ജീവിത വിജയം നേടാൻ…
ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ, ഉണർന്നിരിക്കുന്ന വ്യക്തികൾക്ക് മാത്രമേ "വിജയഗാഥ" രചിക്കാനാകൂ...
“ജീവിതത്തിൽ വിജയിക്കണം” എന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടായിരിക്കുകയില്ല. വിജയിക്കുവാൻ നാം എത്രമാത്രം അധ്വാനിക്കുന്നു? എത്രമാത്രം ത്യാഗമനുഷ്ഠിക്കണം? എത്രമാത്രം സ്ഥിരോത്സാഹവും, തയ്യാറെടുപ്പും നടത്തണം? പ്രത്യക്ഷമായോ, പരോക്ഷമായോ അതിനുവേണ്ടി നാം കൊടുക്കേണ്ട വില? ഇതെല്ലാം ഓരോരുത്തരുടെയും മനോഭാവത്തെയും, കാഴ്ചപ്പാടിനെയും ആശ്രയിച്ചായിരിക്കും. ലോകം കൂർക്കം വലിച്ചുറങ്ങുമ്പോൾ, ഉണർന്നിരിക്കുന്ന വ്യക്തികൾക്ക് മാത്രമേ ചരിത്രത്തിൽ “വിജയഗാഥ” രചിക്കാനാകൂ എന്നത് സ്പഷ്ടം.
മെച്ചപ്പെട്ട ജീവിത വിജയം നേടാനുള്ള കുറച്ച് ചിന്തകൾ നമുക്ക് ധ്യാന വിഷയമാക്കാം:
1) ജീവിതവിജയത്തിന് കുറുക്കുവഴികളില്ല. അതായത് ജനിക്കാതിരിക്കലാണ് എളുപ്പവഴി!!
2) നമ്മുടെ സ്വഭാവമാണ് നമ്മുടെ വിധി (വിജയം) നിശ്ചയിക്കുന്നത്!
3) എന്ത് ത്യാഗം സഹിച്ചു എന്ന് നോക്കി വേണം വിജയം വിലയിരുത്താൻ!
4) ആഗ്രഹിക്കുന്ന കാര്യങ്ങൾ “ചിലത്” നടക്കാത്തത് നന്ന് (ഭാഗ്യം) എന്ന് കരുതണം!
5) പ്രാർത്ഥനയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം പ്രവർത്തനത്തിന് ശക്തി പകരണം!
6) കൊടുക്കുന്നത് സന്തോഷപൂർവ്വം കൊടുക്കുക (വിതച്ചത് കൊയ്യുന്നു).
7) നല്ല സ്വപ്നങ്ങൾ ഉണ്ടായിരിക്കണം (ദിശാബോധം – പ്രതീക്ഷ – പ്രത്യാശ etc.etc.).
8) സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി നിരന്തരം യത്നിക്കണം (നമ്മെ അസ്വസ്ഥരാക്കണം).
9) അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോൾ വഴിവിട്ട് പെരുമാറരുത് (പ്രതിപക്ഷ ബഹുമാനത്തോടു കൂടെയാവണം. ആരുടെയും വാക്ക് “ഇരുമ്പ് ഉലക്കയൊന്നുമല്ല”…)!
10) പരാജയത്തിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കണം (തോൽവി, തടസ്സങ്ങൾ എന്നിവ ജീവിത വിജയത്തിലേക്കുള്ള “സാധ്യത”കളാണ്).
11) തെറ്റ് ചെയ്താൽ ക്ഷമ ചോദിക്കുക – തിരുത്തുക (“നമിക്കൽ” – ഉയരാം…).
12) മാറ്റങ്ങളെ സ്വാഗതം ചെയ്യാം. (മാറേണ്ട സമയത്ത് മാറണം – മാറ്റണം. അല്ലാത്തപക്ഷം “നാറും”, നാറ്റും… ചരിത്രം).
13) കേൾക്കുന്നതും കാണുന്നതും അപ്പാടെ വിശ്വസിക്കരുത് (മിന്നുന്നതെല്ലാം പൊന്നല്ല… മുക്കുപണ്ടത്തിന്റെ കാലമാണ് – ജാഗ്രത).
14) കുറച്ചുനേരം മൗനമായി ഇരിക്കുക (ചിന്തിക്കുക – ധ്യാനിക്കുക – സ്വാംശീകരിക്കുക).
15) പ്രസാദാത്മകമായ മനസ്സിന്റെ, മുഖത്തിന്റെ ഉടമയായിരിക്കുക (ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഒരു ശീലമാക്കുക… ഫോണിലൂടെ സംസാരിക്കുമ്പോഴും…).
16) ഒരുവേള വഴക്ക് ഉണ്ടായപ്പോൾ പറഞ്ഞതും, പഴയതുമായ കാര്യങ്ങൾ വീണ്ടും പറയാതിരിക്കുക (നമ്മുടെ വാദഗതിയിൽ “കഴമ്പില്ലാ”തെ വരുമ്പോഴാണ് “കാടുകയറി” പറയുന്നത്. അതായത് “വാക്ക്” പൂട്ടും താക്കോലും കൃത്യമായി ഉണ്ടാവണം).
17) അസൂയ, മുൻകോപം, മുൻവിധി, ഉത്കണ്ഠ etc.etc. ആയുസ്സിന്റെ ദൈർഘ്യം വെട്ടിക്കുറയ്ക്കുന്നു (രോഗപ്രതിരോധശക്തി നഷ്ടപ്പെടുത്തുന്നു).
18) സ്നേഹിതരായിരുന്നപ്പോൾ പങ്കുവച്ച സ്വകാര്യതകൾ, രഹസ്യങ്ങൾ, സംഭവങ്ങൾ, പിണങ്ങുമ്പോൾ ഒരു കാരണവശാലും വിളിച്ചു പറയരുത്; പരസ്യപ്പെടുത്തരുത്.
19) മഹാന്മാരുടെ ജീവചരിത്രം പഠനവിധേയമാക്കുക; തെറ്റുകൾ ഒഴിവാക്കാനും, ശരിയായ തീരുമാനമെടുക്കാനും സഹായകരമാകും.
20) ജീവിതത്തിന് ഒരു “സമയ ബജറ്റും” ഒരു കുടുംബ ബജറ്റും തയാറാക്കണം.
21) പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഒരു “മുൻഗണനാക്രമം” (priority) സൂക്ഷിക്കണം.
22) ദൈനംദിന ജീവിതത്തിലെ ആവശ്യങ്ങളുടെ പട്ടികയെ “ആവശ്യം, അത്യാവശ്യം, അവശ്യം” എന്നിങ്ങനെ തരം തിരിക്കണം (ആർഭാടം, ധൂർത്ത് ഒഴിവാക്കണം).
23) വരികൾക്കിടയിലൂടെ വായിക്കാൻ നിരന്തരം ശ്രദ്ധിക്കണം; ജാഗരൂകരായിരിക്കണം.
24) വിചാരിക്കുന്ന കാര്യങ്ങൾ 100% അതേപടി വിജയം കണ്ടെത്തുമെന്നത് “വ്യാമോഹം” മാത്രം. പ്രസ്തുത കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ നേടിയെടുക്കാനാകില്ല. പ്രാർത്ഥന, ധ്യാനം, ഉപാസന, ജാഗ്രത, വിശകലനം, വിലയിരുത്തൽ അനിവാര്യം. ദൈവം ശക്തി പകരട്ടെ !!!