ചർച്ച് ആക്ട് ബിൽ, ക്രൈസ്തവ സഭകൾക്ക് നേരെയുള്ള നിഗൂഢ പദ്ധതിയുടെ ഭാഗം, സഭയുടെ ഭരണസംവിധാനങ്ങൾ നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും വിട്ടുകൊടുക്കില്ല; ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി
സ്വന്തം ലേഖകൻ
കോട്ടപ്പുറം: ക്രൈസ്തവ സഭകൾക്ക് നേരെയുള്ള നിഗൂഢ പദ്ധതിയുടെ ഭാഗമാണ് ചർച്ച് ആക്ട് ബില്ലെന്നും സഭയുടെ ഭരണ സംവിധാനങ്ങൾ നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും കൊടുക്കില്ലെന്നും കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം സെന്റ് മൈക്കിൾ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രതിക്ഷേധ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബിഷപ്പ്.
കത്തോലിക്കാ സഭയിൽ രൂപതകളുടെ കീഴിലുള്ള ഇടവകകളുടെയും സ്ഥാപനങ്ങളുടെയും കണക്കുകൾ കൃത്യമായി ഓഡിറ്റിങ് നടത്തി ഇൻകംടാക്സ് ആക്ടിന്റെ പരിധിയിൽ വരുന്ന വരുമാനങ്ങൾക്ക് കൃത്യമായ റിട്ടേൺ ഫയൽ ചെയ്യുകയും ചെയ്യുന്ന രീതിയാണ് തുടർന്നുപോകുന്നത്. അതുകൊണ്ടുതന്നെ യാതൊരുവിധത്തിലുമുള്ള അരക്ഷിതാവസ്ഥ നിലനിൽക്കുന്നുമില്ല. അതുകൊണ്ടുതന്നെ, സഭയുടെ ഭരണ സംവിധാനൾ നിരീശ്വരവാദികൾക്കും വർഗീയ പ്രസ്ഥാനങ്ങൾക്കും കൊടുക്കില്ലെന്നും ക്രൈസ്തവ മിഷണറിമാർ കെട്ടിപ്പടുത്ത സ്ഥാപനങ്ങളെയും ഇടവകകളെയും അവകാശങ്ങളെയും സംരക്ഷിക്കാൻ രൂപത മുഴുവൻ പ്രതിക്ഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
കോട്ടപ്പുറം സെന്റ് മൈക്കിൾ കത്തീഡ്രൽ വികാരി ഫാ.ജോസഫ് മുട്ടിക്കൽ, ഫാ.പോൾ തോമസ് കളത്തിൽ, ഫാ.വർഗീസ് താണിയത്ത്, ഫാ.ടെന്നീസ് അവിട്ടംപിള്ളി, ശ്രീ.ജോൺസൻ വാളൂർ തുടങ്ങിയവർ പ്രസംഗിച്ചു.