ഡിസംബർ 14: തിരിച്ചറിവ്
ക്രിസ്മസ് ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി സമയമാണ്...
പതിനാലാം ദിവസം
ബലഹീനനായ മനുഷ്യനിൽ ദൈവത്തെ കണ്ടെത്താനുള്ള തിരിച്ചറിവാണ് ക്രിസ്മസ്! തിന്മയെ മാറ്റി നിർത്തി, നന്മയെ തിരിച്ചറിയാനുള്ള സുവർണ്ണാവസരം. ഉറച്ച ദൈവ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ, ഈ “വിവേകം” ദൈവ ദാനമായി നമുക്ക് ലഭിക്കുകയുള്ളുവെന്ന്, നമ്മുടെ ജീവിതാനുഭവങ്ങൾ വെളിപ്പെടുത്തുന്നു.
ഇസ്രായേലിന്റെ വിമോചകനാകാൻ മോശയെ ദൈവം വിളിച്ചപ്പോൾ, “ഞാൻ ആരാണ്? എനിക്ക് അതിനുള്ള പാടവമില്ല” എന്നു പറഞ്ഞുവെങ്കിലും, “തന്നോടു കൂടെ ദൈവമുണ്ടെ”ന്ന തിരിച്ചറിവ് മോശയെ ചരിത്രത്തിലെ ഏറ്റവും വലിയ വിമോചകനാക്കി മാറ്റി. വലിപ്പത്തിലും മല്ലൻ എന്ന നിലയിലും, തന്നെ വെല്ലാൻ ആരുമില്ല എന്ന ഗോലിയാത്തിന്റെ തെറ്റിദ്ധാരണ അവനെ അഹങ്കാരിയാക്കുകയും അത് മരണത്തിലേയ്ക്ക് നയിക്കുകയുമായിരുന്നു. ആട്ടിടയനായ ദാവീദ്, തന്റെ ആടുകളെ ശത്രുക്കളിൽനിന്നും രക്ഷിക്കുവാനുള്ള തന്റെ പാടവവും, കർത്താവ് തന്നെ സഹായിക്കും എന്ന തിരിച്ചറിവും ഗോലിയാത്തിനു മുമ്പിൽ വിജയശ്രീലാളിതനാക്കി മാറ്റി. കൂടാതെ, ഇസ്രായേലിന്റെ രാജപദവിയും അവൻ അലങ്കരിച്ചു.
ജീവിതത്തിൽ പല തരത്തിലുള്ള വെല്ലുവിളികൾ നേരിടുമ്പോൾ നിരാശരാകാതെ, “ദൈവം സഹായിക്കാൻ നമ്മുടെ കൂടെയുണ്ട്” എന്ന തിരിച്ചറിവ് വീണ്ടും ജീവിതത്തിൽ മുന്നേറുവാൻ ശക്തി നൽകും. പാപിനിയായ സമരിയാക്കാരി സ്ത്രീ “ക്രിസ്തുവിനെ തിരിച്ചറിഞ്ഞ”പ്പോൾ അവൾക്ക് നിത്യരക്ഷ ലഭിക്കുക മാത്രമല്ല, മിശിഹായെ പ്രഘോഷിച്ച ആദ്യത്തെ മിഷണറിയായും മാറി. കുത്തഴിഞ്ഞ ജീവിതം നയിച്ച ധൂർത്തപുത്രൻ തന്നിലേക്ക് തന്നെ തിരിച്ചു വന്നപ്പോൾ “പിതാവിനെതിരെ പാപം ചെയ്തു” എന്ന് തിരിച്ചറിവുണ്ടായി. ആ തിരിച്ചറിവ് അവനെ വീണ്ടും പിതാവിന്റെ അടുക്കലേക്ക് നയിക്കുന്നു. പിതാവിന്റെ സ്നേഹവും വാൽസല്യവും സന്തോഷവും വീണ്ടും അനുഭവിക്കാൻ ഭാഗ്യം ലഭിക്കുന്നു.
പാപിനിയായ സ്ത്രീയെ പോലെ, ധൂർത്ത പുത്രനെപോലെ സ്വന്തം ഭവനത്തിൽ നിന്നും മാറി ദൈവഹിതത്തിനു നിരക്കാത്ത വിധത്തിൽ ജീവിതം നയിക്കുന്നവർ ഇന്നത്തെ കാലഘട്ടത്തിൽ നിരവധിയാണ്. തന്നെ കീഴ്പ്പെടുത്തിയ ആസക്തികൾ പൊള്ളയായ മരീചിക ആയിരുന്നു എന്ന തിരിച്ചറിവ് അവരെ കുറ്റബോധത്തിലേക്കാഴ്ത്തുന്നു. അകന്നു പോയവരെ കാത്തിരിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്ന തിരിച്ചറിവിലേയ്ക്ക് ക്രിസ്തുമസ് നമ്മെ നയിക്കുന്നു. അവൻ നമ്മുടെ ഇടയിൽ ജനിച്ചു; നമ്മോടൊപ്പം വസിക്കുന്നു.
സക്കേവൂസ് തന്റെ കുറവ് തിരിച്ചറിയുകയും കഠിന പ്രയത്നത്തിലൂടെ രക്ഷകനായ ക്രിസ്തുവിനെ അനുഭവിച്ചറിയുകയും ചെയ്തു. ക്രിസ്തുവിൽ ദൈവത്തെ തിരിച്ചറിഞ്ഞത് അവനെ പുതിയ മനുഷ്യനാക്കി മാറ്റി. യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ്, ക്രിസ്തുവിന്റെ ഒറ്റനോട്ടത്തിൽ താൻ ചെയ്ത അപരാധത്തിന്റെ ആഴം തിരിച്ചറിഞ്ഞു. ഏഴു എഴുപതു വട്ടം ക്ഷമിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ ക്ഷമയുടെ ആഴം തിരിച്ചറിഞ്ഞ പത്രോസ് പശ്ചാത്താപവിവശനവുകയും, പൂർവാധികം വിശ്വാസത്തോടെ സഭയുടെ അമരക്കാരനാവുകയും ചെയ്തു. എന്നാൽ, ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം തിരിച്ചറിയാൻ കഴിയാതിരുന്ന യൂദാസിന്റെ ജീവിതം ഒരു തുണ്ട് കയറിൽ അവസാനിക്കുകയായിരുന്നു.
“ദൈവം നമ്മോടൊപ്പം വസിക്കുന്നു” എന്നതാണ് ക്രിസ്തുമസിൽ ക്രൈസ്തവൻ ഉൾക്കൊള്ളേണ്ട തിരിച്ചറിവ്. “ദൈവം നമ്മോടൊപ്പമുണ്ട്” എന്നത് ജീവിതപ്രയാസങ്ങളിൽ നമുക്ക് കരുത്തായിരിക്കും. “നിനക്ക് എന്റെ കൃപ മതി” എന്ന യാഥാർഥ്യം പൗലോസ് അപ്പോസ്തലൻ തിരിച്ചറിയുന്നതിന്റെ പ്രസക്തി ഇവിടെ വെളിപ്പെടുന്നു.
പ്രത്യാശയോടെ പൊൻവെളിച്ചം തൂകിക്കൊണ്ട് ബേത്ലഹേമിൽ ഭൂജാതനായ് ക്രിസ്തുവിലാണ് ജനപദങ്ങളുടെയും രക്ഷയെന്ന് മൂന്നു ജ്ഞാനികളും ആട്ടിടയന്മാരും തിരിച്ചറിഞ്ഞു. അവർ ഉള്ളതെല്ലാം ക്രിസ്തുവിന് കാഴ്ചവെച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കൂടി സമയമാണെന്നുള്ള തിരിച്ചറിവ് നമ്മെ പുതുജീവിതത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല…!