സ്വന്തം ലേഖകൻ
മലയാറ്റൂർ: മാർ തോമാശ്ലീഹായുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ മലയാറ്റൂരിന്റെ മണ്ണിൽ പുതുഞായർ തിരുനാൾദിനമായ ഇന്നലെ ആയിരക്കണക്കിന് കണ്ഠങ്ങളിൽനിന്നുയർന്നത് വിശ്വാസത്തിന്റെ നിലയ്ക്കാത്ത ആരവം. പൊന്നിൻകുരിശുമല മുത്തപ്പോ, പെൻമലകയറ്റം വിളികളാൽ മുഖരിതമായ അഖിലേന്ത്യാ തീർത്ഥാടനകേന്ദ്രം ഭക്തിയുടേയും വിശ്വാസത്തിന്റേയും നേർസാക്ഷ്യമായി. ഇന്നലെ ഇടതടവില്ലാതെ ഇവിടേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്.
കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും (താഴത്തെ പളളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാൾ ഇന്നലെ ഭക്തിപൂർവം കൊണ്ടാടി. വ്യാഴാഴ്ച തിരുനാൾ കൊടിയേറിയതുമുതൽ കുരിശുമുടിയിൽ വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.
മലമുകളിലേക്കുള്ള കൽപ്പടവുകൾ താണ്ടി മാർ തോമാ ശ്ലീഹായുടെ തിരുസ്വരൂപവും തിരുശേഷിപ്പും സൂക്ഷിച്ചിരിക്കുന്ന കുരിശുമുടിയും മാർത്തോമ്മാ മണ്ഡപത്തിലെ ബലിയർപ്പണ സന്നിധി, ആന കുത്തിയ പള്ളി, അത്ഭുത ഉറവ, പൊൻകുരിശ്, മാർതോമാശ്ലീഹായുടെ കാൽപ്പാടുകൾ എന്നിവിടങ്ങളും തൊട്ടു വണങ്ങിയ വിശ്വാസികൾ ഭാരത അപ്പസ്തോലന്റെ വിശ്വാസയാത്രയുടെ ഭാഗമായിത്തീരുകയായിരുന്നു.
വിശ്വാസതീക്ഷ്ണതയോടെ, ദുഃഖങ്ങളും ദുരിതങ്ങളും മുത്തപ്പന്റെ കാൽചുവട്ടിൽ സമർപ്പിച്ച് മലയിറങ്ങുമ്പോൾ വിശ്വാസികളുടെ മുഖത്ത് പ്രതിഫലിച്ചത് ആത്മീയാനുഭൂതിയുടെ നവചൈതന്യം.
Related