Kerala

ജപ്പാന്റെ ന്യൂൺഷിയോ ആർച്ചുബിഷപ്പ് ജോസഫ് ചേന്നേത്ത് സുവർണ്ണ ജൂബിലി നിറവിൽ; റോമിൽ ആശംസകളർപ്പിച്ച് രൂപതാംഗങ്ങൾ

വത്തിക്കാന് ഇപ്പോൾ 174 രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്

സ്വന്തം ലേഖകൻ

റോം: കത്തോലിക്കാ സഭയുടെ ജപ്പാനിലെ ന്യൂൺഷിയോയും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ ആർച്ചുബിഷപ്പ് ജോസഫ് ചേന്നേത്ത് പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ. റോമിൽ പഠിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ അൻപതോളം വൈദീകരും സന്യസ്തരും ഒത്തുചേർന്നാണ് വിശുദ്ധ കുർബാനയും, സ്നേഹവിരുന്നുമായി അദ്ദേഹത്തിന് ആദരമൊരുക്കിയത്. ശനിയാഴ്ച റോമിലെ മെറുളാനയിലെ BPS കോൺവെന്റിലായിരുന്നു സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.

കഴിഞ്ഞ അരശതാബ്ദത്തിലേറെയായി ആഗോള സഭയുടെ ആധ്യാത്മികവും, സാമൂഹികവും, സാംസ്കാരികവുമായ മേഖലകളിലെ ഉന്നമനത്തിന് സുപ്രധാനമായ പങ്കു വഹിച്ചു വരികയാണ് ആർച്ചുബിഷപ്പ് ജോസഫ് ചേന്നേത്ത്.

ഫാ.ജിമ്മി മണ്ടിയിൽ, ഫാ.വർഗീസ് അമ്പലത്തിങ്കൽ എന്നിവർ ന്യൂൺഷിയോയ്ക്ക് ആശംസകൾ നേർന്നു. സി.എലിസബത്ത് SABS അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരം അർപ്പിച്ചു.

വത്തിക്കാന് ഇപ്പോൾ 174 രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്. ദൈവേഷ്ടം അനുസരിച്ച് എവിടെ പോകുവാനും, ക്രിസ്തുവിന്റെ ജീവനിലും ദൗത്യത്തിലും പങ്കാളിയായി സഭയുടെ നയതന്ത്ര ജോലിയിൽ പങ്കുചേരുന്നതിലും തീർത്തും സംതൃപ്തനാണെന്നും, ദൈവേഷ്ടമനുസരിച്ച് സാധിക്കുന്നകാലമത്രയും മുന്നോട്ട് പോകുമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. സ്വന്തം രൂപതയ്ക്ക് ഉപരിയായി ആഗോളസഭക്ക് തന്റെ കഴിവും സമയവും അർപ്പിക്കാൻ ദൈവം എനിക്ക് അവസരം തന്നു താനത് നന്നായി വിനിയോഗിച്ചു എന്ന് കരുതുന്നുവെന്നും, വിവിധ രാജ്യങ്ങളിൽ പത്രോസിന്റെ പിൻഗാമിയുടെ പ്രതിനിധിയാകുന്നതിലെ ഉത്തരവാദിത്തവും അതിലൂടെ നൽകേണ്ട സാക്ഷ്യവും തന്നെ എന്നും കൂടുതൽ ശ്രദ്ധയോടെ വ്യപരിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

1943 ഒക്ടോബർ 13-ന് കൊക്കമംഗലം ചേന്നോത്ത് ജോസഫിനെയും മറിയത്തെയും മകനായി ജനനം. അഞ്ച് സഹോദരന്മാരും രണ്ടു സഹോദരിമാരും. 1960-ൽ എറണാകുളം മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. ആലുവ മേജർ സെമിനാരിയിൽ ഒരുകൊല്ലം ഫിലോസഫി പഠനം. തുടർന്ന്, 1963-ൽ റോമിലെ ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിലും, തിയോളജിയും ബിരുദം. തുടർന്ന്, 1969 മെയ് 4-ന് ഓസ്ട്രിയയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. 1973-ൽ റോമിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ലാറ്റിൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ, ചൈനീസ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. പരിശുദ്ധ പോൾ ആറാമൻ പാപ്പാ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. തുടർന്ന്, മൂന്നു വർഷക്കാലം ടർക്കിയിൽ സേവനം. തുടർന്ന്, രണ്ടുവർഷം വത്തിക്കാനിലെ വിദേശകാര്യ കേന്ദ്രത്തിൽ പ്രവർത്തനം. തുടർന്ന്, മൂന്ന് വർഷക്കാലം ബെൽജിയം, ലാക്‌സൺ ബെർഗ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സേവനം ചെയ്തു. 1990 മുതൽ മൂന്നുവർഷം സ്പെയിനിൽ കൗൺസിലറായിയും 1993 മുതൽ രണ്ടു വർഷം ഡെൻമാർക്ക്, സ്വീഡൻ, നോർവെ, ഫിൻലാൻഡ്, ഐസ്ലാൻഡ് എന്നീ രാജ്യങ്ങളിലും കൗൺസിലറായി സേവനം ചെയ്തു.

1995 മുതൽ 1999 വരെ തായ്‌വാനിൽ ആയിരുന്നപ്പോഴാണ് ബെനഡിക് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ ന്യൂൺഷിയോ ആയി നിയമിച്ചത്. അതിനുശേഷം അദ്ദേഹം സെൻട്രൽ ആഫ്രിക്കയിലും ചാഡിയിലും ന്യൂൺഷിയോയായി പ്രവർത്തിച്ചു. 2011 മുതൽ ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ ബെനെഡിക്ട് പതിനാറാമൻ പാപ്പായാണ് അദ്ദേഹത്തെ ന്യൂൺഷിയോയായി നിയമിച്ചത്.

ചേന്നോത്ത് പിതാവിനെ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1999-ൽ ആർച്ചുബിഷപ്പായി ഉയർത്തിയത്. 1986-ൽ ജോൺപോൾ രണ്ടാമൻ പാപ്പാ ഇന്ത്യ സന്ദർശിച്ചപ്പോൾ റോമിൽ നിന്നും പാപ്പായോടൊപ്പം ഉണ്ടായിരുന്നു.

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker