ചെല്ലാനം-കൊച്ചി ജനകീയവേദി കൊച്ചി കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി
മാർച്ചിൽ ചെല്ലാനം-കൊച്ചി പ്രദേശങ്ങളിലെ തീരദേശവാസികൾ പങ്കെടുത്തു...
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസിലേയ്ക്ക് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ മാർച്ച്. സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ കോർപ്പറേഷൻ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുക, കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം കൊച്ചി തീരം പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കൊച്ചി കോർപ്പറേഷൻ ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. ഡിസംബർ 14-ന് രാവിലെ 11 മണിക്ക് എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ ചെല്ലാനം-കൊച്ചി പ്രദേശങ്ങളിലെ തീരദേശവാസികൾ പങ്കെടുത്തു.
രണ്ടുവർഷം നീണ്ട റിലേ നിരാഹാര സമരത്തിന്റെ കൂടി ഫലമായാണ് കേരള സർക്കാർ ഭാഗികമായ ചില തീരസംരക്ഷണ നടപടികൾ പ്രഖ്യാപിച്ചിരുന്നതെന്നും, അവ നടപ്പാക്കാനുള്ള ചില ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ചെല്ലാനം-കൊച്ചി തീരം നേരിടുന്ന കടൽകയറ്റ ഭീഷണിയുടെ ഗൗരവം പരിശോധിക്കുമ്പോൾ നിലവിൽ സർക്കാർ പ്രഖ്യാപിച്ച പദ്ധതി തീർത്തും അപര്യാപ്തമാണെന്നും ചെല്ലാനം-കൊച്ചി ജനകീയവേദി പറയുന്നു. ഈ സാഹചര്യത്തിൽ തീര ജനതയുടെ അതിജീവന പോരാട്ടത്തെ മുന്നോട്ടു കൊണ്ട് പോവുകയല്ലാതെ മറ്റു വഴികളില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ചെല്ലാനം-കൊച്ചി ജനകീയവേദി മാനാശ്ശേരിയിൽ സ്ഥിരം സായാഹ്ന ധർണ്ണ ആരംഭിച്ചു കൊണ്ട് രണ്ടാംഘട്ട സമരത്തിന് തുടക്കം കുറിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.