Editorial

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വാർത്താ ദാരിദ്ര്യമോ, അതോ പത്രധർമ്മ മറവിയോ

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വാർത്താ ദാരിദ്ര്യമോ, അതോ പത്രധർമ്മ മറവിയോ

എഡിറ്റോറിയൽ

പത്ര ധാർമികതയെ കുറിച്ച് SPJ (Society of Professional Journalists) പറയുന്നത് ‘കൃത്യവും, ന്യായവും, പൂർണ്ണവുമായ വിവരങ്ങളുടെ സ്വതന്ത്ര കൈമാറ്റമാണ് വാർത്തകൾ’ എന്നാണ്. അതായത്, ഒരു നൈതിക മാധ്യമപ്രവർത്തകൻ സത്യസന്ധതയോടെ പ്രവർത്തിക്കുന്നു. കൂടാതെ, SPJ
നാലു തത്വങ്ങൾ സന്മാർഗ്ഗിക പത്രപ്രവർത്തനത്തിന്റെ അടിത്തറയായി ചൂണ്ടിക്കാണിക്കുന്നു: 1) സത്യത്തെ അന്വേഷിച്ച് റിപ്പോർട്ടു ചെയ്യുക, 2) സമൂഹത്തിന് ഏൽപ്പിക്കാനിടയുള്ള ദോഷം അല്ലെങ്കിൽ അസ്വാരസ്യം കുറയ്ക്കുക, 3) സ്വതന്ത്രമായി പ്രവർത്തിക്കുക, 4) നൽകുന്ന വാർത്തകളോട് ഉത്തരവാദിത്തവും, അവ സുതാര്യവും ആയിരിക്കുക. ഈ കാര്യങ്ങളൊന്നും അറിയാതെയല്ല ടൈംസ് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത് എന്ന് കരുതുന്നു.

ഇന്നലെ, ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ട് “Rent-a-priest boon for the ostracised in Kerala” എന്നാണ്. ഈ വാർത്ത ഒന്നുകിൽ കേട്ടുകേവിയിൽ നിന്നോ, സാമ്പത്തിക നേട്ടം ലക്‌ഷ്യം വച്ചോ, അതും അല്ലെങ്കിൽ സമൂഹത്തിൽ അൽപ്പം അസ്വാരസ്യം ഉണ്ടാക്കിയേക്കാം എന്ന ലക്ഷ്യത്തോടെയോ കെട്ടിപ്പടുത്തതാണ് എന്ന് വ്യക്തം. അതിന് കാരണങ്ങൾ മൂന്നാണ്. 1) ഈ വാർത്ത സൃഷ്ടിച്ചിരിക്കുന്നത് അർദ്ധസത്യങ്ങളുടെ മേലാണ്, 2) ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന പല പദങ്ങളും, റിപ്പോർട്ടർക്ക് വിഷയത്തോടും അതിൽ പരാമര്ശിക്കപ്പെട്ടിരിക്കുന്ന സഭാ സംവിധാനത്തെകുറിച്ചുമുള്ള അജ്ഞത വ്യക്തമാക്കുന്നു, 3) റിപ്പോർട്ടർ ഒരു നിയമവിരുദ്ധ പ്രവർത്തിയെ മഹത്വീകരിക്കുവാൻ ശ്രമിച്ചിരിക്കുന്നു.

കാത്തലിക് വോക്‌സ് ഈ വിഷയത്തിൽ പ്രതികരിക്കുന്നതിനുള്ള കാരണങ്ങൾ: ഒന്നാമതായി ടൈംസ് ഓഫ് ഇന്ത്യയുടെ നെയ്യാറ്റിൻകര രൂപതയെക്കുറിച്ചുള്ള പരാമർശം; രണ്ടാമതായി രൂപതയിലെ 267 ദേവാലയങ്ങളിൽ ഒന്നായ ബാലരാമപുരം സെന്റ് സെബാസ്ത്യൻ ദേവാലയത്തിൽ അനുചിതവും ഖേദകരവുമായി ചില വ്യക്തികളുടെ കുതന്ത്രങ്ങളുടെ ഭാഗമായി മാസങ്ങൾക്കുമുമ്പ് സംഭവിച്ചുപോയ സഭാ വിരുദ്ധ-നിയമ വിരുദ്ധ-വിശ്വാസ വിരുദ്ധ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ അറിവില്ലാതെയുള്ള വിവരണം; മൂന്നാമതായി അതിന് മേൽനോട്ടം വഹിച്ച സഭാവിരുദ്ധ-വിശ്വാസ വിരുദ്ധ സംഘടനയായ ഓപ്പൺ ചർച്ച്‌ മൂവ്‌മെന്റിനെ മഹത്വീകരിക്കുവാൻ നടത്തിയിരിക്കുന്ന ശ്രമം.

ജിഷ സൂര്യ എന്ന തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർക്ക് ഒരു സഭാ സ്ഥാപനത്തെക്കുറിച്ച് പ്രതിപാദിക്കേണ്ടിവരുമ്പോൾ സംഭവത്തിന്റെ യാഥാർഥ്യത്തെക്കുറിച്ച് ഒന്ന് അന്വേഷിക്കാമായിരുന്നു, പ്രത്യേകിച്ച് ഈ വാർത്തയ്ക്ക് കുറെ നാളത്തെ പഴക്കം ഉള്ളതുകൊണ്ടുതന്നെ. താങ്കളും ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ അംഗങ്ങളും അറിയുവാൻ:
1) നെയ്യാറ്റിൻകര രൂപത “അതിരൂപത” അല്ല. തിരുവനതപുരം അതിരൂപതയുടെ പരിധിയിലുള്ള നാല് രൂപതകളിൽ ഒന്നാണ് നെയ്യാറ്റിൻകര രൂപത.
2) 20-ലധികം വർഷങ്ങളായി ബാലരാമപുരത്ത് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് കാരണക്കാർ നെയ്യാറ്റിൻകര രൂപതയോ, തിരുവനന്തപുരം അതിരൂപതയോ അല്ല. മറിച്ച്, ആ ഇടവകയുടെ സഭാ വിരുദ്ധമായ നിലപാടുകളാണ്. കേരളത്തിലുള്ള എല്ലാ ലത്തീൻ ഇടവകകളും, നെയ്യാറ്റിൻകര രൂപതയിലെ 266 ദേവാലയങ്ങളും ഇടവകകളും പിന്തുടരുന്ന കത്തോലിക്കാ സഭാരീതികളിലും നിന്ന് വിരുദ്ധമായി തങ്ങളുടേതായ നിലപാടുകൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്നരീതിയിൽ എങ്ങനെയാണ് ഒരിടവകയ്ക്ക് മാത്രം മാറിനിൽക്കാനാവുക. ഇത്രയും കാലപ്പഴക്കമുള്ള വിഷയത്തിന്റെ നിജസ്ഥിതി അറിയുവാൻ ശ്രമിക്കേണ്ടതായിരുന്നു.
3) ഓപ്പൺ ചർച്ച്‌ മൂവ്മെന്റ് 2014-ൽ ആരംഭിച്ചതാണെന്നും, ഓപ്പൺ ചർച്ച്‌ മൂവ്മെന്റ് എന്നത് കത്തോലിക്കാ സഭാ ശുശ്രൂഷാ ഇടങ്ങളായ പൗരോഹിത്യത്തിൽ നിന്നോ, സന്യാസത്തിൽ നിന്നോ, മറ്റേതെങ്കിലും സഭാ സംവിധാനങ്ങളിൽ നിന്നോ പല കാരണങ്ങളാൽ പുറത്താക്കപ്പെട്ട 600 ഓളം വരുന്ന അംഗങ്ങളുടെ ഒരു കൂട്ടായ്മയാണെന്നും നിങ്ങൾ വിവരിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ, സാമാന്യ ബുദ്ധിയിൽ തോന്നേണ്ടതായിരുന്നില്ലേ ഓപ്പൺ ചർച്ച്‌ മൂവ്മെന്റിനെ കുറിച്ചുള്ള സംശയം. ഉദാഹരണമായി ടൈംസ് ഓഫ് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും കാരണത്താൽ പുറത്താക്കപ്പെടുന്ന ഒരു വ്യക്തിയ്ക്ക് വീണ്ടും ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിക്കാൻ സാധിക്കുമോ, റിപ്പോർട്ടിങ് സാധിക്കുമോ, ടൈംസ് ഓഫ് ഇന്ത്യയുടെ പേരിൽ എവിടെയെങ്കിലും നിയമ സാധുതയോടെ പ്രവർത്തിക്കുവാൻ സാധിക്കുമോ? സത്യത്തിൽ ഇത് തന്നെയാണ് ഓപ്പൺ ചർച്ച്‌ മൂവ്മെന്റും. അപ്പോപ്പിന്നെ, ഓപ്പൺ ചർച്ച്‌ മൂവ്മെന്റിന് ബാലരാമപുരത്ത് നിയമപരമായ സാധ്യതകളോടെ കടന്നു ചെല്ലാൻ സാധിക്കുമോ.
4) ഓപ്പൺ ചർച്ച്‌ മൂവ്മെന്റ് പറയുന്നുണ്ട് ബാലരാമപുരത്താണ് ആദ്യമായി അവർ തിരുവസ്ത്രങ്ങൾ അണിഞ്ഞതെന്ന്, തിരുകർമ്മങ്ങൾ ചെയ്തതെന്ന്. അപ്പോൾ ഒരു പത്രപ്രവർത്തക എന്ന നിലയിൽ താങ്കൾക്ക് സ്വാഭാവികമായും തോന്നേണ്ട ഒരു സംശയമായിരുന്നു, “എന്തുകൊണ്ട് ഈ പ്രസ്ഥാനം രൂപം കൊണ്ട് 5 വർഷം കഴിഞ്ഞിട്ടും അവർ ‘ബാലരാമപുരം ആദ്യ പ്രവർത്തന ഇടമായി’ പറയുന്നു? കേരളത്തിൽ തന്നെയല്ലേ അടുത്ത കാലത്തതായിട്ട് ‘കൊരട്ടി പള്ളി’ മാസങ്ങളോളം പൂട്ടി ഇട്ടിരുന്നത്, വിശ്വാസികളുടെ കൂദാശകൾ മുടങ്ങികിടന്നത്. എന്തേ, ഓപ്പൺ ചർച്ച്‌ മൂവ്മെന്റ് അവിടെ കടന്നു ചെന്നില്ല? അതുപോലെ തന്നെയല്ലേ പൂട്ടിക്കിടക്കുന്ന യാക്കോബായ പള്ളികൾ, എന്തുകൊണ്ട് ഓപ്പൺ ചർച്ച്‌ മൂവ്മെന്റിന് അവിടെയുള്ള വിശ്വാസികളുടെ കാര്യങ്ങളിൽ സഹായിക്കാൻ സാധിക്കുന്നില്ല? ഇങ്ങനെയുള്ള ധാരാളം ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
5) ഓപ്പൺ ചർച്ച്‌ മൂവ്മെന്റ് പോലുള്ള പ്രസ്ഥാനങ്ങളെ മഹത്വവൽക്കരിക്കാൻ ധാരാളം മഞ്ഞപത്രങ്ങൾ നിലവിൽ കേരളത്തിൽ ഉണ്ടെന്നിരിക്കെ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പ്രശസ്തമായ പത്രങ്ങൾ ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളെ മഹത്വവൽക്കരിക്കുന്നത് പത്രധർമ്മത്തിനും സമൂഹത്തോടുള്ള ധാർമ്മിക ഉത്തരവാദിത്വങ്ങൾക്കും എതിരാണെന്നത് മറക്കാതിരിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker