ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)
വാക്കുകൾ ചേർത്തുവച്ചുള്ള ഉത്തരമല്ല, ബന്ധമാണ് അവൻ തേടുന്നത്...
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ
ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്. ഇന്നാണ് ആ ദിനം. ചോദ്യം ഇതാണ്; “എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?” ഒരു “എന്നാൽ” ചേർത്തുകൊണ്ടാണ് ചോദ്യം ആരംഭിക്കുന്നത്. അതൊരു വൈപരീത്യ സംയോജനമാണ് (Conjunction of opposition). അതുകൊണ്ടുതന്നെ കേട്ടുകേൾവിയിൽ നിന്നോ പാരമ്പര്യമായി ലഭിച്ച അറിവിൽ നിന്നോ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിൽ നിന്നോ അല്ല ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. ചോദ്യങ്ങളെല്ലാം ചൂണ്ടക്കൊളുത്ത് പോലെയാണ്. ചോദ്യചിഹ്നത്തിന്റെ ആകൃതിതന്നെ ചൂണ്ടക്കൊളുത്തിനോട് സാമ്യമുള്ളതാണ്. ഒരു യഥാർത്ഥ ഉത്തരം കിട്ടാനാണ് അത് നമ്മിലേക്ക് വരുന്നത്. മറ്റുള്ളവർ എന്തു പറയുന്നു എന്നതല്ല. വഞ്ചിയും വലയും ഉപേക്ഷിച്ച്, വർഷങ്ങളായി എന്നോടൊപ്പം നടക്കുന്ന എന്റെ ശിഷ്യരായ നിങ്ങൾക്ക് ഞാൻ ആരാണ്? വാക്കുകൾ ചേർത്തുവച്ചുള്ള ഉത്തരമല്ല, ബന്ധമാണ് അവൻ തേടുന്നത്. കൃത്രിമമായ നിർവചനം വേണ്ട, പങ്കാളിത്തമാണ് വേണ്ടത്. ഇതാണ് ചോദ്യത്തിന്റെ പൊരുൾ: നീ എന്നെ കണ്ടുമുട്ടിയപ്പോൾ നിന്നിൽ എന്ത് സംഭവിച്ചു? പ്രണയികളുടെ ചോദ്യം പോലെയാണിത്: നിന്റെ ജീവിതത്തിൽ എനിക്കെന്ത് സ്ഥാനമാണുള്ളത്?
മറ്റു പ്രവാചകരെക്കാൾ താൻ മികച്ചവനാണോ എന്നറിയാനല്ല യേശു നമ്മളോടും ശിഷ്യന്മാരോടും ഈ ചോദ്യം ചോദിക്കുന്നത്. നമുക്ക് അവനെ സ്നേഹിക്കാൻ സാധിക്കുന്നുണ്ടോ എന്നറിയാനാണ്. വാക്കുകളിലല്ല, ഉള്ളിൽ ജ്വലിക്കുന്ന തീനാളമായാണ് അവനുണ്ടാകേണ്ടത്. ഹൃദയ നൈർമല്യമാണ് അവൻ ആഗ്രഹിക്കുന്നത്. കാരണം, നിമിഷം നേരം മതി നമ്മുടെ ഹൃദയത്തിന് ദൈവത്തിന്റെ ഭവനമോ അവന്റെ കല്ലറയോ ആയിത്തീരാൻ.
പത്രോസിന്റെ മറുപടിയിൽ രണ്ട് സത്യങ്ങളുണ്ട്. ഒന്ന്, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്. അതായത് നീയാണ് ജീവൻ. ഓരോ പൂവിടലും സാധ്യമാക്കുന്ന അത്ഭുതമാണ് നീ. ഓരോ മാതൃ ഉദരത്തിലും പടർന്നു കയറുന്ന ജീവചൈതന്യമാണ് നീ. അനന്തമായി ഒഴുകുന്ന ജീവധാരയാണ് നീ. രണ്ട്, നീ ക്രിസ്തുവാണ്. അതായത് നീയാണ് ദൈവത്തിന്റെ വലംകൈ. അവന്റെ ലാളനയും അനുഗ്രഹവും നീ മാത്രമാണ്.
“യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാൻ!” യേശുവിന്റെ പവിത്രത മനസ്സിലാക്കിയവനാണ് പത്രോസ്. യേശുവിനെ മനസ്സിലാക്കിയതിലൂടെ അവൻ തിരിച്ചറിഞ്ഞത് അവനെ തന്നെയാണ്. ഇതാണ് യേശുവുമായുള്ള ബന്ധത്തിന്റെ തനിമ. എത്രത്തോളം നമ്മൾ യേശുവുമായി അടുക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം നമ്മൾ നമ്മളെ തന്നെ തിരിച്ചറിയും. അങ്ങനെ പത്രോസിനെ പോലെ നമ്മളും ഒരു പാറയായി മാറും. നമ്മളും യേശുവിന്റെ സഭയിലെ ഒരു പാറക്കഷണമാകും. ആ വാസഗേഹത്തിൽ ഒരു ചെറിയ കല്ലും ഉപയോഗശൂന്യമല്ലെന്ന തിരിച്ചറിവും നമുക്കുണ്ടാകും.
“നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”. സഭയിൽ നിന്നും ആളുകളെ ഒഴിവാക്കുന്നതിനെക്കുറിച്ചോ പുറത്താക്കുന്നതിനെക്കുറിച്ചോ ഒന്നുമല്ല യേശു പറയുന്നത്. സ്വർഗ്ഗവും ഭൂമിയും പരസ്പരം ആശ്ലേഷിക്കുന്ന ആൽക്കെമിയെ കുറിച്ചാണ്. ഏതെങ്കിലും അധികാരം സ്ഥാപിക്കാനല്ല യേശു വന്നത്, അധികാര വ്യവസ്ഥിതിയെ ശുശ്രൂഷയാക്കി മാറ്റാനാണ്. അതുകൊണ്ടുതന്നെ സഭ എന്നത് ഒരു ശക്തിയല്ല, ഒരു സാധ്യതയാണ്. മനുഷ്യന്റെ ഭൗമീകമായ ചോദനകളിൽ നിന്നും സ്വർഗീയമായ തലത്തിലേക്ക് ഉയരാനുള്ള മാർഗവും സാന്നിധ്യവുമാണ് സഭ. അതിന് സഭ ചെയ്യേണ്ടത് എന്താണ്? യേശു ചെയ്ത പ്രവൃത്തികൾ ചെയ്യുക. അതായത് ശത്രുക്കളോട് ക്ഷമിക്കുക, വേദനകളിൽ ആശ്വാസമാകുക, അയൽക്കാരനെ തിരിച്ചറിയുക, ദാനമായി ലഭിച്ചത് ദാനമായി നൽകുക, നിത്യതയെ വാക്കുകളിലും ചിന്തകളിലും മനോഭാവത്തിൽ പോലും ചേർത്തുവയ്ക്കുക. ഇവയാണ് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ. ഈ താക്കോൽ ഉപയോഗിച്ചാൽ മാത്രമേ ദൈവത്തെ ലോകത്തിലേക്കും ലോകത്തെ ദൈവത്തിലേക്കും കൊണ്ടുപോകാൻ നമുക്ക് സാധിക്കു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഒരു അധികാരമല്ല, അനുഭാവമാണ്. അനുഭാവമെന്നാൽ സഹതാപമല്ല, സഹഭാവമാണ്.