ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ല; ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി
കോട്ടപ്പുറം രൂപതയിൽ പ്രോ-ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾക്ക് തുടക്കമായി...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: പ്രോ- ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ കോട്ടപ്പുറം രൂപതയിൽ തുടക്കം കുറിച്ചു. കോട്ടപ്പുറം കത്തീഡ്രൽ ദേവാലയത്തിൽ മൂന്നും അതിനു മുകളിലും കുഞ്ഞുങ്ങളുള്ള കുടുംബത്തിലെ കുട്ടികൾക്ക് മാമ്മോദീസ നൽകികൊണ്ടാണ് കോട്ടപ്പുറം രൂപതയിലെ പ്രോ-ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങളെ മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തത്. രൂപതയിൽ പ്രോ-ലൈഫിന്റെ പ്രവ൪ത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി എല്ലാ ഇടവകകളിലും പ്രോ-ലൈഫ് സമിതികൾ രൂപീകരിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
ജനിക്കാനുളള അവകാശം നിഷേധിക്കാ൯ ഒരുനിയമത്തിനും മനുഷ്യനും അവകാശമില്ലെന്നും, ക്രൈസ്തവർ സ്വാ൪ത്ഥതയിലും സാമ്പത്തിക നേട്ടത്തിലുമായി ശ്രദ്ധകേന്ദ്രീകരിച്ച് ജീവന് യാതൊരു വിലയും കല്പിക്കാത്ത ഈ കാലഘട്ടത്തിൽ, ജീവ൯ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്ന പ്രോ- ലൈഫ് സമിതിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നുവെന്നും ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി പറഞ്ഞു.
കുടുംബവ൪ഷാചരണത്തിന്റെ ഭാഗമായി നാലും അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സംഗമം നടത്താനും, അതോടൊപ്പം രൂപതയുടെ ഡോൺ ബോസ്കോ ഹോസ്പിറ്റലുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതികൾ രൂപീകരിക്കാനും തീരുമാനിച്ചതായി അഭിവന്ദ്യ പിതാവ് പറഞ്ഞു. കത്തീഡ്രൽ വികാരി ഫാ. അംബ്രോസ് പുത്ത൯വീട്ടിൽ, രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, കത്തീഡ്രൽ അസി.വികാരി ഫാ. വർഗീസ് കാട്ടാശ്ശേരി, രൂപത ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി സി. കൊച്ചുത്രേസ്യ എന്നിവർ സന്നിഹിതരായിരുന്നു.
2013-ൽ കോട്ടപ്പുറം രൂപതയുടെ അധ്യക്ഷനായ നാൾ മുതൽ മൂന്നും അതിനു മുകളിലും കുട്ടികളുള്ള കുടുംബത്തിലെ 63 കുഞ്ഞുങ്ങൾക്ക് അഭിവന്ദ്യ പിതാവ് ഇതിനകം തന്നെ മാമ്മോദീസ നൽകിയിട്ടുണ്ട്.