ജനബോധന യാത്ര വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു
സാമ്പത്തിക ശക്തി കേന്ദ്രങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല; ഡോ.ജോസഫ് കളത്തിപ്പറമ്പില്‍
ജോസ് മാർട്ടിൻ
കൊച്ചി/മൂലമ്പിള്ളി: അതിജീവനത്തിനും, ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.ആര്‍.എല്‍.സി.സി., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെയുള്ള ജനബോധന യാത്ര മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ നൽകിയ പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോൺ. മാത്യു ഇലഞ്ഞിമറ്റം എന്നിവർ ഏറ്റുവാങ്ങി യാത്രയ്ക്ക് നേതൃത്വം നല്കുന്ന കെ.ആര്‍.എല്‍.സി.സി. വൈസ്പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എല്‍.സി.എ. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ക്ക് കൈമാറികൊണ്ട് ജനബോധന യാത്രക്ക് തുടക്കം കുറിച്ചു.
എറണാകുളം നഗരത്തിലെത്തിയ യാത്രയെ മദര്‍ തെരേസ ചത്വരത്തില്‍ സ്വീകരിക്കുകയും വൈകിട്ട് നാല് മണിക്ക് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വാതന്ത്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജനങ്ങളെ തെരുവിലേക്ക് ഇറക്കുന്നത് അതീവ ദുഃഖകരമാണെന്നും, പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ള ഈ യാത്ര മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും, വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നീതി ലഭിക്കണം എന്ന ദൃഢനിശ്ചയത്തോടെ നടത്തുന്ന യാത്രയാണിതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങളുയര്‍ത്തി സമരം ചെയ്യുമ്പോള്‍ അതിനോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന അധികാരികളോട് തീരദേശവാസികള്‍ ഒറ്റയ്ക്കല്ല എന്നോര്‍മ്മപ്പെടുത്താനാണ് ഈ സമരം കൊണ്ട് കേരളസമൂഹം ആഗ്രഹിക്കുന്നതെന്നും, നീതി നല്‍കാന്‍ തീരുമാനമെടുക്കുന്ന ഇടങ്ങളില്‍ തീരജനതയ്ക്ക് വേണ്ടിയും കുടിയൊഴിപ്പിക്കപ്പെടുവര്‍ക്ക് വേണ്ടിയും വാദിക്കാന്‍ ആളുകളുടെ എണ്ണം കുറഞ്ഞു എന്നതിന്റെ പേരില്‍ അവര്‍ക്ക് നീതി നിഷേധിക്കുന്നത് ദുഃഖകരമാണെന്നും പ്രളയകാലത്ത് കേരളത്തിന്റെ സൈന്യം എന്നാണ് മത്സ്യത്തൊഴിലാളികളെ വിശേഷിപ്പിച്ചത് മറക്കരുതെന്നും, വികസന പദ്ധതികള്‍ക്ക് നമ്മൾ എതിരല്ല, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനു വേണ്ടിയും തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു വേണ്ടിയും പള്ളിയും സിമിത്തേരിയും വിട്ടുകൊടുത്തവരാണ് നമ്മുടെ പൂര്‍വികരെന്നും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പൊതു നന്മയ്ക്കും വേണ്ടി നിലകൊണ്ടവരാണ് നമ്മള്‍. എന്നാല്‍ പൊതുനന്മ ലക്ഷ്യമാക്കാതെ സാമ്പത്തികശക്തി കേന്ദ്രങ്ങള്‍ക്കും അവരുടെ താല്പര്യങ്ങള്‍ക്കും വേണ്ടി മാത്രമായി സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും മാറുന്നത് അംഗീകരിക്കാനാവില്ലായെന്നും, ജനബോധന യാത്ര അധികാരികളുടെ കണ്ണു തുറക്കാന്‍ സഹായിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
വൈകിട്ട് 5-ന് രാജേന്ദ്ര മൈതാനിയില്‍ ചേര്‍ന്ന ആദ്യദിന സമാപന സമ്മേളനം കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണമെന്നും, ജനങ്ങൾക്ക് ബോധ്യപ്പെടുന്ന പദ്ധതികളേ നടപ്പിലാക്കാൻ പാടുള്ളൂവെന്നും അല്ലെങ്കിൽ ജനാധിപത്യമല്ല ഏകാധിപത്യമാകും നടപ്പാക്കുകയെന്നും വിഴിഞ്ഞത്ത് ദുരിതമനുഭവിക്കുന്ന തീരദേശ ജനതക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.പി. ഫൈസല്‍ അസ്ഹരി, ഡോ. കെ.എം ഫ്രാന്‍സിസ്, ചാള്‍സ് ജോര്‍ജ്, ഫ്രാൻസിസ് കളത്തുങ്കൽ, പി.ജെ.തോമസ്, റോയ് പാളയത്തിൽ, ബെന്നി പാപ്പച്ചൻ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെപ്റ്റംബര്‍ 15-ന് കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര പള്ളുരുത്തിയില്‍ നിന്ന് തോപ്പുംപടി ബി.ഒ.ടി ജംഗ്ഷനിലേക്ക് നടത്തുന്ന പദയാത്രയോടെ സമാപിക്കും.
16-ന് മൂന്നാം ദിന യാത്ര ആലപ്പുഴ രൂപതയുടെ നേതൃത്വത്തിൽ രാവിലെ ചെല്ലാനത്ത് നിന്നു ആരംഭിച്ച് ഉച്ചയ്ക്ക് മൂന്നിന് ആലപ്പുഴയിൽ എത്തിച്ചേരുകയും തുടര്‍ന്ന് ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രല്‍ ക്യാമ്പസില്‍ നിന്നു പദയാത്രയായി പുന്നപ്രയില്‍ എത്തിച്ചേര്‍ന്ന് പൊതുസമ്മേളനം നടത്തും.
സെപ്റ്റംബര്‍ 17ന് ശനിയാഴ്ച്ച കൊല്ലം രൂപത യാത്രയ്ക്ക് നേതൃത്വം നല്‍കുകയും ഹരിപ്പാട് നിന്ന് ആരംഭിക്കുന്ന യാത്ര കൊല്ലത്ത് ചിന്നക്കടയില്‍ പൊതുയോഗത്തോടെ സമാപിക്കും.
സെപ്റ്റംബര്‍ 18 ഞായറാഴ്ച്ച തിരുവനന്തപുരം ജില്ലയുടെ തീരദേശ തീരപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജനബോധന യാത്രയ്ക്ക് തിരുവനന്തപുരം അതിരൂപത നേതൃത്വം നല്‍കും. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് സമരവേദിക്ക് മുന്‍പില്‍ പൊതുയോഗത്തോടെ സമാപിക്കും.
തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമരസമിതി ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര മുഖ്യപ്രഭാഷണം നടത്തും. മത-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സംസാരിക്കും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും പ്രതിനിധികള്‍ ജാഥയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.