ഗുരുവും ശിഷ്യനും
നിരന്തരമായ "ശിക്ഷണത്തിലൂടെ" വിചാരങ്ങളെയും വികാരങ്ങളെയും നമുക്ക് വരുതിയിൽ നിർത്താൻ കഴിയും...
വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരന് “ഒരു സന്യാസി” യാകാൻ കലശലായ ആഗ്രഹം. വനമധ്യത്തിൽ ഒരു ഗുഹയിൽ ഒരു സന്യാസി താമസിക്കുന്ന വിവരം അറിഞ്ഞയുടനെ ജീവിക്കാനായുള്ള അത്യാവശ്യ സാധന സാമഗ്രികളുമായി പുറപ്പെട്ടു. സന്യാസിയെ കണ്ടമാത്രയിൽ ചെറുപ്പക്കാരന് വല്ലാതെ ഇഷ്ടപ്പെട്ടു. പ്രകാശം പരത്തുന്ന കണ്ണുകൾ, പ്രസാദാത്മകമായ മുഖം, നീണ്ട തലമുടിയും താടിയും, പുഞ്ചിരിയെ മറച്ചുപിടിക്കുന്ന അധരങ്ങൾ! ചെറുപ്പക്കാരൻ സാവധാനം തന്റെ ആഗ്രഹം സന്യാസിയെ അറിയിച്ചു. സന്യാസി ധ്യാനനിരതനായി! (യഥാർത്ഥത്തിൽ തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ “മനോനേത്രങ്ങൾ” കൊണ്ട് വായിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു).
ധ്യാനത്തിൽ നിന്ന് ഉണർന്ന സന്യാസി ശിഷ്യനാകാൻ വന്ന ചെറുപ്പക്കാരനോട് പറഞ്ഞു: പലതും വ്യയം ചെയ്യേണ്ടിവരും (നഷ്ടപ്പെടുത്തേണ്ടി വരും), പലതും സ്വായത്തമാക്കേണ്ടിവരും, പലതും പുതുതായി പഠിക്കേണ്ടിവരും, ഏകാഗ്രത അനിവാര്യമാണ്. പിന്നെ മനസ്സിന്റെ മേലെ യജമാനത്വം പുലർത്താനുള്ള നിശ്ചയദാർഢ്യം സ്വന്തമാക്കണം. ചെറുപ്പക്കാരന് സന്യാസി പറഞ്ഞ പല കാര്യങ്ങളുടെയും അർത്ഥവും ആഴവും പരപ്പും പൂർണ്ണമായി മനസ്സിലായില്ല. പക്ഷേ, പുറമേ പ്രകടിപ്പിച്ചില്ല. അത്താഴത്തിന് ചെറുപ്പക്കാരൻ കരുതിയ ഭക്ഷണസാധനങ്ങൾ ഇരുവരും കഴിച്ചു. നേരം പുലർന്നപ്പോൾ സന്യാസിയെ കാണാനില്ല; തെല്ലകലെ ഒരു പാറപ്പുറത്ത് ചമ്രമടഞ്ഞ് ധ്യാനനിരതനായി ഇരിക്കുകയാണ് ഗുരു. ചെറുപ്പക്കാരനും അല്പം മാറി അകലെ ധ്യാനിക്കാൻ തുടങ്ങി. പലവിധ ചിന്തകൾ തിരമാലകൾപോലെ മനസ്സിൽ ഉയർന്നു താണു.
എന്തായിരിക്കാം ഉപേക്ഷിക്കാൻ ഉള്ളത്? എന്താണ് സ്വന്തം ആക്കേണ്ടത്? മനോനിയന്ത്രണം ഏതെല്ലാം മേഖലകളിലാണ്? മനസ്സിന്റെ ഏകാഗ്രത? ഈ സമയം ചെറുപ്പക്കാരന്റെ മനോവ്യാപാരങ്ങൾ ഗുരുവും വായിക്കുകയായിരുന്നു. കണ്ണു തുറന്നിട്ട് ചെറുപുഞ്ചിരിയോടെ ഗുരു തന്നെ ശിഷ്യനോട് പറഞ്ഞു തുടങ്ങി…
1) രണ്ടു കഴുകന്മാരെ മെരുക്കി എടുക്കണം
2) രണ്ട് കുതിരകളെ നിയന്ത്രിക്കാൻ അഭ്യസിക്കണം
3) ഒരു സിംഹത്തെ കീഴ്പ്പെടുത്തണം
4) രണ്ട് പ്രാവുകളുടെ സ്നേഹിതനാകണം
5) ഒരു രോഗികളെ പ്രതിഫലം കൂടാതെ ശുശ്രൂഷിക്കണം.
ഗുരു ശിഷ്യന്റെ മുഖത്തുനോക്കി. ആകെ വിഷണ്ണനായി, ഉത്കണ്ഠാകുലനായി, അസ്വസ്ഥനായി, വിയർപ്പിൽ കുളിച്ചിരിക്കുകയാണ് ശിഷ്യൻ. ഗുരു നേരിയ മന്ദഹാസത്തോടെ ശിഷ്യനോട് ചോദിച്ചു; എന്താ മനസ്സിലായത്? ഞാൻ സൂചിപ്പിച്ച കാര്യങ്ങളിൽ നിന്ന് എന്താണ് മനസ്സിലാക്കിയത്? ക്ഷമിക്കണം ഗുരോ, ഞാൻ വായിച്ചറിഞ്ഞതും, കേട്ടതും, മനസ്സിലാക്കിയതുമായ സന്യാസ ജീവിതത്തിൽ അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
സന്യാസി ചിരിച്ചിട്ട് ശാന്തനായി പറഞ്ഞു:
a) കഴുകൻ കണ്ണുകൾ = നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പ്രതീകമാണ്. പഞ്ചേന്ദ്രിയങ്ങളെ മെരുക്കിയെടുത്ത് നിയന്ത്രിക്കാതെ സന്യാസജീവിതം എന്നല്ല ഏതു ജീവിതവും ദുഷ്കരമാണ്
b) കുതിരകൾ = പ്രായത്തിന്റെയും യുവത്വത്തിന്റെയും വികാരങ്ങളുടെയും പ്രതീകമാണ്. നന്മയും തിന്മയും തമ്മിലുള്ള വടംവലിയാണ് രണ്ട് കുതിരകളെ സൂചിപ്പിക്കുന്നത്
c) സിംഹം = ഹിംസയുടെയും രാജകീയ ഭാവത്തിന്റേയും പ്രതീകമാണ്. സംഹാരം, ആധിപത്യം, നശീകരണ പ്രവണത, ബോധപൂർവ്വം നിയന്ത്രിച്ചേ മതിയാവൂ
d) രണ്ടു പ്രാവുകൾ = നിഷ്കളങ്കതയുടെ പ്രതീകമാണ്. സൗമ്യതയോടും വാത്സല്യത്തോടും സ്ത്രീകളോടും പുരുഷന്മാരോടും പെരുമാറണം
e) രോഗികളെ ശുശ്രൂഷിക്കൽ = അധികാരവും സ്ഥാനമാനങ്ങളും മറ്റുള്ളവരെ ശുശ്രൂഷിക്കാനുള്ളതെന്ന തിരിച്ചറിവാണ് അർത്ഥമാക്കുന്നത്.
വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ ഒത്തിരി കാര്യങ്ങൾ സന്യാസി പറഞ്ഞതിൽ ഉള്ളടക്കം ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ ഏതു ജീവിതാന്തസിലും ആവശ്യം പാലിക്കേണ്ടതായ വസ്തുതകളാണ്. ഇത് നിരന്തരമായ ഉപാസനയിലൂടെ, ധ്യാനത്തിലൂടെ, പ്രാർത്ഥനയിലൂടെ, ഈശ്വരാനുഭവത്തിലൂടെ സ്വായക്തമാക്കെയേണ്ടവയാണ്. വിചാരങ്ങളെയും വികാരങ്ങളെയും നമുക്ക് അവഗണിക്കാനോ നിഷേധിക്കുവാനോ സാധ്യമല്ല. നിരന്തരമായ “ശിക്ഷണത്തിലൂടെ” നമ്മുടെ വരുതിയിൽ നിർത്താൻ കഴിഞ്ഞാൽ മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള പുതിയ ചക്രവാളങ്ങൾ കാണിച്ചുതരും. അതീവ ജാഗ്രതയോടെ മുന്നേറാം. ഗുരുവചനങ്ങൾ നമ്മുടെ ജീവിതയാത്രയിൽ പ്രകാശം ചൊരിയട്ടെ… പ്രാർത്ഥന!!!