ബംഗളൂരു: അഖിലേന്ത്യ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (സി.ബി.സി.ഐ) പ്രസിഡന്റായി ബോംബെ ആർച്ച്ബിഷപ്പ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്നുവരുന്ന സി.ബി.സി.ഐ. ദ്വൈവാർഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
പ്രസിഡന്റായിരുന്ന കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് അധ്യക്ഷനാകുന്നത്. രണ്ടു വർഷമാണു കാലാവധി.
സി.ബി.സി.ഐ. പ്രഥമ വൈസ് പ്രസിഡന്റായി മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്റായി തലശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.ഐ. സെക്രട്ടറി ജനറലിന്റെ കാലാവധി മൂന്നു വർഷമായതിനാൽ ഡോ. തിയഡോർ മസ്കരനാസ് തത്സ്ഥാനത്തു തുടരും.
ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോണ്‍ഫറൻസസ് (എഫ്.എ.ബി.സി.) പ്രസിഡന്റും ഫ്രാൻസിസ് പാപ്പയുടെ എട്ടംഗ കർദിനാൾ ഉപദേശക സംഘത്തിലെ അംഗവുമാണു കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സി.സി.ബി.ഐ.) പ്രസിഡന്റ്കൂടിയാണ് ഡോ. ഗ്രേഷ്യസ്.