ജീവിതമാകുന്ന മരക്കൊമ്പിൽ യേശുവിനെയും കാത്ത്
ജീവിതമാകുന്ന മരക്കൊമ്പിലിരുന്ന് നോക്കുമ്പോൾ അൾത്താരയിൽ നിന്ന് തിരുവോസ്തിയുടെ രൂപത്തിൽ യേശു അടുത്തേക്ക് വരികയാണ്...
ആണ്ടുവട്ടം മുപ്പത്തിയൊന്നാം ഞായർ
ഒന്നാം വായന : ജ്ഞാനം 11: 22-12:12
രണ്ടാം വായന : 2 തെസ്സലോനിക്ക 1: 11-2:2
സുവിശേഷം : വി. ലൂക്കാ 19: 1-10
ദിവ്യബലിക്ക് ആമുഖം
“യേശുവിന്റെ നാമം നമ്മളിലും, നാം യേശുവിലും മഹത്വപ്പെടട്ടെ” എന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലൻ തെസ്സലോണിയാക്കാർക്ക് നൽകുന്ന ആശംസയോടെ കൂടിയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. പിതാവായ ദൈവത്തിന്റെ കരുണയെയും, സ്നേഹത്തെയും, പാപപ്പൊറുതിയെയും കുറിച്ച് ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായന നമ്മളോട് പറയുമ്പോൾ, ദൈവപുത്രനായ യേശു സ്നേഹവും, കരുണയും, പാപപ്പൊറുതിയും ചുങ്കക്കാരൻ സക്കേവൂസിനോട് കാണിക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. തിരു വചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
‘യേശുവും സക്കേവൂസും’ തമ്മിലുള്ള സമാഗമമാണ് നാമിന്നത്തെ സുവിശേഷത്തിൽ ശ്രവിച്ചത്. വി.ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഈ സമാഗമം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു ഉപമയല്ല മറിച്ച് സംഭവിച്ചതാണ് ഈ സമാഗമത്തിന്റെ അന്തരാർത്ഥം മനസ്സിലാക്കാൻ നമുക്ക് സക്കേവൂസ് ആരാണെന്ന് മനസ്സിലാക്കാം.
ആരാണ് സക്കേവൂസ്
“നീതിമാൻ” എന്ന് അർത്ഥം വരുന്ന “സക്കായി” എന്ന ഹീബ്രു പദത്തിന്റെ ഗ്രീക്ക് രൂപമാണ് “സക്കേവൂസ്”. “ചുങ്കക്കാരിൽ പ്രധാനനും ധനികനുമാണെന്നാണ്” സുവിശേഷം ഇദ്ദേഹത്തെക്കുറിച്ച് പറയുന്നത്. ആരാണ് ചുങ്കക്കാരെന്ന് നാം കഴിഞ്ഞ ആഴ്ചയുള്ള വിചിന്തനത്തിൽ കണ്ടു (ഭരിക്കുന്ന റോമക്കാർക്ക് വേണ്ടി ഭരിക്കപ്പെടുന്ന തദ്ദേശികളായ സ്വന്തം ജനത്തോട് ചുങ്കം (നികുതി) പിരിക്കുന്നവരാണ് ചുങ്കക്കാർ. സ്വന്തം കീശ വീർപ്പിക്കാൻ അമിതമായ നികുതി ഈടാക്കുന്നതും വിദേശികളായ റോമാക്കാർക്ക് വേണ്ടിയുള്ള ജോലിയും യഹൂദ സമൂഹത്തിൽ അവർക്ക് മോശമായ സ്ഥാനം നൽകി. സമൂഹം ചുങ്കക്കാരെ പാപികളും അശുദ്ധരുമായി കണക്കാക്കി). സക്കേവൂസ് വെറും ചുങ്കക്കാരനല്ല മറിച്ച് ചുങ്കക്കാരുടെ നേതാവാണ്. അതായത് ചുങ്കം പിരിക്കാനുള്ള അനുമതി റോമാക്കാരിൽ നിന്ന് മൊത്തമായി കരസ്ഥമാക്കി, തന്റെ കീഴിൽ ജോലിക്കാരെ (ചുങ്കം പിരിക്കുന്നവരെ) നിയമിച്ച് ചുങ്കക്കാരിൽ പ്രധാനിയായി ജീവിക്കുന്നവൻ. സ്വാഭാവികമായും ഇത്തരത്തിൽ സ്ഥാനമുള്ളയാൾ ധനികനായിരിക്കും.
യേശുവുമായുള്ള സമാഗമം
സക്കേവൂസിനെ പൊക്കം കുറവുള്ളവനെന്നാണ് സുവിശേഷം വിശേഷിപ്പിക്കുന്നത്. ചില ബൈബിൾ പണ്ഡിതന്മാർ ഇതിനെ ആത്മീയമായ വലിപ്പകുറവെന്നും വിശേഷിപ്പിക്കാറുണ്ട്. തെറ്റായ രീതിയിലുള്ള ധനസമ്പാദനം അവനെ ആത്മീയമായി ചെറിയവനാക്കി. സക്കേവൂസിന് യേശുവിനെ കാണാൻ ആഗ്രഹം. സിക്കമൂർ മരത്തിൽ കയറിയിരുന്ന സക്കേവൂസിന്റെ അടുത്തേക്ക് യേശു വരുന്നു. അവനെ പേരുചൊല്ലി വിളിച്ച്, അവന്റെ ഭവനം സന്ദർശിക്കാനുള്ള ആഗ്രഹം അറിയിക്കുന്നു. യേശുവിനെ സ്വഭവനത്തിൽ സ്വീകരിക്കുന്ന സക്കേവൂസ് തന്റെ പ്രായശ്ചിത്തത്തിന്റെ അടയാളമായി സ്വത്തിൽ പകുതി ദരിദ്രർക്ക് കൊടുക്കുമെന്നും, ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായി തിരിച്ച് കൊടുക്കുമെന്നും പ്രഖ്യാപിക്കുന്നു.
അഞ്ച് ചിന്തകൾ
ഒന്ന് : സക്കേവൂസും യേശുവും തമ്മിലുള്ള സമാഗമം സുവിശേഷത്തിൽ ശ്രവിക്കുന്നതിനു മുൻപ്, ഇന്നത്തെ ഒന്നാം വായനയിൽ വിജ്ഞാനത്തിന്റെ പുസ്തകത്തിൽ ദൈവത്തിന്റെ സാർവത്രികമായ മാരുണ്യത്തെയും സ്നേഹത്തെയും കുറിച്ച് നാം ശ്രവിച്ചു. പൊതുവെ പഴയ നിയമത്തിൽ ദൈവത്തെ ശിക്ഷിക്കുന്നവനും, നിയമം നോക്കി വിധിക്കുന്നവനുമായി ചിത്രീകരിക്കാറുണ്ട്. എന്നാൽ ജ്ഞാനത്തിന്റെ പുസ്തകത്തിൽ “ദൈവം എല്ലാവരോടും കരുണകാണിക്കുന്നെന്നും, എല്ലാറ്റിനെയും സ്നേഹിക്കുന്നെന്നും, പാപികൾ പാപവിമുക്തരാകാനും ദൈവത്തിൽ പ്രത്യാശ അർപ്പിക്കുന്നതിനും വേണ്ടി ദൈവം അധാർമ്മികളെ പടിപടിയായി തിരുത്തുന്നുവെന്നും” പഠിപ്പിക്കുന്നു (ഒന്നാം വായന ജ്ഞാനം 11:22-12:2). ഇന്നത്തെ ഒന്നാം വായനയെ ഇന്നത്തെ സുവിശേഷത്തിനുള്ള ആമുഖമായി കണക്കാക്കാം. പഴയനിയമത്തിൽ പറയുന്ന ദൈവത്തിന്റെ സ്നേഹം പുത്രനായ യേശുവിലൂടെ പാപിയായ സക്കേവൂസ് അനുഭവിച്ചറിയുന്നു. ചില ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് സുവിശേഷത്തിന്റെ മുഴുവൻ സത്തയും “യേശുവും സക്കേവൂസും തമ്മിലുള്ള സമാഗമത്തിൽ” അടങ്ങിയിരിക്കുന്നുവെന്നാണ്. ചരിത്രത്തിൽ എവിടെയൊക്കെയാണോ മനുഷ്യൻ സക്കേവൂസിന്റെ ജീവിതത്തിൽ സംഭവിച്ചകാര്യം കേൾക്കുന്നത് അപ്പോഴൊക്കെ അവൻ ദൈവത്തിന്റെ സ്നേഹത്തെയും, കരുണയെയും മാപ്പിനെയും ഓർത്ത് സന്തോഷിക്കും. ഇത് തന്നെയാണ് വി.ലൂക്കാ സുവിശേഷകന്റെ ലക്ഷ്യവും.
രണ്ട് : ദൈവപുത്രനായ യേശുവിന് സക്കേവൂസ് ആരാണെന്നും, അവൻറെ ജീവിതം എന്താണെന്നും അറിയാമായിരുന്നു. അതുകൊണ്ടാണ് യേശു അവനെ പേര് ചൊല്ലി വിളിക്കുന്നത്. എന്നാൽ അവന്റെ ജീവിതത്തെ ഓർത്ത് യേശു സക്കേവൂസിനെ വിമർശിക്കുകയോ, ഒരു ധാർമ്മികോപദേശം നൽകുകയോ, നിക്ഷേധാത്മകമായ രീതിയിൽ ഒരു വാക്കു പറയുകയോ ചെയ്യുന്നില്ല. മറിച്ച് അവന്റെ ഭവനത്തിൽ വരാനുള്ള സന്നദ്ധത അറിയിക്കുകയാണ്. മറ്റൊരുവിധത്തിൽ യേശു പറയാതെ പറയുകയാണ് “സക്കേവൂസ് നീ ആരാണെന്ന് എനിക്കറിയാം, നിന്റെ എല്ലാ കുറവുകളോടുംകൂടി ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ ഞാൻ എന്റെ സുഹൃത്തായി കാണുന്നു, നീയുമായി ഞാൻ ആഴമേറിയ ബന്ധം സ്ഥാപിക്കുകയാണ്. (ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ആഴമേറിയ സൗഹൃദത്തിന്റെ അടയാളമാണ്)”. ചെറിയവനായ സക്കേവൂസിനെ യേശു വീണ്ടും സമൂഹത്തിന്റെ മുൻപിൽ വിമർശനം കൊണ്ട് ചെറിയവനാക്കുകയല്ല, മറിച്ച് സ്നേഹംകൊണ്ട് വലിയവനാക്കുകയാണ്. ദിവ്യബലിയിൽ നാം യേശുവിനെ കണ്ടുമുട്ടുമ്പോഴും യേശുവിന് നമ്മെയറിയാം, അവൻ നമ്മെ ചെറിയനാക്കുകയല്ല, അപകർഷതാ ബോധത്തിനുടമയാക്കുകയല്ല മറിച്ച് വലിയവനാക്കുകയാണ്.
മൂന്ന് : സാധാരണഗതിയിൽ യേശുവിൽ നിന്ന് സൗഖ്യം നേടിയവരും, യേശുവിന്റെ സ്നേഹം അറിഞ്ഞവരും പിന്നീട് യേശുവിനെ അനുഗമിക്കാൻ ആഗ്രഹിക്കും. യേശുവിനെ അനുഗമിക്കാമെന്നോ, യേശുവിന്റെ ശിഷ്യനാകാമെന്നോ സക്കേവൂസ് ഇവിടെ പറയുന്നില്ല. എന്നാൽ അത് ജീവിച്ചു കാണിക്കുകയാണ്. തന്റെ ജീവിതംകൊണ്ടും, പ്രവർത്തികൊണ്ടും അവൻ യേശുവിനെ അനുഗമിക്കുന്നു. പ്രത്യേകിച്ച് തന്റെ തൊഴിലിലൂടെ അകാരണമായി സമ്പാദിച്ചത് നാലിരട്ടിയായി തിരിച്ചുകൊടുക്കുമെന്നും, സ്വത്തിന്റെ പകുതി ദരിദ്രർക്ക് കൊടുക്കുമെന്നും പറയുന്നത് തീർച്ചയായും യേശുവിനെ അനുഗമിക്കുന്നത് തന്നെയാണ്. സക്കേവൂസ് നമുക്കൊരു മാതൃകയാണ്. നാ ജീവിക്കുന്ന ജീവിത ശൈലിയിലും പ്രവർത്തിയിലും മാറ്റം വരുത്തിക്കൊണ്ട് യേശുവിനെ അനുഗമിക്കാനും, യേശുവിന്റെ ശിഷ്യനാകുവാനും സക്കേവൂസ് നമ്മെ പഠിപ്പിക്കുന്നു.
നാല് : രണ്ട് ലോകത്ത് ഒരേ സമയം ജീവിച്ചയാളാണ് സക്കേവൂസ്. യഹൂദനായി യഹൂദരുടെ ഇടയിൽ ജീവിച്ച്, റോമാക്കാർക്ക് വേണ്ടി ജോലി ചെയ്യുക; ഇതാണ് രണ്ട് ലോകങ്ങൾ. ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടാണ് സക്കേവൂസ് യേശുവിനെ കണ്ടുമുട്ടുന്നതും, അവന്റെ ജീവിതത്തെ പുനഃക്രമീകരിക്കുന്നതും. “രണ്ട് ലോകങ്ങളുടെ” യാഥാർഥ്യത്തിലാണ് നമ്മളും ജീവിക്കുന്നത്: നമ്മുടെ ക്രൈസ്തവ വിശ്വാസം, മറ്റുള്ളവരുടെ വിശ്വാസം; ആത്മീയത, ഭൗതീകത; നന്മയും, തിന്മയും; ദൈവവിശ്വാസം, നിരീശ്വരവാദം; സഭയെ സ്നേഹിക്കുന്നവർ, സഭയുടെ ശത്രുക്കൾ തുടങ്ങി രണ്ട് ലോകങ്ങളുടെ യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാൻ നമുക്കും സാധ്യമല്ല. എന്നാൽ ഈ രണ്ട് ലോകങ്ങളുടെ യാഥാർത്ഥ്യത്തിലാണ് യേശു നമ്മുടെ ഇടയിലേക്ക് വരുന്നത്. നാം “ഈ യാഥാർത്ഥ്യത്തിൽ” ജീവിക്കുന്ന ആളാണെന്ന് നമ്മളെക്കാളും യേശുവിന് അറിയാം. നമ്മുടെ കടമ അവനെ നമ്മുടെ ഹൃദയമാകുന്ന ഭവനത്തിലേക്ക് സ്വീകരിച്ച്, നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്തുക എന്നുള്ളതാണ്.
അഞ്ച് : അവസാനമായി, നമ്മുടെ ജീവിതമാകുന്ന മരക്കൊമ്പിലിരുന്ന് നോക്കുമ്പോൾ അൾത്താരയിൽ നിന്ന് തിരുവോസ്തിയുടെ രൂപത്തിൽ യേശു നമ്മുടെ അടുത്തേക്ക് വരികയാണ്. അവനെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ, നാം അവനുവേണ്ടി വിരുന്നൊരുക്കും നമ്മുടെ ജീവിതത്തിലെ നല്ല തീരുമാനങ്ങളും, മാറ്റങ്ങളും അവനോട് പറയുമ്പോൾ യേശു നമ്മോടും പറയും “ഇന്ന് നിന്റെ ജീവിതത്തിന് രക്ഷ കൈവന്നിരിക്കുന്നു, നീയും അബ്രഹാമിന്റെ പുത്രനാണ്/പുത്രിയാണ്”
ആമേൻ