Kerala

ചെല്ലാനം സമരം; നാട്ടുകാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ലത്തീന്‍ കത്തോലിക്കാ മീഡിയാ കമ്മീഷന്‍

പ്രക്ഷോഭത്തോടനുബന്ധിച്ച് സ്ത്രീകളടക്കം നിരവധി പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നത്

ഫാ.ജോൺസൻ പുത്തൻവീട്ടിൽ

കൊച്ചി: തീരദേശത്ത് കടല്‍ഭിത്ത് നിര്‍മിച്ച് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കള്ളക്കേസുകള്‍ എടുക്കുന്നത് ഉടനടി നിറുത്തിവയ്ക്കണമെന്നും, കേസുകൾ പിന്‍വലിക്കണമെന്നുമുള്ള ആവശ്യവുമായി ലത്തീന്‍ കത്തോലിക്കാ മീഡിയാ കമ്മീഷന്‍. ഇത്തരത്തിലുള്ള നടപടികൾ അങ്ങേയറ്റം പ്രതിഷേധജനകമാണെന്ന് കേരള ലത്തീൻ കത്തോലിക്കാ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു. ചെല്ലാനത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രക്ഷോഭത്തോടനുബന്ധിച്ച് സ്ത്രീകളടക്കം നിരവധി പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകൾ ചുമത്തിയിരിക്കുന്നത്.

റോഡ് ഉപരോധിച്ചെന്നും, പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെ തടഞ്ഞുകൊണ്ട് കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തിയെന്നും ആരോപിച്ചാണ് ക്രൈസ്തവപുരോഹിതര്‍ അടക്കമുളളവര്‍ക്കെതിരെ കേസുകളെടുത്തിട്ടുളളത്. ജാമ്യം കിട്ടാത്ത വകുപ്പുകളും ഇതിലുണ്ട്. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാരും തന്നെ സംഭവസമയത്ത് പഞ്ചായത്ത് ഓഫീസിലേയ്ക്ക് ജോലിക്കായി കടന്നു വന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ജീവനക്കാരെ തടഞ്ഞുവെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള ആരോപണം തെറ്റാണെന്നും സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ജീവനക്കാരാരും ഇതുസംബന്ധിച്ച് പരാതികളും നല്കിയിട്ടില്ല എന്നിരിക്കെ, ഭരണകക്ഷിയിലെ ജനപ്രതിനിധിയുടെ സമ്മര്‍ദത്താലാണ് പൊലീസ് നാട്ടുകാര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നാണ് ആരോപണം.

അധികൃതര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് ചെല്ലാനത്തെ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് തള്ളിവിട്ടതെന്നും, ജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരെയാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരും പൊലീസും നടപടി സ്വീകരിക്കേണ്ടതെന്നും മീഡിയാ കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസുകളെടുത്ത് പീഡിപ്പിക്കുന്നത് രാജ്യത്ത് അരാജകത്വം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ കൂടിച്ചുചേർത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker