ജനുവരി 26 ആഗോളസഭയിൽ ദൈവവചനത്തിന്റെ പ്രഥമ ഞായറാഴ്ച
“മനസ്സുകള്‍ തുറക്കപ്പെട്ടു...” എന്നര്‍ത്ഥം വരുന്ന അപ്പസ്തോലിക ലിഖിതത്തിലൂടെയാണ് "ദൈവവചനത്തിന്റെ ഞായറാഴ്ച" പ്രഖ്യാപിച്ചത്...
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഇനിമുതൽ ആഗോളസഭയിൽ എല്ലാവർഷവും ഒരു ഞായറാഴ്ച “ദൈവവചനത്തിന്റെ ഞായറാഴ്ച”യായി ആചരിക്കപ്പെടും. ദൈവവചനത്തോടുള്ള ബഹുമാനവും, സ്നേഹവും, വിശ്വസ്തതയും വളര്‍ത്താന്‍ ആരാധനക്രമകാലത്തെ “ആണ്ടുവട്ടം മൂന്നാം വാരം ഞായറാഴ്ച” ദൈവവചന ഞായറായി ആചരിക്കാനാണ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനംചെയ്തിട്ടുള്ളത്.
2019 സെപ്തംബര്‍ മാസം 30-ന് തിരുവചനത്തിന്റെ ധ്യാനത്തിനും പരിഭാഷയ്ക്കുമായി തന്റെ ജീവിതം സമര്‍പ്പിച്ച വിശുദ്ധ ജെറോമിന്റെ തിരുനാളില്‍ നൽകിയ (Aperuit Illis) “മനസ്സുകള്‍ തുറക്കപ്പെട്ടു…” എന്നര്‍ത്ഥം വരുന്ന അപ്പസ്തോലിക ലിഖിതത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ആണ്ടുവട്ടം മൂന്നാംവാരം “ദൈവവചനത്തിന്റെ ഞായറാഴ്ച”യായി പ്രഖ്യാപിച്ചിട്ടുള്ളത്.
“തിരുവെഴുത്തുകള്‍ മനസ്സിലാക്കുവാന്‍ തക്കവിധം അവിടുന്ന് അവരുടെ മനസ്സുകള്‍ തുറന്നു” (ലൂക്കാ 24, 45), എന്ന ദൈവവചനമാണ് പാപ്പായുടെ ഈ പ്രബോധനത്തിന് ആധാരമാകുന്നത്. ക്രൈസ്തവര്‍ തങ്ങളുടെ അനുദിന ജീവിതത്തില്‍ വചനത്തിനുള്ള പ്രധാന്യവും പ്രസക്തിയും മനസ്സിലാക്കി ജീവിക്കുന്നതിനുവേണ്ടിയാണ് പാപ്പാ ആഗോളസഭയില്‍ തിരുവചനത്തിന്റെ ഞായര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേലയാണ് ജനുവരി 17-ന് ഇറക്കിയ പ്രസ്താവനയിലൂടെ “ദൈവവചനത്തിന്റെ ഞായര്‍” ആഗോളസഭയില്‍ ആചരിക്കുന്നതിന് ഫ്രാന്‍സിസ് പാപ്പാ നല്കിയിട്ടുള്ള ആഹ്വാനത്തെക്കുറിച്ച് സഭാസമൂഹങ്ങളെയും സഭാദ്ധ്യക്ഷന്മാരെയും ഓർമ്മിപ്പിച്ചത്.