സ്വന്തം ലേഖകൻ
റോം: ക്വാറന്റൈൻ കാലത്ത് ഇറ്റലിയിൽ നിന്ന് ഒരുകൂട്ടം വൈദീകരുടെ ഗാനചിത്രീകരണം. “Heal us O Lord” എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം കൊറോണാ മഹാമാരിയിൽ വിറങ്ങലിച്ചുനിൽക്കുന്ന ലോകത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ്. ലോകം തന്നെ ക്വാറന്റൈനിൽ ആയിരിക്കുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ അതിൽ പങ്കുചേർന്നുകൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നതാണ് ഗാനചിത്രീകരണം. ചുരുക്കത്തിൽ, ഇറ്റാലിയൻ ഗവണ്മെന്റിന്റെ നിർദേശങ്ങൾ അനുസരിച്ച്, വീടിന് പുറത്തിറങ്ങാതെ, തങ്ങളുടെ ആവൃതിക്കുള്ളിൽ തന്നെയായിരുന്നുകൊണ്ട് പൂർത്തിയാകാൻ സാധിച്ചതാണ് ഈ ഗാനചിത്രീകരണത്തെ വ്യത്യസ്തമാക്കുന്നതും.
റോമിൽ പഠിക്കുന്ന അച്ചന്മാർ ക്വാറന്റൈൻ സമയത്ത് വീട്ടിൽ തന്നെ ഇരുന്ന്, ഫാ.നിബിന്റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയതാണ് ഈ മനോഹരമായ ഗാനചിത്രീകരണം. ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ ചെയ്തത് സ്വിസ്സർലന്റിലാണ്. എന്നിട്ടും, അഞ്ചു ദിവസങ്ങൾ കൊണ്ട് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുകയാണ് ഫാ.നിബിനും കൂട്ടരും.
റോമിലെ ഡെമെഷീന കോളേജിൽ താമസിക്കുന്ന അറുപതോളം വൈദീകരുടെ സാന്നിധ്യം ഈ ഗാനചിത്രീകരണത്തിൽ കാണാനാകും. ഇറ്റലിയിലെ ക്വാറന്റൈൻ സമയത്ത് അവരുടെ കോളേജിനുള്ളിലെ ചുറ്റുപാടുകളിൽ നിന്ന് മാത്രമായാണ് ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
പിൽഗ്രിംസ് കമ്യൂണിക്കേഷന്റെ യൂട്യൂബ് ചാനൽ വഴിയാണ് “Heal us O Lord” എന്ന് പേരിട്ടിരിക്കുന്ന മനോഹരമായ ഈ ഗാനചിത്രീകരണം ജനങ്ങളിലെത്തിച്ചിരിക്കുന്നത്.
ഈ ഗാനചിത്രീകരണത്തിന്റെ സംവിധാനവും ഗാനത്തിന്റെ വരികളും രൂപപ്പെടുത്തിയത് ഫാ.നിബിൻ കുരിശിങ്കലാണ്. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ.ജിയോ അബ്രഹാമും, ശ്രീമതി കാതറിൻ സിമ്മെർമാനും ഇയാൻ ജയ്ദനും ചേർന്നാണ്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഫാ.റെനിൽ കാരത്തറയും ഫാ.പോൾ റോബിനുമാണ്. ഓർക്കസ്ട്രഷൻ നിർവ്വഹിച്ചിരിക്കുന്നത് സ്വിറ്റ്സർലൻഡിൽ നിന്ന് ശ്രീ. ജിയോ എബ്രഹാമാണ്. സഹസംവിധാനം ഫാ.സ്റ്റാൻലി സെബാസ്ത്യനും, കാമറ ഫാ.ജെറി അലെക്സും, എഡിറ്റിങ് ഫാ.ജോബിൻസ് MCBSമാണ് നിർവ്വഹിച്ചിരിക്കുന്നത്.
“Heal us O Lord…” കാണുവാൻ: