Kazhchayum Ulkkazchayum

ക്രിസ്മസ് സന്ദേശം

അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് നിശ്ചയമില്ലാതാണ് നമ്മുടെ ജീവിതം...

2012 ഡിസംബർ മാസം ഒന്നാം തീയതി രാവിലെ 6 മണിക്ക് ഒരു “ഇമെയിൽ സന്ദേശം” ഇന്റെർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ലോകം മുഴുവനും ആ “സന്ദേശം” വായിച്ചു. നവമാധ്യമങ്ങളിൽ ആ സന്ദേശം വലിയ ചർച്ചയായി. കുറച്ചുപേർ ആ സന്ദേശം തമാശയായും, നിസാരമായും കണ്ട് അവഗണിച്ചു. എന്നാൽ ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ജനങ്ങളും വളരെ ഗൗരവത്തോടെ സ്വീകരിച്ചു. എന്തായിരുന്നു ആ സന്ദേശം? “സുഹൃത്തേ, നിങ്ങളുടെ സുഹൃത്തുമായിട്ടുള്ള സൗഹൃദം പുലർത്താൻ ഇനി വൈകരുത്. മുറിഞ്ഞുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കുക. ശത്രുതയിലുള്ളവരുമായി രമ്യപ്പെടുക. അടുത്ത ക്രിസ്മസിന് നിങ്ങളിലൊരാൾ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പ്?” ആ സന്ദേശത്തിന് ഒരു വശീകരണ ശക്തിയുണ്ടായിരുന്നു. ക്രിസ്തുമസിനും, പുതുവത്സരത്തിനും അയയ്ക്കുന്ന ആശംസകാർഡുകളിൽ 90% ഉം ഈ സന്ദേശമായിരുന്നു.

അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് നിശ്ചയമില്ലാതാണ് നമ്മുടെ ജീവിതം. ഇവിടെ നഷ്ടപ്പെട്ട സൗഹൃദവും, ബന്ധങ്ങളും, മുറിവുകളും etc. പുതുക്കുവാൻ, പരിഹരിക്കുവാൻ ഒരു വർഷത്തെ നീണ്ട കാലയളവാണ് പറഞ്ഞിരിക്കുക. എത്രയും വേഗം അതു പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾ വെറുക്കുന്ന ഒരു വ്യക്തി (വ്യക്തികൾ) അടുത്തവർഷം ക്രിസ്മസ് ആഘോഷിക്കാൻ ഉണ്ടാവില്ല. വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒത്തിരി വസ്തുതകളുണ്ട്.

1) മനുഷ്യജീവിതത്തിന്റെ നിസാരതയും, ഉൾപ്പിരിവുകളും.
2) ജീവിച്ചിരിക്കുന്നവർക്ക് മാത്രമേ പരസ്പരം സ്നേഹിക്കുവാനും, ക്ഷമിക്കുവാനും കഴിയൂ.
3) നമ്മുടെ മനസ്സും, മനോഭാവങ്ങളും മാറ്റിയെടുക്കാൻ സാവകാശം വേണ്ടിവരും.
4) മരിച്ചു കഴിഞ്ഞിട്ട് മറ്റൊരാളെ സ്നേഹിക്കുവാനോ, ക്ഷമിക്കുവാനോ, ബന്ധങ്ങൾ നവീകരിക്കാനോ കഴിയില്ല.
5) നമ്മുടെ ജീവിതം സഫലമാകണമെങ്കിൽ സഹവർത്തിത്വത്തോടെ, കൂട്ടായ്മയിൽ ജീവിക്കണം.
6) മുറിവേറ്റ ബന്ധങ്ങളെ കൂട്ടിയിണക്കാൻ “ഒരു സാന്ത്വന തൈലമായി” നാം മാറ്റണം.
7) പ്രതീക്ഷയോടെ, പ്രത്യാശയോടുകൂടെ ബന്ധങ്ങളെ ഊഷ്മളത ഉള്ളതാക്കി മാറ്റാം.

ക്രിസ്തുമസിന്റെ സന്ദേശം നമ്മുടെ ദൈനംദിന ജീവിതത്തിലും, വ്യക്തിബന്ധങ്ങളിലും വിരൽചൂണ്ടുന്നവയാണ്. ഇനി യേശുവിന്റെ തിരുപ്പിറവിയുമായിട്ട് ചേർത്തുവായിക്കുമ്പോൾ തികച്ചും കാലിക പ്രസക്തിയുണ്ട്. കാലത്തിന്റെ തികവിൽ ദൈവം മനുഷ്യനായിട്ട് മാറിയത് നഷ്ടസ്വർഗ്ഗങ്ങളെ വീണ്ടെടുക്കാനായിരുന്നു, ദൈവ-മനുഷ്യ ബന്ധത്തിന്റെ ഹൃദ്യത ആസ്വദിക്കാനായിരുന്നു.

മനുഷ്യ മഹത്വത്തെ പ്രകീർത്തിക്കുന്ന തിരുനാൾ കൂടെയാണ് യേശുവിന്റെ ജനനം. മനുഷ്യനെ ദൈവത്തിലേക്ക് ഉയർത്തുന്ന പുണ്യ മുഹൂർത്തം. ദൈവം മനുഷ്യഹൃദയങ്ങളിൽ വസിക്കാൻ ഇടംതേടുന്ന അനവദ്യസുന്ദര കാലഘട്ടം. നാം വിലപിടിപ്പുള്ള പുൽക്കൂടുകളും, ഇലുമിനേഷനും, വിലപിടിപ്പുള്ള വസ്ത്രവും, സദ്യകളും നടത്തി “പ്രകടനപരത”യിലൂടെ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ പലപ്പോഴും ക്രിസ്തുമസിന്റെ കാതലായ സന്ദേശം ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നു. ഒരായിരം നക്ഷത്രങ്ങളും, വിളക്കുകളും, മറ്റ് ആഘോഷങ്ങളും നടത്തിയാലും ഉള്ളിൽ ഒരു നക്ഷത്രം ജ്വലിച്ചില്ലെങ്കിൽ, വചനത്തിന്റെ പ്രകാശം ജ്വലിപ്പിച്ചില്ലെങ്കിൽ, യേശു ഹൃദയത്തിൽ പിറക്കാതെ പോകും. അതിനാൽ ജീവിതത്തിൽ ഒരു നവീകരണം സാധ്യമാകണമെങ്കിൽ നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരണം. മാനസാന്തരം ഉണ്ടാകണം. പ്രശ്നങ്ങളും, അസ്വസ്ഥതകളും, ആകുലതകളും, സ്വരച്ചേർച്ചയില്ലായ്മയും മനുഷ്യനായിരിക്കുന്നിടത്തോളം കാലം, ഒരു സാമൂഹിക ജീവി എന്ന നിലയ്ക്ക് നമുക്കുണ്ടാക്കാം. വിശേഷ ബുദ്ധിയും, യുക്തിയും, വിലയിരുത്താനുള്ള കഴിവും, ഇച്ഛാശക്തിയുമുള്ള മനുഷ്യന് തിന്മയെ നിരാകരിക്കാൻ കഴിയണം; ഒപ്പം നന്മയോട് സഹകരിക്കാനും കഴിയണം.

ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ അന്തസത്ത നഷ്ടപ്പെടും. നല്ല ഡോക്ടർ, ഓപ്പറേഷൻ സക്സസ്സ്. പക്ഷേ ഉള്ളിൽ കുഞ്ഞ് ഇല്ലെങ്കിൽ സിസേറിയൻ ഓപ്പറേഷൻ കൊണ്ട് എന്ത് പ്രയോജനം? യേശു വീണ്ടും വീണ്ടും പുൽക്കൂട്ടിൽ ജനിക്കാതിരിക്കാൻ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കാനുള്ള ശ്രമം തുടരാം. ഒരുവർഷക്കാലം കാലത്തെ പ്രോഗ്രാം. പ്രാർത്ഥനയിലും, ഭക്ത്യാഭ്യാസങ്ങളിലും, കൂദാശാ ജീവിതത്തിലും അർത്ഥം കണ്ടെത്താൻ ബോധപൂർവം ശ്രമിക്കാം. സുകൃത സമ്പന്നമായ ജീവിതം നയിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. വളരുകയും വളർത്തുകയും ചെയ്യുന്ന, ആരും അന്യരല്ലാ എന്ന തിരിച്ചറിവിലേക്ക് വളരുന്ന, ഒരു ജീവിതശൈലി സ്വീകരിക്കാം. പ്രാർത്ഥനയോടെ…!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker