Categories: Daily Reflection

ഡിസംബർ – 17 ജീവിത വിശുദ്ധിയുടെ പൊൻകാഴ്ചകൾ

ഇന്ന് നാം ക്രിസ്തുവിന് നൽകുവാനായിട്ടാഗ്രഹിക്കേണ്ടത് നമ്മുടെ 'വിശുദ്ധി നിറഞ്ഞ ജീവിതം' തന്നെയാണ്...

ജീവിത വിശുദ്ധിയുടെ പൊൻകാഴ്ചകൾ

ക്രിസ്തുമസ് കാലത്തെ പ്രത്യേകതകളിൽ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് നാം ഓരോ ദിവസവും സ്വീകരിക്കുന്ന വിലയേറിയ സമ്മാനങ്ങൾ. സാന്താക്ലോസിനെ കുറിച്ചുള്ള സങ്കല്പങ്ങൾ തന്നെ ഇതുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. നിരവധി സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന ഒരു ആഹ്ലാദവേള കൂടിയാണ് ക്രിസ്മസ് ആഘോഷക്കാലം. അതിനെ, ഉണ്ണിയേശുവിനെ സന്ദർശിക്കാൻ വന്ന 3 ജ്ഞാനികൾ ഉണ്ണിക്കു സമർപ്പിച്ച സമ്മാനങ്ങളുമായി ബന്ധപ്പെടുത്താവുന്നതാണ്. മൂന്ന് ജ്ഞാനികളും വെറുംകൈയോടെയല്ല വന്നത്. സ്വർണ്ണവും, കുന്തിരിക്കവും, മീറയും ഉണ്ണിയേശുവിന് സമർപ്പിച്ചുകൊണ്ട് അവർ അവനെ ആരാധിക്കുകയും, വണങ്ങുകയും ചെയ്തു.

സമ്മാനങ്ങളെപ്പോഴും നമ്മുടെ ഹൃദയത്തിന്റെ ആഴമളക്കുന്നതാണ്. പലപ്പോഴും ബന്ധത്തിന്റെ വ്യാപ്തി സമ്മാനപ്പൊതികളിലൊളിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ടവരുടെ ജന്മദിനം, വിവാഹവാർഷികം പോലുള്ള ആഘോഷങ്ങളിൽ നാം വിലയേറിയതും, കൂടുതലിഷ്ടമുള്ളതുമായ സമ്മാനങ്ങൾ നൽകുന്നത്. അതുപോലെതന്നെ സമ്മാനങ്ങൾ, നമ്മുടെ ഹൃദയത്തിന്റെ അടുപ്പത്തെ കൂടി സൂചിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആ വ്യക്തി എന്താണെന്ന് സൂചിപ്പിക്കുന്നതായിരിക്കും നമ്മുടെ സമ്മാനങ്ങളും.

ക്രിസ്തു ആരാണെന്ന് പ്രഘോഷിക്കുന്നതായിരുന്നു മൂന്ന് ജ്ഞാനികളും സമർപ്പിച്ച സമ്മാനങ്ങൾ! ക്രിസ്തുവിന്റെ രാജത്വവും, പൗരോഹിത്യവും മനുഷ്യ സ്വഭാവവുമൊക്കെ കൂട്ടിച്ചേർക്കുന്നതായിരുന്നു ഉണ്ണിക്ക് കിട്ടിയ സമ്മാനങ്ങൾ. ആദ്യത്തേത്, ഏറ്റവും വിലയേറിയ പൊന്നായിരുന്നു. സ്വർണ്ണം കേരളത്തിലനുദിനം വില കൂടിക്കൊണ്ടിരിക്കുന്ന വസ്തുവാണ്. കേരളീയ സംസ്കാരത്തിൽ സ്വർണത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ വളരെ വലുതാണ്. എന്നാൽ, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയാത്തതും, സമൂഹത്തിലെ സമ്പന്ന വ്യക്തികൾ ധാരാളം വാങ്ങി ധരിക്കുകയും ചെയ്യുന്ന ആഭരണമാണ് സ്വർണ്ണം. ക്രിസ്തുവിനു സ്വർണ്ണം സമർപ്പിച്ചപ്പോൾ അതിന്റെ പ്രധാന ഉദ്ദേശം ക്രിസ്തു രാജാവാണെന്ന പ്രഘോഷണമായിരുന്നുവെന്നാണ് സഭാപിതാക്കന്മാർ വ്യാഖ്യാനിക്കുന്നത്. അത് ക്രിസ്തുവിന്റെ ജീവിതത്തിലുടനീളം വ്യക്തവുമാണ്. അതേസമയം ക്രിസ്തുവിന്റെ രാജത്വത്തെ കുറിച്ചുള്ള സങ്കല്പം വ്യത്യസ്തമായിരുന്നുവെന്നും നമുക്കറിയാം. അതുതന്നെയാണ് ആരാധനാക്രമ വർഷത്തിന്റെ അവസാനം ക്രിസ്തുരാജന്റെ തിരുനാളാഘോഷിക്കുമ്പോൾ നാം പ്രഘോഷിക്കുന്നതും.

ക്രിസ്തു മഹാപുരോഹിതനാണെന്നുള്ള സങ്കല്പമാണ് കുന്തിരിക്കത്തിന്റെ കാണിക്കയിലൂടെ സൂചിപ്പിക്കുന്നത്. മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം, അവൻ എന്നേക്കും പുരോഹിതനാവുന്നുവെന്ന് നാം ഹെബ്രായർക്കുളള ലേഖനത്തിൽ വളരെ വിശദമായി വായിക്കുന്നുണ്ട്. ബലിയർപ്പിക്കുന്നവനാണ് പുരോഹിതൻ. ക്രിസ്തു എല്ലാ ദഹനബലികളെയും, മൃഗബലികളെയും, യാഗങ്ങളെയും മറികടന്നുകൊണ്ട്, എല്ലാവരുടെയും രക്ഷക്കുവേണ്ടി എന്നെന്നേക്കുമായിട്ടുള്ള സ്വജീവൻ ബലിയായർപ്പിച്ചുകൊണ്ട് മഹാപുരോഹിതനായി തന്നെതന്നെ അവതരിപ്പിക്കുന്നു.

മീറ, സാധാരണയായി മൃതസംസ്കാരങ്ങളിലെ ലേപനമായിട്ട് യഹൂദ സംസ്കാരങ്ങളിൽ ഉപയോഗിച്ചിരുന്നതാണ്. ക്രിസ്തുവിന്റെ മാനുഷിക തലത്തെയാണ് അത് സൂചിപ്പിക്കുന്നത്. സഭാചരിത്ര കാലഘട്ടത്തിൽ പലപ്പോഴും വിവാദവിഷയമായി മാറിയിട്ടുണ്ട് ക്രിസ്തുവിന്റെ ദൈവീക, മാനുഷിക സ്വഭാവങ്ങൾ! അവയെക്കുറിച്ചുള്ള വേറിട്ട നിഗമനങ്ങൾ നിരവധി പാഷണ്ഡതകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ക്രിസ്തുവിൽ ദൈവികതയും മാനുഷികതയും ഒരുപോലെ സമന്വയിച്ചിരിക്കുന്നുവെന്ന് നമുക്കറിയാം. ഇത് നാം വിശ്വാസപ്രമാണത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നുമുണ്ട്. ക്രിസ്തുവിന്റെ മാനുഷിക ഭാവമേറ്റവും കൂടുതൽ അടുത്തറിയുന്നത് ക്രിസ്തുവിന്റെ രക്ഷാകര പദ്ധതിയിലാണ്. ക്രിസ്തു മനുഷ്യനായി പിറന്നതും. അവൻ പീഡനങ്ങൾ സഹിച്ച്, കുരിശിൽ മരിച്ച്, ഉയിത്തെഴുന്നേറ്റ്, സ്വർഗാരോഹണം ചെയ്തതുമെല്ലാം ക്രിസ്തുവിന്റെ മാനുഷിക, ദൈവീക സ്വഭാവങ്ങളുടെ പ്രകടഭാവങ്ങളാണ്.

ഇന്ന്, ഉണ്ണിയേശുവിന് നൽകിയ ഈ മൂന്ന് സമ്മാനങ്ങളെകുറിച്ച് സ്മരിക്കുമ്പോൾ നമ്മളിലുയരേണ്ട ചോദ്യമിതാണ്: എന്താണ് ഞാൻ ഉണ്ണിയേശുവിനു നൽകുവാനായിട്ടാഗ്രഹിക്കുന്നത്? “എന്റെ കയ്യിൽ സ്വർണ്ണമോ, വെള്ളിയോ ഇല്ല എനിക്കുള്ളത് ഞാൻ നിനക്കു തരുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റ് നടക്കുക”യെന്ന് സോളമന്റെ മണ്ഡപത്തിലിരുന്ന തളർവാതരോഗിയോട് പത്രോസ് പറയുകയുണ്ടായി. ഒരുപക്ഷെ ഇന്ന് നാം ക്രിസ്തുവിന് നൽകുവാനായിട്ടാഗ്രഹിക്കേണ്ടത് നമ്മുടെ ‘വിശുദ്ധി നിറഞ്ഞ ജീവിതം’ തന്നെയാണ്. ജ്ഞാനസ്നാനത്തിലൂടെ നാം സ്വീകരിച്ച ക്രിസ്തുവിന്റെ രാജകീയ-പ്രവാചക-പൗരോഹിത്യ ദൗത്യങ്ങളിൽ പങ്കുകാരായിക്കൊണ്ട്, മനുഷ്യർക്ക് നന്മ ചെയ്യുന്ന മാനവിക മൂല്യങ്ങൾ മുറുകെ പിടിക്കുന്ന നല്ലൊരു ക്രൈസ്തവജീവിതം പടുത്തുയർത്തുവാനായിട്ട് നമുക്ക് പരിശ്രമിക്കാം. അത് ജീവിതാർച്ചനയായിട്ട് ഉണ്ണിയേശുവിന്റെ പുൽക്കൂട്ടിൽ സമർപ്പിക്കുകയും ചെയ്യാം.

അപ്പോ. 3:6 നമുക്ക് മനഃപാഠംമാക്കാം: പത്രോസ് പറഞ്ഞു: വെള്ളിയോ സ്വർണ്ണമോ എന്റെ കയ്യിലില്ല. ​എനിക്കുളളതു ഞാൻ നിനക്കു തരുന്നു. നസാറായനായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Share
Published by
vox_editor

Recent Posts

കര്‍ദിനാള്‍ ഫിലിപ് നേരി സിസിബിഐ പ്രസിഡന്‍റ്

സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…

2 days ago

ലത്തീന്‍ ദിവ്യബലിക്ക് റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…

3 days ago

4rth Sunday_എതിർക്കപ്പെടുന്ന അടയാളം (ലൂക്കാ 2:22-40)

യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…

4 days ago

അമേരിക്കയിലെ വിമാനാപകടം : അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…

5 days ago

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വാതില്‍ തുറന്നിടാന്‍ ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പാപ്പ

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…

5 days ago

ഇന്ത്യയില്‍ ക്രൈസ്തവര്‍ ആശങ്കയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ദിനാള്‍ ഫിലിപ്പ് നേരി

  അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…

7 days ago