കൊച്ചി :ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദം വാരികയുടെ ചീഫ് എഡിറ്ററായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിയെ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമിച്ചതായി മാനേജിംഗ് എഡിറ്റര്‍ ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത് അറിയിച്ചു. ബിജോ സില്‍വേരിയെ അസോസിയേറ്റ് എഡിറ്ററായും നിയമിച്ചു.
ജെക്കോബി
പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. വരാപ്പുഴ അതിരൂപതയിലെ ചേരാനല്ലൂര്‍ സെന്റ് ജെയിംസ് ഇടവകാംഗം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും അലഹാബാദിലും ഉപരിപഠനം നടത്തി. മലയാള മനോരമയില്‍ 22 വര്‍ഷം പത്രാധിപ സമിതി അംഗം. ദീര്‍ഘകാലം റിപ്പോര്‍ട്ടറും ഏറ്റവും ഒടുവില്‍ കോപ്പി എഡിറ്ററും എഡിറ്റോറിയല്‍ ട്രെയിനിംഗ് ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഗള്‍ഫ് ടുഡെ ഇംഗ്ലീഷ് പത്രത്തിന്റെയും ടൈംഔട്ട് വാരികയുടെയും ഫീച്ചര്‍ എഡിറ്ററായും, കൊച്ചിയില്‍ ദീപിക പത്രത്തിന്റെ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 1986ലെ പ്രഥമ ഭാരതസന്ദര്‍ശനവേളയില്‍ വത്തിക്കാന്‍ അക്രെഡിറ്റേഷനുള്ള രാജ്യാന്തര മാധ്യമസംഘത്തില്‍ അംഗമായി പേപ്പല്‍ ഫ്‌ളൈറ്റില്‍ സഞ്ചരിച്ചു. ശ്രീലങ്കയുടെ അപ്പോസ്തലനായ ഇന്ത്യന്‍ മിഷണറി ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ജോണ്‍ പോള്‍ പാപ്പയുടെ കൊളംബോ സന്ദര്‍ശനവും, കോല്‍ക്കത്തയില്‍ വിശുദ്ധ മദര്‍ തെരേസയുടെ സംസ്‌കാരശുശ്രൂഷയും, റോമില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ തെരഞ്ഞെടുപ്പും, ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അന്ത്യയാത്രയും, ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ചൈനയിലേക്ക് ഹോങ്കോംഗിന്റെ കൈമാറ്റവും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടു. കേരള മീഡിയ അക്കാദമിയിലും ഭാരതീയ വിദ്യാഭവനിലും മീഡിയ കോഴ്‌സുകളുടെ ഗസ്റ്റ് ഫാക്കല്‍റ്റിയില്‍ പങ്കാളിയായി. കൊച്ചി തീരത്തിന്റെ ഗന്ധമുള്ള നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്. മദര്‍ തെരേസ – കനിവിന്റെ മാലാഖ, പ്രവാചകന്റെ വെളിപാടുകള്‍ (ഖലീല്‍ ജിബ്രാന്റെ പരിഭാഷ), മോറിസ് വെസ്റ്റിന്റെ ലാസറസ് (മൊഴിമാറ്റം), ജാഗരം (കഥകള്‍), രമണ മഹര്‍ഷി (ദര്‍ശനം – മൊഴിമാറ്റം), തത് ത്വം അസി (ഇംഗ്ലീഷ്) തുടങ്ങിയവ രചനകളില്‍ ഉള്‍പ്പെടുന്നു.
ബിജോ സില്‍വേരി
കോട്ടപ്പുറം രൂപത, മതിലകം ഇടവക, ഓലപ്പുറത്ത് സില്‍വേരിയുടെയും റോസിയുടെയും മകന്‍. മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂള്‍, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ പഠനം. 1994 ല്‍ മാതൃഭൂമി ദിനപത്രത്തിലൂടെ പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു. പിന്നീട് വിവിധ പത്രങ്ങളില്‍ റിപ്പോര്‍ട്ടര്‍, ബ്യൂറോ ചീഫ്, ഡെസ്‌ക് ചീഫ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹി, ബാംഗളൂര്‍, കൊച്ചി, കൊല്ലം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു.