ഡിസംബർ 17: യൂദായുടെ സിംഹാസനം
യൂദാ രാജവംശത്തിൽ പിറന്നുവീണ ക്രിസ്തു ഇസ്രയേലിന്റെ പ്രവചനം പൂർത്തീകരിക്കുകയാണ്...

പതിനേഴാം ദിവസം
ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സങ്കല്പമാണ് “യഹൂദരുടെ രാജാവെ”ന്നത്. പീലാത്തോസ്, “നീ തന്നെയാണോ യഹൂദരുടെ രാജാവ്?”എന്ന് പ്രത്തോറിയത്തിൽ വെച്ച് ചോദിക്കുന്നുണ്ട്. റോമൻ ഗവർണറായിരുന്ന പീലാത്തോസിന്റെ മനസ്സിൽ അപ്രകാരം ഒരു ചോദ്യമുയരാൻ പല കാരണങ്ങളുമുണ്ടാകും. “എല്ലാവരെയും അടക്കി ഭരിക്കുന്നവനാണ് രാജാവെ”ന്ന് ഏതു നിരക്ഷരനും അറിയാവുന്നതാണ്. പിന്നെ എവിടെയാണ് പീലാത്തോസിന് ഇപ്രകാരമൊരു സന്ദേഹമുണ്ടായത്?
ക്രിസ്തുവിന്റെ ജനനം തന്നെ വിചിത്രമായിരുന്നല്ലോ. “ലോകത്തിന്റെ രാജാവെന്ന് വിശേഷിക്കപ്പെട്ടവൻ”, ജനിച്ചു വീണത് ദാരിദ്ര്യത്തിന്റെ കൂമ്പാരത്തിലാണ്. അവന് കൂട്ടായി രാജ പരിവാരങ്ങളോ, രാജസേനയോ ഉണ്ടായിരുന്നില്ല. കേവലം നാൽക്കാലി മൃഗങ്ങളായ കന്നുകാലികളായിരുന്നു അവന് കൂട്ടുണ്ടായിരുന്നത്. അവനെ സന്ദർശിക്കാൻ വന്നവർ പാവപ്പെട്ടവരായ ആട്ടിടയന്മാരായിരുന്നു. എങ്കിലും, ജ്ഞാനികളും അവനിൽ രാജത്വത്തെ തിരിച്ചറിഞ്ഞിരുന്നു. കുന്തിരിക്കവും മീറയും മാത്രമല്ല, സ്വർണ്ണവും അവർ അവനു കാണിക്കയർപ്പിച്ചു. സ്വന്തമായി ഒരു വീടുണ്ടായിരുന്നോവെന്ന് നിശ്ചയമില്ല. മറ്റുള്ളവരുടെ ആതിഥ്യം സ്വീകരിച്ചാണ് അവൻ തന്റെ ദൈവരാജ്യ പ്രഘോഷണം നടത്തിയിരുന്നത്. വയലുകളും, ലില്ലി പുഷ്പങ്ങളും, കളകളും, വിത്തുകളും, കടലും, മത്സ്യങ്ങളും അവന് എപ്പോഴും പ്രിയപ്പെട്ടതായിരുന്നു. തെരുവ് വീഥികളിൽ അലഞ്ഞു നടന്നിരുന്ന മനുഷ്യമനസ്സിനെ ദൈവഹിതത്തിലേക്ക് അവൻ അടുപ്പിച്ചു. ഇപ്രകാരമുള്ള ഒരുവനെ എങ്ങനെയാണ് രാജാവായിട്ട് അംഗീകരിക്കുന്നത്? ഇതാണ് പീലാത്തോസിനെ കുഴക്കിയത്.
ഉൽപത്തിയുടെ പുസ്തകത്തിൽ യാക്കോബ് തന്റെ പുത്രന്മാർക്ക് അനുഗ്രഹം നൽകുമ്പോൾ, യൂദായുടെ ഗോത്രത്തെ അധികാര സ്ഥാനം നൽകി അലങ്കരിക്കുന്നുണ്ട്: “ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ് അവന്റെ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും” (ഉല്‍പത്തി 49:10).
യൂദാ രാജവംശത്തിൽ പിറന്നുവീണ ക്രിസ്തു ഇസ്രയേലിന്റെ പ്രവചനം പൂർത്തീകരിക്കുകയാണ്. സഹോദരന്റെ പാദങ്ങൾ കഴുകുന്ന കൂട്ടുകാരൻ; സമൂഹം ക്രിമിനലുകളായി പരിഗണിച്ച് ചുങ്കക്കാരെയും പാപികളെയും ചേർത്തു പിടിച്ചവൻ; ശിക്ഷിക്കാതെ ക്ഷമിക്കുന്നവൻ; മറ്റുള്ളവരുടെ പാപങ്ങൾക്കായി ശിക്ഷ സ്വയം ഏറ്റെടുക്കുന്നവൻ; പട്ടാളക്കാരും, പരിവാരങ്ങളും, രാജകൊട്ടാരവും ഇല്ലാത്ത നാടോടി – “യഹൂദരുടെ ഈ രാജാവ്” വേറെ ലെവൽ തന്നെ…!