സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: വൈകല്യമുള്ള ശിശുക്കളെ ഗർഭച്ഛിദ്രത്തിലൂടെ ഒഴിവാക്കുന്ന പ്രവണത വംശശുദ്ധിയുള്ള ജനതയെ വാർത്തെടുത്ത് ആര്യൻ മേധാവിത്തം ഉറപ്പിക്കാൻ നാസികൾ നടത്തിയ ക്രൂരതയ്ക്കു സമാനമാണെന്ന് ഫ്രാൻസിസ് പാപ്പ. ശനിയാഴ്ച ഇറ്റാലിയൻ ഫാമിലി അസോസിയേഷൻ യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ഗർഭച്ഛിദ്രം എന്ന കൊടിയ തിന്മയ്ക്കെതിരേ പാപ്പ രൂക്ഷമായ വാക്കുകൾ പ്രയോഗിച്ചത്.
വംശ ശുദ്ധിയ്ക്കായി ഗർഭച്ഛിദ്രത്തിനു പുറമേ മാനസിക, ശാരീരിക രോഗമുള്ളവരെ നിർബന്ധിത വന്ധ്യംകരണത്തിനു വിധേയരാക്കാനും പതിനായിരങ്ങളെ പ്രയോജനമില്ലാത്തവരെന്നു മുദ്രകുത്തി ദയാവധത്തിലൂടെ ഇല്ലായ്മചെയ്യാനും നാസികൾ മടിച്ചില്ല.
ഇന്നത്തെ കാലത്തു സ്കാനിംഗിലൂടെയും മറ്റും രോഗമുണ്ടെന്നു കണ്ടെത്തുന്ന ഗർഭസ്ഥ ശിശുവിനെ ചിലരെങ്കിലും വകവരുത്തുന്നു. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ വ്യക്തിയെ (ഗർഭസ്ഥശിശുവിനെ) മാതാപിതാക്കൾ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. നാസികളുടെ ക്രൂരതയ്ക്കു സമാനമാണിത്.
ദൈവം അയയ്ക്കുന്ന ശിശുക്കളെ വൈകല്യമുള്ളവരാണെങ്കിൽപ്പോലും അവർ ആയിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കാൻ കുടുംബങ്ങൾ തയാറാവണമെന്നു പാപ്പ ഓർമിപ്പിച്ചു. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമായ കുടുംബമാണ് ദൈവം വിഭാവനം ചെയ്ത കുടുംബമെന്നും പാപ്പ പറഞ്ഞു.
Related