ജീവിക്കാനുള്ള അവകാശം നേടിയെടുക്കാൻ സമരം ചെയ്യേണ്ടിവരുന്നത് സർക്കാരിന് തന്നെ അപമാനകരം; ഉമ്മൻ ചാണ്ടി
ജോലി ചെയ്യുന്നതിന് ശമ്പളം ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അധ്യാപക സമൂഹത്തിന് എല്ലാവിധ പിന്തുണയും...
അനിൽ ജോസഫ്
തിരുവനതപുരം: ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും, അത് നേടിയെടുക്കാൻ സർക്കാരിന്റെ മുമ്പിൽ സമരം ചെയ്യേണ്ടിവരുന്നത് സർക്കാരിന് തന്നെ അപമാനകരമാണെന്നും ബഹുമാനപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.സി.ബി.സി.യും കത്തോലിക്കാ ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി കേരളത്തിലെ ജില്ലാ കേന്ദ്രങ്ങളിൽ കഴിഞ്ഞ മാസം 20 – തീയതി മുതൽ ആരംഭിച്ച ഉപവാസ സമരത്തിന്റെ തുടർച്ച സെക്രട്ടേറിയറ്റിനു മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമരത്തിനു ചുക്കാൻ പിടിച്ചത് കെ.സി.ബി.സി.യും കത്തോലിക്കാ ടീച്ചേഴ്സ് ഗിൽഡുമാണെങ്കിലും, അവരുടെ ആവശ്യം വേതനമില്ലാതെ ജോലി ചെയ്യുന്ന എല്ലാ വിഭാഗം അധ്യാപകർക്കും വേണ്ടിയിട്ടാണെന്നും, ജോലി ചെയ്യുന്നതിന് ശമ്പളം ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യേണ്ടി വരുന്ന അധ്യാപക സമൂഹത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി കൂട്ടിചേർത്തു.
റവ.ഡോ.ഡൈയസൻ യേശുദാസൻ (കോർപ്പറേറ്റ് മാനേജർ തിരുവനന്തപുരം ലത്തീൻ അതിരൂപത), ഡി.ആർ. ജോസ് (സംസ്ഥാന വൈസ് പ്രസിഡന്റ്), സാലു പതാലിൽ (സംസ്ഥാന പ്രസിഡന്റ് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്), ശ്രീ.വി.എസ്.ശിവകുമാർ എം എൽ എ, മോൺ.വർക്കി ആറ്റുപുറത്ത് (സംസ്ഥാന പ്രസിഡന്റ് കേരള എയ്ഡഡ് സ്ക്കൂൾ മാനേജേഴ്സ് അസോസിയേഷൻ), രാജു വി. (പ്രസിഡന്റ് തിരുവനന്തപുരം ലത്തീൻ അതിരൂപത) തുടങ്ങിയവർ സംസാരിച്ചു.