ഡിസംബർ 19: മാതൃത്വം
ക്രിസ്മസ് കാലം, വരണ്ടുപോയ മനുഷ്യ മനസ്സുകളിൽ ആർദ്രമായ മാതൃത്വം സൃഷ്ടിക്കുവാനുള്ള അവസരമാണ്...
പത്തൊമ്പതാം ദിവസം
ക്രിസ്മസ് തിരുനാളിൽ ആദ്യ മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് ഉണ്ണി യേശുവിന്റെ ജനനവും പരിശുദ്ധ അമ്മയുടെ അത്ഭുതകരമായ മാതൃത്വവുമാണ്. അമലോൽഭവ മാതാവിന്റെ തിരുനാൾ ആഗമനകാലത്തും, ജനുവരി ഒന്നിന് “പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളും” സഭ ആഘോഷിക്കുന്നുണ്ട്.
സ്ത്രീ, കുഞ്ഞിന്റെ ജനനത്തോടെ അമ്മയെന്ന ബഹുമതി സ്വീകരിക്കുന്നു. ഈ ലോകത്തെ നിത്യഹരിതമാക്കുന്നത്, സ്ത്രീകളിലെ നിലയ്ക്കാത്ത മാതൃസ്നേഹം തന്നെയാണ്. മകന്റെ ജനനം മുതൽ അവന്റെ ഓരോ വളർച്ചയിലും പീഡാസഹനത്തിലും കുരിശു മരണത്തിലും നിഴൽ പോലെ കൂടെ നിന്ന മറിയം തന്നെയാണ് മാതൃത്വത്തിന് ഉത്തമമാതൃക!
ഭാരതത്തിന്റെ പ്രസിഡന്റായിരുന്ന ഡോ. പി.ജെ. അബ്ദുൽ കലാം ദാർശനികമായി ഇങ്ങനെ പങ്കുവെക്കുന്നു: “ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാൽ യഥാർത്ഥ അമ്മയ്ക്ക് ചിരിക്കാൻ കഴിയുന്നത്, കുഞ്ഞിന്റെ ജനിച്ചുവീഴുന്ന കരച്ചിൽ കേൾക്കുമ്പോൾ മാത്രമാണ്”. അല്ലാതെ, ഒരു സാഹചര്യത്തിലും മക്കൾ കരയുന്നത് സഹിക്കാൻ ശരിയായ ഒരു മാതൃഹൃദയത്തിനു കഴിയില്ല. മകന്റെ തീവ്രമായ സഹനങ്ങൾ കണ്ട് ഹൃദയത്തിൽ നിന്നും നിണം വാർന്നൊഴുകിയ ഒരു അമ്മയാണ് മറിയം. കാൽവരിയിലെക്കുള്ള സ്വന്തം മകന്റെ യാത്രയിൽ ആത്മീയബലവും കരുത്തും നൽകി കൊണ്ട് അവനോടൊപ്പം ബലിയായിത്തീർന്ന ഒരമ്മ. അതുകൊണ്ടായിരിക്കും, തന്റെ അമ്മയെ എല്ലാവരുടെയും അമ്മയായി ലോകത്തിന് ദാനം നൽകിയത്.
ഒരു അമ്മയുടെ മാതൃത്വം സ്നേഹത്താൽ എപ്പോഴും തുടിച്ചു കൊണ്ടേയിരിക്കും. താനൊരു അമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, തന്റെ സ്നേഹം എലിസബത്തുമായി പങ്കുവെക്കാൻ മറിയം തിടുക്കം കൂട്ടുന്നുണ്ട്. വാർധക്യത്തിൽ ഗർഭിണിയായ എലിസബത്തിന്റെ ശുശ്രൂഷ ആവശ്യമുണ്ടെന്നു മനസ്സിലാക്കിയ മറിയം, മൂന്നുമാസത്തോളം അവൾക്ക് കൂട്ടായി നിന്നു. യാത്രാമധ്യേയുള്ള എല്ലാ പ്രതിസന്ധികളെയും മറികടന്ന്, മലമ്പ്രദേശത്തുള്ള എലിസബത്തിന്റെ ഭവനത്തിൽ വന്ന് ശുശ്രൂഷ ചെയ്യണമെങ്കിൽ അവളിൽ കത്തിയെരിഞ്ഞത് മാതൃത്വം തുളുമ്പുന്ന ദൈവസ്നേഹമാ യിരിക്കണം. അല്ലെങ്കിൽ തന്നെ, ക്രിസ്തുവിനെ ജീവിതത്തിൽ വഹിക്കുന്നവർ, നന്മ പ്രവൃത്തിയാലും സ്നേഹത്താലും ജ്വലിച്ചു കൊണ്ടേയിരിക്കും.
മക്കളുടെ കാര്യങ്ങളിൽ സദാ ജാഗരൂകരായിരിക്കുവാൻ ഒരു അമ്മയ്ക്ക് സാധിക്കുന്നതുപോലെ ആർക്കെങ്കിലും കഴിയുമോന്നു സംശയമാണ്. അവരുടെ കുറവുകളിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന ഹൃദയം അമ്മയുടേതായിരിക്കും. (അപ്പന്റെത് കുറവ് എന്നിതിനർത്ഥമില്ല. ഔസേപ്പിതാവ്, മറിയത്തിന്റെ എല്ലാ സഹനങ്ങളിലും പങ്കുചേരുന്ന കുടുംബനാഥനായിരുന്നല്ലോ).
കാനായിലെ കല്യാണ വീട്ടിൽ, ദൈവമാതാവിന്റെ കരുണാർദ്ര സ്നേഹം ഉണർന്നു പ്രവർത്തിച്ചു. വേദനിക്കുന്നവർക്ക് ആശ്വാസമാകുവാൻ, അമ്മയോട് ചേർന്നിരിക്കുന്ന എല്ലാ മക്കൾക്കും സാധിക്കും, ക്രിസ്തുവിനെപ്പോലെ.
ഒരു മനുഷ്യന്റെ ആത്മീയ, ശാരീരിക, മാനസിക, ധാർമിക വളർച്ചയിൽ ഒരു അമ്മയുടെ പങ്ക് അവർണ്ണനീയമാണ്. വിശുദ്ധ അഗസ്റ്റിൻ ആത്മകഥയിൽ, തന്റെ മാനസാന്തരത്തിൽ പിന്നിൽ സ്വന്തം അമ്മയുടെ കണ്ണീർ കുതിർന്ന പ്രാർത്ഥനാനിർഭരമായ കാത്തിരിപ്പുണ്ടെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഇതുപോലെ നിസ്വാർത്ഥ സ്നേഹത്തിലൂടെയും, സമർപ്പണത്തിലൂടെയും, ത്യാഗത്തിലൂടെയും, സഹനത്തിലൂടെയും മക്കൾക്കുവേണ്ടി തീക്കനൽ പോലെ എരിഞ്ഞടങ്ങുന്ന എത്രയോ അമ്മമാരുണ്ട് നമ്മുടെ ഇടയിൽ. എന്നാൽ, ചിലപ്പോഴെങ്കിലും മാതൃത്വം നഷ്ടപ്പെട്ട അമ്മമാരും, സ്വന്തം അമ്മയുടെ മാതൃത്വം തിരിച്ചറിയാതെ പോകുന്ന മക്കളുമുള്ള കാലഘട്ടത്തിലാണ് നമ്മളിന്ന് വസിക്കുന്നതെന്നത് വേദനാജനകമാണ്.
മകനെ വളർത്തിയതിൽ മറിയത്തിനുള്ള ശുഷ്കാന്തി എടുത്തുപറയേണ്ടിയിരിക്കുന്നു. സുവിശേഷം അതിങ്ങനെ സാക്ഷ്യപ്പെടുത്തുന്നു: “ശിശു വളർന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേൽ ഉണ്ടായിരുന്നു” (ലൂക്ക 2:40). ഈ കാലഘട്ടത്തിൽ മക്കൾക്ക് പകർന്നുകൊടുക്കാൻ നമ്മൾ മറന്നു പോകുന്നതും ഈ ജ്ഞാനമാണ്. ശരിയായ മാതൃത്വം നഷ്ടമാകുമ്പോൾ മക്കൾ ലഹരി വസ്തുക്കളിലും മറ്റ് ഉപഭോഗ വസ്തുക്കളിലും സന്തോഷം കണ്ടെത്തി ജീവിതം നശിപ്പിക്കുന്നു, കുടുംബ ബന്ധങ്ങൾ താറുമാറാകുന്നു.
ഈ ക്രിസ്മസ് കാലം, വരണ്ടുപോയ മനുഷ്യ മനസ്സുകളിൽ ആർദ്രമായ മാതൃത്വം സൃഷ്ടിക്കുവാനുള്ള അവസരമാണ്. അതിനായി, കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശുവിനെ നെഞ്ചോട് ചേർത്ത് പിടിച്ച പരിശുദ്ധ അമ്മയുടെ ഹൃദയത്തോട് ചേർന്നു കൊണ്ട്, നമ്മുടെ ഭവനങ്ങളിൽ മാതൃത്വത്തിന്റെ താരാട്ടുകൾ രചിക്കാം…!