ഞായറാഴ്ചയിലെ ഗണിതോൽസവം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കില്ല; കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ
ഈ പരിപാടി ജനുവരി 19 ഞായറാഴ്ച നടത്തുമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്...
സ്വന്തം ലേഖകന്‍
കൊച്ചി: സംസ്ഥാനത്തെ ആയിരത്തിമുന്നൂറോളം വിദ്യാലയങ്ങളില്‍ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഗണിതോത്സവം പരിപാടിയുമായി സഹകരിക്കില്ലെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും പ്രഖ്യാപിച്ചു. ഞായറാഴ്ചയിലെ ഗണിതോത്സവ പരിപാടിക്ക് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്കില്ലെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ.ജോസ് കരിവേലിക്കല്, ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ 22 ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗണിതോത്സവം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നു മാറ്റിവച്ചിരുന്നു. ഈ പരിപാടി ജനുവരി 19 ഞായറാഴ്ച നടത്തുമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. അടുത്ത കാലങ്ങളിലായി ഞായറാഴ്ചകള്‍ അപ്രഖ്യാപിത പ്രവൃത്തിദിനമാക്കി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന് കുറ്റപ്പെടുത്തി. ദേശീയ മെരിറ്റ് കം മീന്‍സ് പരീക്ഷകള്‍, സംസ്ഥാന പ്രവൃത്തി പരിചയ, കായികകലാമേളകള്, ഐടി അറ്റ് സ്കൂള്‍ പരിശീലനങ്ങള്‍, പ്രധാനാധ്യാപകര്‍ക്കുള്ള സീ മാറ്റ് പരിശീലനങ്ങള്‍, കെ ടെറ്റ് പരീക്ഷ തുടങ്ങിയവ ഞായറാഴ്ചകളിലാണ് സംഘടിപ്പിച്ചത്.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചകളിലെ മതപഠന ക്ലാസുകള്‍ക്കും ആരാധനാ ശുശ്രൂഷകള്‍ക്കും തടസം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയണം. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി ഡിസംബറില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതിനുശേഷവും ഏകപക്ഷീയമായ ഞായര്‍ പരിശീലനപരിപാടികളുമായി മുന്നോട്ടു പോകുന്നത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഞായറാഴ്ച ഗണിതോത്സവം നടത്തരുത്