ജയിലില്‍ തടവ് പുളളികളുടെ കാല്‍കഴുകി ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ ….മാതൃക
പുരഷന്‍മാരും സ്ത്രികളുമുള്‍പ്പെടെയുളള 12 പേരുടെ പാദങ്ങളാണ് പാപ്പ കഴുകി മുത്തിയത്.
അനിൽ ജോസഫ്
വത്തിക്കാന്‍ സിറ്റി : ജയിലില്‍ തടവുപുളളികളുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ. പെസഹാ ദിനമായ ഇന്നലെ വൈകിട്ട് റോമിലെ സിവിറ്റവേച്ചിയ ജയിലിലെത്തിയാണ് ഫ്രാന്‍സിസ് പാപ്പ തടവുകാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചത്. ജയിലിലെ ചാപ്പലില്‍ ദവ്യബലിയര്‍പ്പിച്ച പാപ്പ ഹൃസ്വമായൊരു വചന പ്രഘോഷണവും നടത്തി.
നിങ്ങള്‍ പരസ്പരം പാദങ്ങള്‍ കഴുകണമെന്ന് ലളിതമായി യേശു നമ്മെ പഠിപ്പിക്കുന്നു. തിരികെ ലഭിക്കുമെന്ന പ്രതീക്ഷ വയ്ക്കാതെ നിങ്ങള്‍ സ്നേഹം പങ്ക് വയ്ക്കണം അത് അനുദിനവും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ദൈവീകമായ അനുഗ്രഹമുണ്ടാവുമെന്ന് പാപ്പ പറഞ്ഞു.
റോമിന് വടക്കുള്ള തുറമുഖ നഗരമായ സിവിറ്റവേച്ചിയയിലെ പുതിയ തടങ്കല്‍ സമുച്ചയത്തിലെ ജയിലാണ് ഇത്തവണ പാപ്പ പെസഹാ തിരുകമ്മങ്ങള്‍ക്കായി തെരെഞ്ഞെടുത്ത്. വൈകിട്ട് 4 മണിയോടെ ജയിലിലെത്തിയ പാപ്പയെ ജയില്‍ അധികൃതര്‍ സ്വീകരിച്ചു. ഇറ്റലിയിലെ ആഭ്യന്തര വകുപ്പ് മന്ത്രി ഉള്‍പ്പെടെ യുളളവരും തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
പുരഷന്‍മാരും സ്ത്രികളുമുള്‍പ്പെടെയുളള 12 പേരുടെ പാദങ്ങളാണ് പാപ്പ കഴുകി മുത്തിയത്. ഒരു സ്ത്രീയുടെ പാദം ചുംബിക്കുമ്പോള്‍ വികാരഭരിതയായി അവര്‍ പാപ്പയുടെ കൈകള്‍ ചുംബിച്ചതും വ്യത്യസ്തമായ കാഴ്ചയായി.
തുടര്‍ന്ന് ജയിലില്‍ 50 പേരടങ്ങുന്ന സംഘവുമായി ഹ്രസ്വമായൊരു കൂടികാഴ്ചയും പാപ്പ നടത്തി. ജയിലില്‍ തടവ് പുളളികള്‍ നിര്‍മ്മിച്ച വസ്തുക്കളും ജയിലിലെ പച്ചക്കറി തോട്ടത്തിലെ പച്ചക്കറി ഇനങ്ങളും ജയില്‍ അന്തേവാസികള്‍ പാപ്പക്ക് സമ്മാനമായി നല്‍കി.