Meditation

ചോദിക്കുവിൻ, അന്വേഷിക്കുവിൻ, മുട്ടുവിൻ

പ്രാർത്ഥനയിലൂടെ പ്രത്യാശയിൽ ജീവിക്കാൻ പഠിപ്പിക്കുകയാണ് എസ്തേർ...

എസ്തേറിന്റെ പുസ്തകത്തിൽ എസ്തേർ ഇസ്രായേൽ ജനങ്ങൾക്കുവേണ്ടി മാധ്യസ്ഥം യാചിക്കുന്ന ഒരു സുന്ദരമായ പ്രാർത്ഥനയുണ്ട്, “കർത്താവേ അങ്ങ് സകല ജനങ്ങളിൽനിന്നും ഇസ്രയേലിനെ തിരഞ്ഞെടുത്തുവെന്നും അവരോടു വാഗ്ദാനം ചെയ്തതെല്ലാം അങ്ങ് നിറവേറ്റിയെന്നും ജനനം മുതൽ ഞാൻ എന്റെ കുടുബാഗോത്രത്തിൽ പറഞ്ഞു കേട്ടിട്ടുണ്ട്…” (എസ്തേർ 14:5). ജനനം മുതൽ ദൈവത്തെക്കുറിച്ചു പറയുന്ന ഒരു കുടുംബത്തിൽ വളർന്ന എസ്തേറിന്റെ പ്രാർത്ഥനയ്ക്ക് വിശ്വാസത്തിന്റെ ആഴമുണ്ട്. കാരണം, അവൾ തന്റെ കുടുംബത്തിൽ നിന്നും കേട്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും ഇസ്രയേലിനെ രക്ഷിച്ച ദൈവത്തെയാണ്. ഈ പ്രാർത്ഥന അവൾ പ്രാർത്ഥിക്കുന്നത്, ഇസ്രയേലിന്റെ ദുരിതം കണ്ട്, അവർക്കുവേണ്ടി മാധ്യസ്ഥ്യം യാചിച്ചുകൊണ്ടാണ്. ചാക്കുടുത്ത്, ചാരംപൂശി പഴകാലങ്ങളിൽ ഇസ്രയേലിനെ രക്ഷിച്ച കർത്താവ് ഇനിയും രക്ഷയുടെ കരം നീട്ടുമെന്ന് വിശ്വസിച്ച്, പ്രാർത്ഥനയിലൂടെ പ്രത്യാശയിൽ ജീവിക്കാൻ പഠിപ്പിക്കുകയാണ് എസ്തേർ.

യേശു പറയുന്നു, “തന്നോട് ചോദിക്കുന്നവർക്കു എത്രയോ എത്രയോ കൂടുതൽ നന്മകൾ അവിടുന്ന് നൽകും” (മത്താ.7:11). ആയതിനാൽ, വിശ്വാസപൂർവ്വം “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും” (മത്താ.7:7).
ചോദിക്കുവിൻ, അന്വേഷിക്കുവിൻ, മുട്ടുവിൻ; ഈ മൂന്നു വാക്കുകളുടെയും ഗ്രീക്ക് മൂലത്തിൽ ആജ്ഞാവാക്കുകളായാണ് ഇവയെ എഴുതിയിരിക്കുന്നത്. അതായത്, നീ നിർബന്ധമായി ചെയ്യണം എന്നർത്ഥത്തിൽ. ഓട്ട മത്സരത്തിൽ പുറകിലാകുന്ന കുട്ടിയോട് ‘ഓടുവിൻ, ഓടുവിൻ’ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചുകൊണ്ടു നിർബന്ധിക്കുന്നപോലെ, വീഴാൻപോകുന്ന കുട്ടിയോട് ‘ശ്രദ്ധിക്കുക’ എന്ന് പറഞ്ഞുകൊണ്ട് അവനെ സ്നേഹപൂർവ്വം തടയുന്ന പോലെ. ഒരു സ്നേഹത്തിന്റെ ശാസനയും, തിരുത്തലും, പ്രോത്സാഹനവുമൊക്കെ ചേർന്ന് ഒരുവന്റെ പുറകിൽനിന്ന് പറയുന്നപോലെയുള്ള ആജ്ഞാ വാക്കുകകളാണിവ.

“ചോദിക്കുവിൻ, അന്വേഷിക്കുവിൻ, മുട്ടുവിൻ”. ഇവ മൂന്നൂം പ്രാർത്ഥനയുടെ മൂന്നുതലങ്ങളായി ചിന്തിക്കാം:

1) ചോദിക്കുവിൻ: പ്രാർത്ഥനയുടെ ഏറ്റവും എളിയ തലമാണിത്. ഒരു കാര്യസാദ്ധ്യത്തിനായി ചോദിക്കുന്നതലം: ഞാൻ ചോദിക്കുന്നു, ദൈവം എനിക്ക് തരുന്നു. നെഗറ്റീവായ ഉത്തരം പ്രതീക്ഷിക്കാതെയാണ് ഒരാൾ ഇവിടെ ചോദിക്കുന്നത്. ഈ തലത്തിൽ ഓരോ കാര്യത്തിനും ചോദിച്ചുകൊണ്ടിരിക്കും. ഉത്തരം “no” ആണെങ്കിലും ചോദിച്ചുകൊണ്ടിരിക്കും, കാരണം പ്രാർത്ഥന ഈ തലത്തിൽ ഞാൻ ചോദിക്കുന്നു, ദൈവം എനിക്ക് തരുന്നു എന്നതുമാത്രമാണ്.

പക്ഷെ, ഓരോ നെഗറ്റീവ് ഉത്തരം കിട്ടുമ്പോഴും അതിൽനിന്നും ഒരു കാര്യം പഠിക്കുന്നുണ്ട്. ഒരു കുട്ടിയുടെ ആവശ്യത്തിനുമുന്നിൽ നല്ലതു മാത്രം തിരഞ്ഞെടുത്തു മാതാപിതാക്കൾ കൊടുക്കുമ്പോൾ ചില “no” കളിലൂടെ ആ കുട്ടി ചില നല്ല പാഠങ്ങൾ പഠിക്കുന്നപോലെ. കുട്ടി നല്ലതുമാത്രം ചോദിയ്ക്കാൻ പഠിക്കുന്നു, നല്ലതു തിരഞ്ഞെടുക്കാൻ പഠിക്കുന്നു, മാതാപിതാക്കളുടെ ഹിതത്തോടു ചേർന്ന് ചിന്തിക്കാൻ പഠിക്കുന്നു, എന്താണ് ചോദിക്കേണ്ടതെന്നും എന്താണ് ചോദിക്കേണ്ടാത്തതെന്നും എപ്പോഴാണ് ചോദിക്കേണ്ടതെന്നും പഠിക്കുന്നു. ചോദിച്ചില്ലെങ്കിൽ ഒരിക്കലും പഠിക്കില്ല. ഈ അർത്ഥത്തിൽ പ്രാർത്ഥനയുടെ ഈ തലവും മോശമായി കാണാൻ പറ്റില്ല, പ്രാർത്ഥിക്കാൻ പഠിക്കുന്നു, 1 യോഹ. 5:14-ൽ പറയുന്നപോലെ, “അവന്റെ ഇഷ്ടത്തിനനുസരിച്ചു നാം എന്തെങ്കിലും ചോദിച്ചാൽ, അവിടുന്ന് നമ്മുടെ പ്രാർത്ഥന കേൾക്കും” എന്ന തിരിച്ചറിവ് ലഭിക്കുന്നു.

2) അന്വേഷിക്കുവിൻ: പ്രാർത്ഥന ഇവിടെ വെറും ചോദിക്കൽ മാത്രമല്ല, അന്വേഷിക്കൽ കൂടിയാണ്. നഷ്ടമായതെന്തോ കണ്ടുകിട്ടുമെന്ന പ്രതീക്ഷയോടെയാണ് അന്വേഷിക്കേണ്ടത്. ചിലപ്പോഴൊക്കെ ഈ അന്വേഷണത്തിൽ നിരാശ തോന്നിയേക്കാം, എങ്കിലും ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ അന്വേഷിക്കണം. ഒളിച്ചു കളിക്കുന്ന കുട്ടി ഒളിച്ചവരെ അന്വേഷിച്ചുകണ്ടുകിട്ടുന്നതുവരെ ഷീണമില്ലാതെ അന്വേഷിക്കുന്നപോലെ, അന്വേഷണത്തിൽ മടുപ്പുതോന്നാതെ അന്വേഷിക്കണം. എന്താണ് അന്വേഷിക്കേണ്ടത്? “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിൻ, അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും” (മത്താ. 6:33). ഈ അന്വേഷണം പലമാർഗ്ഗത്തിലൂടെയാകാറുണ്ട്. വചനത്തിലൂടെ, കൂദാശകളിലൂടെ, ധ്യാനങ്ങളിലൂടെ, അങ്ങിനെ പല വഴികൾ. ഈ അന്വേഷണം ആ അർത്ഥത്തിൽ വളർച്ചയാണ്. ഇവിടെ മാർഗ്ഗം പലതെങ്കിലും ലക്ഷ്യം ദൈവരാജ്യമാണ്. നിങ്ങൾക്ക് ലഭിക്കുമെന്ന വാഗ്ദാനത്തിൽ പ്രതീക്ഷ വച്ചുള്ള പ്രാർത്ഥനയുടെ വളർച്ചയുടെ തലമാണിത്.

3) മുട്ടുവിൻ: പ്രാർത്ഥന ഈ ഉയർന്ന തലത്തിൽ തലത്തിൽ തുറക്കുമെന്ന ഉറപ്പുള്ള വാതിലിലാണ് മുട്ടുന്നത്‌. ഈ ഘട്ടത്തിൽ എനിക്ക് നല്ലതുമാത്രം തരുവാൻ ആഗ്രഹിക്കുന്ന തമ്പുരാനോട് ചോദിച്ചതെല്ലാം കിട്ടിക്കഴിഞ്ഞു. എന്റെ കഴിഞ്ഞകാല അനുഭവം അതാണ്. എന്റെ ജീവിതത്തിലേക്ക് അവിടുന്ന് കഴിഞ്ഞകാലങ്ങളിലുടനീളം അനുഗ്രഹങ്ങൾ തന്നിട്ടുണ്ടെന്ന നന്ദിയോടെ, ഉറപ്പോടെ, വിശ്വാസത്തോടെ എസ്തേർ പ്രാർത്ഥിച്ചപോലെ പ്രാർത്ഥിക്കുക.

അവിടുന്ന് തുറക്കും, തുറക്കൽ ഒരിക്കലും നീട്ടിവയ്ക്കുകയോ നേരത്തേയാവുകയോ ഇല്ല. തക്കസമയത്ത് മക്കൾക്ക് ഉചിതമായത് തരുന്ന സ്നേഹമുള്ള പിതാവാണ് അവിടുന്ന് എന്ന ബോധ്യത്തോടെ മുട്ടികൊണ്ടേയിരിക്കാം. അടഞ്ഞുവെന്നു കരുതുന്ന എല്ലാ വാതിലുകളും നിനക്കുവേണ്ടി തുറന്നുതരാൻ കാത്തിരിക്കുന്ന ദൈവപിതാവിന്റെ പ്രിയമക്കളാണ് നമ്മൾ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker