ശാന്തരാത്രി; തിരുരാത്രി: തിരുപ്പിറവിയുടെ നിശ്ശബ്ദത
ആഗമനകാലത്ത് നമ്മളെല്ലാവരും ധ്യാനിക്കുന്നത് ബെത്‌ലഹേമിലെ ഉണ്ണീശോയുടെ പിറവിയെക്കുറിച്ചാണ്. ഉണ്ണീശോ തന്നെയാണ് നമ്മളെല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. എന്നാൽ, ഉണ്ണീശോയോടൊപ്പം നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട് – ഈശോ പിറന്നു വീണ ശാന്തമായ ആ രാത്രി.
എന്തായിരിക്കും, ക്രിസ്തു പകൽ തിരഞ്ഞെടുക്കാതെ രാത്രിയിൽ ജനിക്കുവാൻ ആഗ്രഹിച്ചത്? എനിക്ക് തോന്നുന്നു; ദൈവം നിശ്ശബ്ദതയുടെ ദൈവമാണെന്ന്. ദൈവം ആരവങ്ങളുടെയും, അട്ടഹാസങ്ങളുടെയും, കാഹളങ്ങളുടെയും ദൈവമായിട്ടല്ല ബെത്‌ലഹേമിലേക്ക് വരുന്നത്. മറിച്ച് നിശബ്ദതയുടെ പിഞ്ചു പൈതലായിട്ട്, ഏറ്റവും ബലഹീനനായിട്ടാണ് ഈ ഭൂമിയിൽ അവതരിച്ചത്. അതിനേറ്റവും മാറ്റുകൂട്ടുന്നതായിരുന്നു നിശ്ശബ്ദമായ രാത്രിയും.
അവിടുന്ന് ജനിച്ചുവെന്നറിഞ്ഞതാകട്ടെ പാവപ്പെട്ട കുറച്ച് ആട്ടിടയന്മാർ മാത്രം! ക്രിസ്തു ജനിക്കുവാനാഗ്രഹിച്ചത് നിശ്ശബ്ദമായ രാത്രിയിലാണ്. രാത്രി പലപ്പോഴും നമ്മെ പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ടാണല്ലോ, രാത്രികാലങ്ങളിൽ ഒറ്റയ്ക്കിറങ്ങി നടക്കാൻ പലർക്കും ഭയമുള്ളതുതന്നെ. പൊതുവേ മനുഷ്യരെല്ലാവരും, പകലത്തെ അധ്വാനക്ഷീണത്താൽ വിശ്രമിക്കുവാനാഗ്രഹിക്കുന്ന സമയം കൂടിയാണ് രാത്രി. കഠിനമായ അധ്വാനമാവശ്യമായ ജോലികൾ രാത്രികാലങ്ങളിൽ പൊതുവെ ആരുംചെയ്യാറില്ല (ഐ.ടി. മേഖലകളിലുണ്ടായ വ്യത്യാസങ്ങൾ അപവാദമാണെങ്കിൽ തന്നെയും).
ദൈവം നിശ്ശബ്ദതയിൽ ജീവിക്കുന്ന ദൈവമാണ്. ദൈവത്തെ കാണാനാഗ്രഹിച്ച ഏശയ്യ പ്രവാചകന് കൊടുങ്കാറ്റിലും, ഭൂകമ്പത്തിലും, അഗ്നിയിലുമൊന്നും ദൈവത്തെ ദർശിക്കാനായില്ല. എന്നാൽ മൃദു സ്വരത്തിൽ, നിശബ്ദമായ കുളിർകാറ്റിലാണ് ദൈവത്തിന്റെ ശബ്ദം, ദൈവസാന്നിധ്യം തിരിച്ചറിയാൻ പ്രവാചകനു കഴിഞ്ഞത്. ചുരുക്കത്തിൽ, നമ്മുടെ ഹൃദയത്തിന്റെ നിശ്ശബ്ദതയിൽ മാത്രമേ ദൈവത്തെ തിരിച്ചറിയുവാനായിട്ട് സാധിക്കുകയുള്ളൂ എന്ന് സാരം. ഒരുപക്ഷേ, ആട്ടിടയന്മാർക്ക് ദൈവത്തെ തിരിച്ചറിയാനായിട്ട് സാധിച്ചത് നിശ്ശബ്ദതയിൽ അവർ വ്യാപരിച്ചതുകൊണ്ടായിരിക്കാം.
എന്തുകൊണ്ടാണ് രാത്രി നിശ്ശബ്ദതയുടെ പര്യായമായി മാറുന്നത്? രാത്രിയിൽ ഇലയുടെ അനക്കം പോലും തിരിച്ചറിയാൻ നമുക്ക് സാധിക്കും. അതുകൊണ്ടാണല്ലോ ഭവനം ഭേദിക്കുവാനായിട്ട് വരുന്ന കവർച്ചക്കാർ, ഒരു ശബ്ദവുമുണ്ടാക്കാതെ അവരുടെ ജോലി നിർവഹിക്കുവാനായിട്ട് ബുദ്ധിമുട്ടുന്നത്. ചെറിയൊരനക്കം പോലും, വീട്ടുകാരെ ഉണർത്തി തങ്ങളുടെ പദ്ധതികൾ പൊളിക്കുമെന്ന് മോഷ്ടാക്കൾക്കു നന്നായിട്ടറിയാം.
നിശ്ശബ്ദതയുടെ ഒരു പര്യായമായിട്ട് തന്നെ രാത്രിയെ സങ്കൽപ്പിച്ചാലും അതിശയോക്തി ഉണ്ടാകില്ല. ദൈവം നിശബ്ദതയെ ഇഷ്ടപ്പെടുന്നവനാണ്. അതുകൊണ്ടാണല്ലോ സ്നാപകയോഹന്നാൻ ഇപ്രകാരം പറയുന്നത്: “മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റ സ്വരം”. “മരുഭൂമി”, നിശ്ശബ്ദതയുടെ കൂടപ്പിറപ്പാണ്. ക്രിസ്തു തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുമ്പ് പരീക്ഷിക്കപ്പെട്ടത് മരുഭൂമിയിൽ വച്ചാണ്. 40 ദിനരാത്രങ്ങളാണ് അവൻ ഉപവസിച്ച് ദൈവസന്നിധിയിലായിരുന്നത്. തന്റെ പരസ്യ ജീവിതത്തിനുള്ള ശക്തിയാർജിച്ചതും ആ നിശബ്ദതയിൽ നിന്നായിരുന്നു.
എന്താണ് നിശ്ശബ്ദത? നിശ്ശബ്ദത പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്നതിനു കാരണം, നിശബ്ദതയിലാണ് നാം നമ്മെ തന്നെ കണ്ടുമുട്ടുന്നത് കൊണ്ടാണ്. നമ്മിലെ ആന്തരികത ശ്രവിക്കേണ്ടി വരുന്നതും, നമ്മെതന്നെ തിരിച്ചറിയുന്നതും, നമ്മളിലെന്താണ് സംഭവിക്കുന്നതെന്നറിയുന്നതും നിശ്ശബ്ദതയിലാണ്. അതേസമയം ഇന്ന്, നാം ജീവിക്കുന്നത് ശബ്ദ കോലാഹലങ്ങളുടെ ലോകത്താണ്. ആർക്കും ആരെയും തിരിച്ചറിയുവാനായിട്ട് സാധിക്കുന്നില്ല. നാമെല്ലാവരും ജീവിക്കുവാനുള്ള പരക്കംപാച്ചിലിലാണ്. അതിനാൽ ദൈവ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു.
ഈ ക്രിസ്മസ് രാത്രി നമ്മെ ക്ഷണിക്കുന്നത് ഒരു തിരിച്ചറിവിലേക്കാണ് – ജീവിത നിശ്ശബ്ദതയിലേക്കാണ്… നിശ്ശബ്ദതയിൽ നമ്മൾ ആന്തരികതയിലേക്ക് പ്രവേശിക്കുന്നു. നമുക്ക് ചുറ്റുമുള്ളവരുടെ ശബ്ദങ്ങൾ കേൾക്കാനാകുന്നു. നമ്മുടെ മാതാപിതാക്കളുടെ, ജീവിതപങ്കാളിയുടെ, മക്കളുടെ, സഹോദരങ്ങളുടെ, സുഹൃത്തുക്കളുടെ, അധ്യാപകരുടെ, ഗുരുഭൂതരുടെ, ശിഷ്യരുടെയൊക്കെ ശബ്ദങ്ങൾ കേൾക്കാനാകുന്നു. എല്ലാത്തിനുമുപരി ദൈവം മന്ത്രിക്കുന്നത് കേൾക്കാനാകുന്നു. നിശ്ശബ്ദതയിൽ വസിക്കാൻ നമുക്ക് സാധിക്കാതെ പോയാൽ ഒരിക്കൽപോലും ദൈവത്തെ തിരിച്ചറിയാൻ സാധിക്കുകയില്ല. പ്രാർത്ഥിക്കാനാഗ്രഹിക്കുന്ന ഏതു മനുഷ്യന്റെ വെല്ലുവിളിയും ഈ നിശ്ശബ്ദത തന്നെയാണ്.
ജനനം മുതൽ മരണം വരെ നിശ്ശബ്ദതയിൽ ജീവിച്ചവനാണ് ക്രിസ്തു. ജനനം നിശബ്ദതയുടെ രാത്രിയിൽ, പിന്നീട് 30 വർഷക്കാലത്തെ നിശ്ശബ്ദ ജീവിതത്തിലൂടെ തന്റെ പരസ്യ ജീവിതത്തിലേക്കുള്ള രക്ഷാകര പൂർത്തീകരണത്തിനുള്ള ശക്തിയാർജിക്കുന്നു. അവൻ പ്രാർത്ഥനയ്ക്കായി തിരഞ്ഞെടുത്തതും വിജനപ്രദേശങ്ങളായിരുന്നു. എല്ലാവരും നിദ്രയിലമർന്നപ്പോൾ അവൻ നിശ്ശബ്ദതയുടെ യാമങ്ങളിൽ തന്റെ പിതാവുമായി സ്നേഹ സംഭാഷണത്തിലേർപ്പെട്ടു. ഇപ്രകാരം ദൈവത്തിൽ വസിക്കുവാനുള്ള ശക്തി അവൻ പ്രാപിച്ചു. ക്രിസ്തു ജീവൻവെടിഞ്ഞതും പട്ടണത്തിനു പുറത്തായിരുന്നു. അതായത്, പെസഹാഘോഷങ്ങളുടെ ആരവങ്ങളിൽ നിന്നുമാറി നിശ്ശബ്ദതയുടെ മലമുകളായ കാൽവരിയിൽ അവൻ ക്രൂശിക്കപ്പെട്ടു.
നിശബ്ദതയെ സ്നേഹിച്ച ക്രിസ്തുവിന്റെ തിരുപ്പിറവിക്കുവേണ്ടിയൊരുങ്ങുമ്പോൾ നിശബ്ദതയിൽ നമ്മെ തന്നെ തിരിച്ചറിയുവാനായിട്ട്, നമ്മുടെ ചുറ്റുമുള്ളവരുടെയും, വേദനിക്കുന്നവരുടെയും, കഷ്ടതയനുഭവിക്കുന്നവരുടെയും, നിരാലംബരുടെയും നിലവിളികളും യാചനകളും കേൾക്കുവാനായിട്ട് നമ്മുടെ കാതുകൾ നമുക്ക് കൂർപ്പിക്കാം. നമ്മുടെ അധരങ്ങൾ മൂടിക്കൊണ്ട്, നമ്മുടെ സ്നേഹമാകുന്ന ഹൃദയങ്ങൾ ചുറ്റുമുള്ളവർക്കായി തുറന്നു വയ്ക്കാം. നമ്മുടെ ദൈവത്തിനായി നമ്മുടെ ഹൃദയങ്ങൾ തുറക്കാം. നിശ്ശബ്ദതയുടെ ദൈവമായ ഉണ്ണിയേശുവിനെ നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ ഭവനങ്ങളിൽ വരവേൽക്കുകയും ചെയ്യാം.
സങ്കീർത്തനം 74:16 നമുക്ക് മനഃപ്പാഠമാക്കാം: പകൽ അങ്ങയുടേതാണ്, രാത്രിയും അങ്ങയുടേതു തന്നെ; അവിടുന്ന് ജ്യോതിസ്സുകളയും സൂര്യനെയും സ്ഥാപിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.