Articles

ചൈനയെ മാതൃകയാക്കണം; ചങ്ങല പൊട്ടിക്കണം

ഇത്‌ ഒരു ബുദ്ധിമുട്ടേറിയ സമയമാണ്‌, വിവേകത്തോടെ പ്രതികരിക്കാൻ കഴിയട്ടെ...

ഫാ.ക്ളീറ്റസ് കാരക്കാടൻ

കോവിഡ്‌-19 അന്താരാഷ്ട്ര അതിർത്തികളേയോ രാഷ്ട്രീയ-സാമൂഹ്യവ്യവസ്ഥകളേയോ സാംസ്കാരിക മൂല്ല്യങ്ങളേയോ ഒന്നും മാനിക്കുന്നില്ല. അത്‌ ലോകത്തെ ലെവൽ ആക്കുന്നു. ഈ ദുരന്തത്തെ ലോകരാജ്യങ്ങളെല്ലാം മുഖാമുഖം അഭിമുഖീകരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നതല്ല അതിനെ പ്രതിരോധിക്കുവാൻ നമ്മളിതിനോട്‌ എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ്‌ പ്രധാനം.

ഏകദേശം ഒരുമാസക്കാലം കോവിഡ്‌19 വൈറസ്‌ ചൈനയിലെ വൂഹാനെ വിറപ്പിച്ചുകൊണ്ട്‌ താണ്ഡവമാടി. ആശുപത്രികളിലെ സകല ബെഡുകളും ദിവസങ്ങൾകൊണ്ട്‌ നിറഞ്ഞു. തൽക്കാല ആശുപത്രികൾ വരെ ആഴ്ചകൾ കൊണ്ട്‌ നിർമ്മിക്കേണ്ടിവന്നു. ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയപരീക്ഷണ ഘട്ടമായിരുന്നു അത്‌. എന്നാൽ ചൈന വലിയ ദുരന്തമാകാതെ അതിനെ പ്രതിരോധിച്ചു. ഇന്ന് ചൈനയിൽ ആശുപത്രികൾ ശൂന്യമാകുന്നു… ആരോഗ്യപ്രവർത്തകർ ആശ്വാസത്തിലായി. ചൈന എങ്ങനെ ഇത്രപെട്ടെന്ന് ഈ ആശ്വാസതീരത്തെത്തിയെന്ന് നാം ചിന്തിക്കേണ്ടതുണ്ട്‌. അതിൽ പ്രത്യേക പുതുമയുള്ളതൊന്നുമില്ലെങ്കിലും ചൈന ചെയ്ത കാര്യം ലോകം അറിയേണ്ടതുണ്ട്‌.

ലോകാരാഗ്യ സംഘടന പറയുന്നതനുസരിച്ച്‌ വൈറസ്‌ ബാധിതരായ ആളുകളുമായുള്ള സമ്പർക്കമാണ്‌ അതിവേഗം വൈറസ്‌ വ്യാപിക്കുന്നതിന്റെ കാരണമാകുന്നത്‌. മനുഷ്യസമ്പർക്കത്തിലൂടെയുള്ള വൈറസ്‌ വ്യാപനത്തിന്റെ ചെയിൻ ബ്രേക്ക്‌ ചെയ്തതാണ്‌ ചൈന ചെയ്ത ഏറ്റവും പ്രധാനപ്പെട്ടകാര്യം. Extream, draconian, aggressive തുടങ്ങിയ വാക്കുകളാണ്‌ ചൈനയുടെ പ്രതിരോധനടപടികളെക്കുറിച്ച്‌ പറയുവാൻ മാധ്യമങ്ങൾ ഉപയോഗിച്ചത്‌. ഇതോടെ ആളുകൾ പൊതുജനസമ്പർക്കം ഒഴിവാക്കി വീടുകളിൽ ഇരിക്കുവാൻ തയ്യാറായി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും. അവർ അത്‌ തുടർന്നു. അത്‌ മനുഷ്യസ്വാതന്ത്ര്യം നിഹനിക്കലല്ലെയെന്ന് ചിലർ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ യഥാർത്ഥത്തിൽ പൊതുസമൂഹത്തിന്റെ സുരക്ഷയും വ്യക്തിസ്വാതന്ത്ര്യവും തമ്മിൽ ബാലൻസ്‌ ചെയ്യുമ്പോൾ ഇവരണ്ടും വിവേകപൂർവ്വംതീരുമാനമെടുക്കേണ്ടകാര്യങ്ങളാണ്‌. ഉദാഹരണത്തിന്‌ 9/11- ലെ സംഭത്തിനുശേഷം ലോകത്തിലെ സകലവിമാനത്താവളങ്ങളിലും അതികർശനമായസുരക്ഷയേർപ്പെടുത്തിയെങ്കിലും നമ്മൾ ആ അസൗകര്യങ്ങളെ സ്വീകരിച്ചു. പൊതുസുരക്ഷയെപ്രതി നമ്മൾ കുറച്ചു ബുദ്ധിമുട്ടുകൾ സഹിക്കുവാൻ തയ്യറായി.

കോവിഡ്‌ വ്യാപനത്തെ തടയാൻ ചരിത്രത്തിലിടംപിടിച്ച അടച്ചുപൂട്ടലുകൾ ചൈന നടത്തി, ഫാക്ടറികൾ അടച്ചു, ഓഫീസുകളും സ്കൂളുകളും അടച്ചു, പൊതുഗതാഗത സൗകര്യങ്ങൾ എല്ലാം നിർത്തിവെച്ചു, ജനങ്ങൾ പുറത്ത്‌ ഒരാളോടും സമ്പർക്കമില്ലാതെ വീടുപൂട്ടി അകത്തിരുന്നു. അങ്ങനെ ഉയർന്നുപൊങ്ങി ചൈനയെ നാമാവശേഷമാക്കാമായിരുന്ന കോവിഡ്‌ വ്യാപനത്തെ ചൈന നിയന്ത്രണത്തിലാക്കി. അതുകൊണ്ട്‌ രോഗം പിടിക്കാമായിരുന്ന കോടിക്കണക്കിന്‌ ആളുകളേയും മരണത്തിന്റെ പിടിയിൽ നിന്ന് ലക്ഷങ്ങളേയും ചൈന രക്ഷിച്ചു. ഈ മാതൃകയാണ്‌ മറ്റുരാജ്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്‌, ഇതുതന്നെ ചെയ്യാൻ ഒന്നുസഹകരിക്കാനാണ്‌ കേരളാ സർക്കാർ നിർബന്ധം പിടിക്കുന്നത്‌.

പൊതുനീയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകുമ്പോൾ ഇരുപക്ഷവും, നീയമങ്ങളുണ്ടാക്കുന്നവരും നീയമങ്ങൾ സ്വീകരിക്കേണ്ടവരുംഅതിനെ ഗൗരവമായിത്തന്നെ കാണണം. ഏകാന്തവാസത്തിൽ കഴിയേണ്ടിവരുന്നതും നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇതുപോലുള്ള ഒരു ആപത്ഘട്ടത്തിൽ ആ ഒരു സഹകരണമാണ്‌ ജനങ്ങൾ ഉത്തരവാദിത്വപൂർവ്വം ചെയ്യേണ്ടത്‌. ചൈനയിലെ വൂഹാനിലെ ആളുകൾ ചെയ്തത്‌ അതാണ്‌. അവർക്ക്‌ വീടുപൂട്ടി അകത്തിരിക്കുവാനുള്ള ധൈര്യവും മനക്കരുത്തും ക്ഷമയും ആത്മാർത്ഥതയുമുണ്ടായിരുന്നു. അത്‌ ഒരു സിവിക്‌ ഡ്യുട്ടി ആയിട്ടാണു അവർ കണ്ടത്‌.അത്‌ അവരുടേയും അനേകായിരങ്ങളുടേയും ജീവൻ രക്ഷിച്ചു. ബുദ്ധിമുട്ടിന്റെ സമയങ്ങൾ ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെടുക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഇത്‌ ഒരു ബുദ്ധിമുട്ടേറിയ സമയമാണ്‌. നമുക്ക്‌ അതിനോട്‌ വിവേകത്തോടെ പ്രതികരിക്കാൻ കഴിയട്ടെ!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker