“ഗത്സെമനി”യുടെ അനുഭവം നൽകുന്ന ആരാധന കപ്പേള ആശീർവദിച്ചു
'നിത്യാരാധനാ ചാപ്പലിന്റെ ഉൾവശത്ത് നിന്നും ഒരു ജലധാര ഒഴുകുന്നുണ്ട്'

സ്വന്തം ലേഖകൻ
പേയാട്: പേയാട് സെയിന്റ് സേവിയേഴ്സ് ദേവാലയത്തിൽ പുതുതായി പണികഴിപ്പിച്ച “ഗത് സെമനി” ആരാധന കപ്പേളയുടെ ആശീർവാദകർമ്മം തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് നടന്ന തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവിനോടൊപ്പം ഇടവക വികാരി ഫാ.ജോയി സാബുവും കട്ടക്കോട് ഫെറോനയിലെ വൈദികരും സഹകാർമ്മികരായി.
ഉണരുന്നത് മുതൽ മനുഷ്യൻ ശബ്ദകോലാഹലങ്ങൾക്കിടയിലാണ് ജീവിക്കുന്നതെന്നും, അതുകൊണ്ടുതന്നെ നിശബ്ദരായി അൽപനേരം ദൈവസ്വരം ശ്രവിച്ച് ജീവിതപ്രശ്നങ്ങളോട് വിടപറയുവാനും, കരഞ്ഞുകൊണ്ട് നിത്യാരാധന ചാപ്പലിനുള്ളിൽ പ്രവേശിക്കുന്നവർക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും കർത്തതാവിന്റെ കൃപയാൽ നിറഞ്ഞ മനസുമായി പുറത്തേയ്ക്കുവരുവാനും നിരന്തരം സാധിക്കട്ടെ എന്ന് ബിഷപ്പ് ക്രിസ്തുദാസ് ആശംസിച്ചു. ‘നിത്യം നമ്മോടൊപ്പം വസിക്കാൻ ആഗ്രഹമുള്ള ഈശോ, രക്തം വിയർത്തു “ഗത്സമനി”യിൽ പ്രാർത്ഥിച്ചത് ഓർമ്മയിൽ കൊണ്ടുവന്നുകൊണ്ട്, തിരക്ക് പിടിച്ച ജീവിതത്തിൽ അൽപനേരം അവനോടൊപ്പം ആയിരുന്നുകൊണ്ട്, ധാരാളം അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ പരിശ്രമിക്കാമെന്നും പിതാവ് ആഹ്വാനം ചെയ്തു.
“ഗത് സെമനി”യുടെ രൂപകൽപ്പന:
മനോഹരമായ ഒരു ഗുഹാമുഖത്തിലൂടെ പ്രവേശിക്കുന്ന പ്രതീതിയിലാണ് നിത്യാരാധന ചാപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനുള്ളിലേക്ക് കടന്നു കഴിയുമ്പോൾ ‘ഗത്സമിനി അനുഭവം’ ഉണ്ടാകും എന്നതിൽ സംശയമില്ല. നിത്യാരാധന ചാപ്പലിന്റെ ഉൾവശത്ത് ‘നന്മതിന്മകളെ തിരിച്ചറിയാനുള്ള വൃക്ഷം’ നിൽകുന്നു, അതിന്റെ തണലിൽ തികഞ്ഞ സ്വാതന്ത്ര്യത്തോടെ ദൈവം വിലക്കിയ കനി ഭക്ഷിക്കുന്ന ആദവും ഹവ്വയും. ‘ദൈവകല്പന പാലിക്കാതെ നിത്യജീവൻ ലഭിക്കും, ദൈവത്തെപോലെയാകും’ എന്ന സാത്താന്റെ പ്രലോഭനം അവർക്ക് ഏദൻ തോട്ടത്തിന്റെ പുറത്തേക്കുള്ള വഴി കാട്ടിയായി. ജീവിതത്തിന്റെ പച്ചപ്പ് നഷ്ടപ്പെട്ട് പാപത്തിന്റെ, മരണത്തിന്റെ പഴുത്ത ഇലകളെന്നോണം അവർ മാറി. പിന്നീട് കരിഞ്ഞുണങ്ങി മണ്ണിൽ അലിഞ്ഞു ചേർന്നു.
ഒടുവിൽ പാപത്തിന്റെ ചേറിലലിഞ്ഞ ആദിമാതാപിതാക്കളുടെ മക്കളായ നമ്മെ ഓരോരുത്തരെയും രക്ഷിക്കാൻ ‘മരത്താലെ വന്ന പാപങ്ങൾ, കുരിശുമരത്താലെ’ ദൈവപുത്രനായ യേശുക്രിസ്തു ഏറ്റെടുത്തു. ജീവൻ ബലി നൽകി, അവൻ കുരിശിൽ മരിച്ചുകൊണ്ട്, ‘നമ്മുടെ ജീവിതത്തിലെ പച്ചപ്പ് ഇന്നും എന്നും കാത്തുസൂക്ഷിക്കാൻ’ നമ്മോടുള്ള സ്നേഹത്താലേ, അന്ത്യവിരുന്നിൽ ‘ദിവ്യകാരുണ്യ കൂദാശ സ്ഥാപിച്ച്’, തൂവെള്ള അപ്പമായി ഇന്നും നമ്മുടെ മുന്നിൽ എഴുന്നള്ളിയിരിക്കുന്നു.
എസെക്കിയേൽ പ്രവാചകന്റെ പുസ്തകം അദ്ധ്യായം 47 ഒന്നാം വാക്യത്തിൽ പറയുന്നതുപോലെ ദേവാലയ പൂമുഖത്തിന്റെ വലത്തു ഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയിൽ നിന്നും വെള്ളം ഒഴുകി കൊണ്ടിരുന്നു… ഈ വചനം ഓർമ്മിപ്പിക്കുംവിധം ‘നിത്യാരാധനാ ചാപ്പലിന്റെ ഉൾവശത്ത് നിന്നും ഒരു ജലധാര ഒഴുകി’ കൊണ്ടിരിക്കുന്നുണ്ട്. ജീവന്റെ നീർച്ചാൽ ആകുന്ന വിശ്വത്തിന്റെനാഥൻ ഒരു ചെറുതുള്ളിയായെങ്കിലും നമ്മിൽ പതിക്കാതിരിക്കില്ല.
ആരാധനാ ചാപ്പലിന്റെ എൻജിനീയറിങ് മേൽനോട്ടം വഹിച്ചത് പാലപ്പൂര് ഇടവകാംഗമായ ശ്രീ.ചന്ദ്രൻ സാറാണ്. ആർട്ട് വർക്കുകൾ ചെയ്ത് ചാപ്പലിന്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടിയത് കോട്ടൂർ രഘുവാണ്. ഒത്തിരി പേരുടെ ആത്മീയവും സാമ്പത്തികവുമായ സഹായത്തിന്റെ പിൻബലത്തിലാണ് മനോഹരമായ ആരാധനാ ചാപ്പൽ എന്ന സ്വപ്നം സാക്ഷാത്കരിച്ചതെന്ന് ഇടവക വികാരി പറഞ്ഞു.
ഇടവകയിലെ സഹോദരങ്ങൾ ശ്രമദാനം പോലെ ഒത്തിരി ജോലികൾ ഇതിനുവേണ്ടി ചെയ്തു. പല കുടുംബങ്ങളും വ്യക്തികളും ഇതിനുവേണ്ടി സാമ്പത്തികമായ സഹായം ചെയ്തതിനാലാണ് ഈ ആരാധന ചാപ്പൽ വേഗം പൂർത്തിയാക്കാൻ സാധിച്ചത്. ഇടവ കൗൺസിൽ അംഗങ്ങളും ഇടവക യുവജന ശുശ്രുഷ സമിതിയും വളരെ സജീവമായി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചുവെന്ന് ഫാ.ജോയിസാബു പറഞ്ഞു.