീ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കുമെന്നുള്ള മംഗള വാർത്തയും, വന്ധ്യയും വയോധികയുമായ എലിസബത്ത് ഒരു പുത്രനെ ഗർഭം ധരിച്ചെന്നുള്ള ശുഭകരമായ പ്രഘോഷണവും.
ശാസ്ത്രം പറയുന്നതെന്തും സത്യമെന്നു പറഞ്ഞുകൊണ്ട് ദൈവത്തെയും ദൈവ വിശ്വാസത്തെയും പുച്ഛിക്കുന്ന ഒരു യുവ തലമുറ വളർന്നു വരുന്ന കാലഘട്ടത്തിലാണ് നമ്മളെല്ലാവരും. കണ്ടാൽ മാത്രം വിശ്വസിക്കുകയുള്ളൂ എന്ന് പിടിവാശിയുള്ള ഒരു സമൂഹത്തിന്റെ മുമ്പിൽ വിശ്വാസസത്യങ്ങൾ ഇന്നു പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, ദൈവത്തിന്റെ വഴികൾ എത്രയോ ദുർഘടമാണെന്നും അത് മനുഷ്യർക്ക് പലപ്പോഴും തിരിച്ചറിയാൻ സാധിക്കുകയില്ലെന്നും, ജോബിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ട് ദൈവം പറയുന്നുണ്ട്. “നമ്മൾ എങ്ങനെയാണ് ഒരു അമ്മയുടെ ഉദരത്തിൽ രൂപപ്പെട്ടതെന്ന് അറിയത്തില്ല. നമ്മുടെ ഇഷ്ടം പോലെയല്ല എന്നാൽ ദൈവത്തിന്റെ സമ്മാനമാണ് ഓരോ മനുഷ്യജീവനു”മെന്ന് തിരിച്ചറിയണമെന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തുവിന്റെ ജനനം അന്നത്തെ യഹൂദ ജനതയ്ക്ക് മാത്രമല്ല, നമുക്കും മഹാത്ഭുതം തന്നെയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മറിയം ഗർഭം ധരിക്കുകയും, ദൈവം നമ്മെപ്പോലെ ഒരുവനായി ജനിക്കുകയും ചെയ്തതിനേക്കാൾ എന്ത് അത്ഭുതമാണ് സംഭവിക്കാനുള്ളത്. ദൈവം മനുഷ്യനായി അവതരിക്കുമ്പോഴും അവിടുന്ന് നമ്മെപ്പോലെ ഒരുവനാകുമ്പോഴും, ദൈവം മനുഷ്യനായ് മാറുന്നതിനു മുന്നിലുള്ള ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയാണ് അതിനെ വിശിഷ്ടമാക്കുന്നത്.
വന്ധ്യയായതിനാൽ, എലിസബത്ത് മറ്റെല്ലാവരാലും അവഹേളിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു. “യഹൂദ സമൂഹത്തിൽ സന്താനഭാഗ്യമില്ലാത്തവർ”, എന്ന് പറഞ്ഞാൽ അവർ ശപിക്കപ്പെട്ടവരാണ്. ദൈവത്താൽ തിരസ്കരിക്കപ്പെട്ടവരാണെന്നാണ് അറിയപ്പെടുന്നത്. അതിനാൽത്തന്നെ, വളരെയധികം അപമാനങ്ങൾ സക്കറിയയും എലിസബത്തും അനുഭവിച്ചിട്ടുണ്ടാകണം. അവരുടെ ജീവിതത്തിലേക്കാണ് ദൈവത്തിനു വഴിയൊരുക്കുന്നതിനായി, ദൈവം അയക്കുന്ന സ്നാപകയോഹന്നാൻ പിറവിയെടുക്കുന്നത്.
പരിശുദ്ധ കന്യകാമറിയവും വിശുദ്ധ എലിസബത്തുമൊക്കെ വളരെ പ്രയാസകരമായിട്ടുള്ള സാഹചര്യത്തിലൂടെ കടന്നു പോയപ്പോൾ, ദൈവത്തിന്റെ ഇഷ്ടം തിരിച്ചറിയുകയും അതിന് പൂർണ്ണമായിട്ടും അവർ തങ്ങളുടെ ജീവിതം സമർപ്പിക്കുകയും ചെയ്തു.
നമ്മുടെ ജീവിതത്തിലും അനുദിനം നിരവധി അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും നമ്മുടെ ഹൃദയങ്ങളും നയനങ്ങളും അടച്ചിരിക്കുന്നതുകൊണ്ട്, നമ്മൾ അത് തിരിച്ചറിയാതെ പോകുന്നു. നമ്മൾ പോലും അറിയാതെ ദൈവം നമ്മളെ എത്രത്തോളം സംരക്ഷിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിൽ നിരവധി അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ട് നമ്മെ അവിടത്തെ കൃഷ്ണമണിപോലെ പരിപാലിക്കുകയും ചെയ്യുന്നത് നാം പലപ്പോഴും തിരിച്ചറിയാറില്ല: “നിങ്ങൾ വയലിലെ ലില്ലികളെ നോക്കുവിൻ, ആകാശത്തിലെ പറവകളെ നോക്കുവിൻ, അവയെല്ലാം തീറ്റിപ്പോറ്റുന്ന ദൈവത്തിന് അവയെക്കാൾ എത്രയോ വിലമതിക്കുന്ന” നമ്മെ സംരക്ഷിക്കുമെന്നത് നാം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു. “ദുഷ്ടന്മാരായ നിങ്ങളുടെ പിതാക്കന്മാർ മക്കൾക്ക് നല്ലതു കൊടുക്കുവാനറിയാമെങ്കിൽ, നല്ലവനായ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ചോദിക്കുന്നവർക്ക് എത്രയോ അധികമായിട്ടു അവിടുന്ന് നന്മകൾ നൽകാതിരിക്കു”മെന്ന് ക്രിസ്തു നമ്മോട് ചോദിക്കുന്നുണ്ട്. അത്ഭുതങ്ങളുടെ പുറകെ നാം പോകുമ്പോഴും, നമ്മെ വഴി നടത്തുന്ന പ്രത്യേകിച്ച് ഈ കൊറോണ കാലഘട്ടത്തിൽ – ദൈവത്തെ തിരിച്ചറിയുന്നതാണ് ഏറ്റവും വലിയ അത്ഭുതം എന്നു മനസ്സിലാക്കുമ്പോൾ, ക്രിസ്തു നമ്മളിൽ പിറവിയെടുക്കുന്നു.
ക്രിസ്തു നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ ജീവിതത്തിൽ ഓരോ ചെറിയ നന്മകളും വലിയ ദൈവപരിപാലനയുടെ അടയാളമായിട്ട് തിരിച്ചറിയുവാനായിട്ടുള്ള എളിമയും ഹൃദയവിശാലതയും നമുക്ക് ലഭിക്കും. അതിനായി പരിശുദ്ധാത്മാവിനാൽ പരിപൂരിതരായി ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ ഗർഭം ധരിക്കുവാനും ദൈവ കൽപ്പനയ്ക്ക് അനുസരണമായിട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനും നമുക്ക് സാധിക്കുകയും വേണം…!