Kazhchayum Ulkkazchayum

ക്ഷമാപണം

ക്ഷമാപണം

ഫാ. ജോസഫ് പാറാങ്കുഴി

ദൈവമേ... സര്‍വ്വസംപൂജ്യനേ, സര്‍വ്വജ്ഞനേ,
അനന്തമായ സിദ്ധി സാധ്യതകളുടെ സാകല്യമേ…
നിന്‍റെ നന്മയുടെ ഉറവിടങ്ങളിലേയ്ക്ക്
നിരന്തരം ഊളിയിട്ടിറങ്ങേണ്ടവനായ ഞാന്‍
സത്യസനാതന ധര്‍മ്മങ്ങളുടെ കാവല്‍ക്കാരനാകേണ്ട ഞാന്‍
വിശ്വമാനവികതയെ വാരിപ്പുണരേണ്ടവനായ ഞാന്‍
തിരുവചന ധ്യാന മനന വിചിന്തനത്തിലൂടെ
തിരുഹിതം തിരിച്ചറിയുവാന്‍ തിരുമുമ്പില്‍ മുട്ടുകുത്തുന്നു…

ജീവിതത്തിന്‍റെ കര്‍മ്മരംഗങ്ങളില്‍ പ്രതിസന്ധികളില്‍
ഉറച്ച നിലപാടും ബോധ്യങ്ങളും കാത്തുസൂക്ഷിക്കുവാന്‍-
ഇന്നെന്‍റെ അന്തരംഗത്തില്‍ ആത്മഹര്‍ഷമായ്
നാഥാ വരണമേ… വസിക്കാന്‍ വരണമേ…

ഉന്മിഷത്തും ഉദാത്തവുമായ അവിടുത്തെ ചൈതന്യം
എന്‍റെ സര്‍ഗ്ഗവാസനകളെയും ചിന്തയെയും ഭാവനകളെയും-
ദീപ്തമാക്കി അറുപത്, നൂറുമേനി വിളവു നല്‍കാന്‍
നാഥാ കനിഞ്ഞാലും, കൃപചൊരിഞ്ഞാലും…

ജീവിത യാത്രയില്‍ അങ്ങയുടെ മുഖശോഭ ദര്‍ശിക്കുവാന്‍
ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍ വഴിതെറ്റാതിരിക്കുവാന്‍
അവിടുത്തെ അചഞ്ചല സ്നേഹം ആസ്വദിക്കുവാന്‍
ദിശാബോധത്തോടെ, ഉണര്‍വ്വോടെ, വ്യാപരിക്കുവാന്‍
അവിടുത്തെ കരവലയത്തിലെന്നെ കാത്തുപാലിക്കണമേ…

എന്‍റെ വാക്കും പ്രവര്‍ത്തിയും പരസ്പര പൂരകമാകുവാന്‍
വ്യതിരിക്തതകളെ അവധാനതയോടെ അപഗ്രഥിക്കുവാന്‍
മൂല്യവത്തായ ഒരു ലക്ഷ്യ പ്രാപ്തിക്കുവേണ്ടി യത്നിക്കുവാന്‍
എന്‍റെ കര്‍മ്മ മണ്ഡലങ്ങളില്‍ വെളിച്ചം പകരണമേ…

ഞാന്‍ ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന്
ആയിത്തീരേണ്ട അവസ്ഥയിലേക്കുളള പ്രയാണത്തില്‍
എന്നില്‍ അടിഞ്ഞുകൂടുന്ന അലസതയും നിസംഗതയും
എന്നില്‍ ജഡത്വവും മരവിപ്പും നിറയ്ക്കുമ്പോള്‍
ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍…
നാഥാ… എന്നോടു ക്ഷമിച്ചാലും…

Show More

One Comment

  1. സർവശക്ക്തനായ ദൈവം ക്ഷമിക്കാൻ പഠിപ്പിച്ചു പക്ഷേ നമ്മളോ?

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker