Articles

ക്രിസ്തുസ് വിവിത് = ക്രിസ്തു ജീവിക്കുന്നു

ആധുനിക യുവതയ്ക്ക് വഴിതെറ്റാതെ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഒരു പ്രകാശഗോപുരമായി മാറാന്‍ ഈ അപ്പസ്തോലിക പ്രബോധനത്തിനു കഴിയും

ഫാ.രഞ്ജിത് ജോസഫ്

യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ സ്വപ്നങ്ങളും, സഭയെക്കുറിച്ചുള്ള യുവജനങ്ങളുടെ പ്രതീക്ഷകളും ചിറകുവിടര്‍ത്തുന്ന ഫ്രാന്‍സിസ് പാപ്പയുടെ “ക്രിസ്തു ജീവിക്കുന്നു” എന്ന് അര്‍ത്ഥം വരുന്ന “ക്രിസ്തുസ് വിവിത്” എന്ന പ്രബോധന രേഖ സഭാചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു സുവര്‍ണരേഖയാണ്. ഈ പ്രബോധന രേഖയെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഫാ.രഞ്ജിത് ജോസഫ്.

യുവജനങ്ങള്‍ക്ക് സഭയുടെ സ്വരം ശ്രവിക്കാനും, സഭയ്ക്ക് യുവജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ യുവജന സിനഡ് നടത്തപ്പെട്ടത്. “യുവജനങ്ങള്‍: വിശ്വാസവും, വിവേചനത്തോടെയുള്ള ജീവിതാന്തസുകളുടെ തിരഞ്ഞെടുപ്പും” എന്നതായിരുന്നു പ്രമേയം. ഈ സിനഡില്‍ നടന്ന ചര്‍ച്ചകളുടെ പരിണിത ഫലമെന്നോണം 2019 മാര്‍ച്ച് 25-ന് പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്താ തിരുന്നാള്‍ ദിവസം ഫ്രാന്‍സിസ് പാപ്പാ ഇറ്റലിയിലെ ലൊറേറ്റോ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച വേളയില്‍ ഒപ്പുവെച്ചതാണ് ‘ക്രിസ്തു ജീവിക്കുന്നു’ എന്നര്‍ത്ഥം വരുന്ന ‘ക്രിസ്തുസ് വിവിത്’ അപ്പസ്തോലിക ഉദ്ബോധനം.

യുവജനങ്ങളെയും, ലോകത്തെ സര്‍വദൈവജനത്തെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ ഉദ്ബോധനം പാപ്പാ ആരംഭിക്കുന്നത്. 9 അധ്യായങ്ങളിലായി 299 ഖണ്ഡികകളുള്ള ഈ ലേഖനത്തിന് 164 അടിക്കുറിപ്പുകളും ഉണ്ട്. യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ സ്വപ്നങ്ങളും സഭയെക്കുറിച്ചുള്ള യുവജനങ്ങളുടെ പ്രതീക്ഷകളും ചിറകുവിടര്‍ത്തുന്ന ഈ രേഖ സഭാചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു സുവര്‍ണരേഖയാണെന്നു പറയാം.

യുവജനങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ കാഴ്ചപ്പാട്

പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും പശ്ചാത്തലത്തില്‍ വിശുദ്ധ ഗ്രന്ഥത്തിലെ യുവജന കാഴ്ചപ്പാടുകളെക്കുറിച്ചാണ് ഒന്നാമത്തെയും രണ്ടാമത്തെയും അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. വിശുദ്ധ ലിഖിതങ്ങള്‍ യുവജനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതുകൊണ്ടും, ദൈവം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതുകൊണ്ടും, തിരുലിഖിതങ്ങളുടെ സമ്പന്നതയിലേക്ക് പരിശുദ്ധ പിതാവ് തന്റെ വായനക്കാരെ ക്ഷണിക്കുകയാണ്. യുവജനങ്ങളെ ഗൗരവത്തോടെ പരിഗണിക്കാതിരുന്ന ഒരു കാലഘട്ടത്തില്‍ ദൈവം അവരെ പരിഗണനയോടെ കാണുന്നതായി വിശുദ്ധഗ്രന്ഥ സൂചകങ്ങളോടെ പാപ്പാ വ്യക്തമാക്കുന്നു (6). നിത്യയൗവനയുക്തനായ ഈശോ തന്നെ, എന്നും യൗവനയുക്തമായ ഒരു ഹൃദയം നമുക്ക് തരാന്‍ ഇച്ഛിക്കുന്നു (13), യുവാവായ യേശു നമ്മിലൊരുവനാണ്, യുവാക്കളുടെ യുവത്വത്തിന്റെ പ്രത്യേകതകളില്‍ അവിടുന്നും പങ്കുചേരുന്നുണ്ട് (31), അതിനാല്‍ ഓരോ യുവാവിനും യുവതിക്കും തങ്ങളുടെ വ്യക്തിത്വത്തില്‍ ഈശോയെ കണ്ടെത്താനാകും എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു (34).

യുവാക്കളേ, നിങ്ങളാണ് ദൈവത്തിന്റെ ഇന്ന്

ഇന്നത്തെ ലോകത്തിന്റെ സാഹചര്യങ്ങളില്‍ യുവജനങ്ങള്‍ നിരവധിയായിട്ടുള്ള ചുട്ടുപൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. തീവ്രവാദം, മയക്കുമരുന്ന്, വംശീയത, സാമ്പത്തികവും സാംസ്കാരികവുമായ പാര്‍ശ്വവത്കരണം, ജീവനെതിരായുള്ള പ്രവര്‍ത്തനങ്ങള്‍, ലൈംഗിക ചൂഷണങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നിരാശയില്‍ ആണ്ടുപോകാനിടയുള്ള യുവജനങ്ങള്‍ക്ക് ദൈവത്തിനു വേണ്ടിയുള്ള സ്വഭാവികമായ ഒരു ആഗ്രഹം കാണാനാകും (84). ഈ ആഗ്രഹം യഥാര്‍ത്ഥ ദൈവാനുഭവത്തിലേക്ക് യുവജനങ്ങളെ നയിക്കേണ്ടതുണ്ട്. ദുരനുഭവങ്ങളില്‍ തളരാതെ, യേശുവില്‍ മാത്രം പ്രത്യാശയര്‍പ്പിച്ച് മുന്നേറാന്‍ യുവജനങ്ങളെ പാപ്പാ ആഹ്വാനം ചെയ്യുകയാണിവിടെ. കാരണം, യുവജനങ്ങളാണ് യേശുവിന്റെ, അവിടുത്തെ വചനങ്ങളുടെ ‘വര്‍ത്തമാനകാലം.’

യുവജനങ്ങള്‍ക്കായി മൂന്ന് നിത്യ സത്യങ്ങള്‍

യുവജനങ്ങള്‍ എപ്പോഴും മനസില്‍ കൊണ്ടുനടക്കേണ്ട മൂന്നു നിത്യസത്യങ്ങളെ നാലാം അധ്യായത്തില്‍ പാപ്പാ അവതരിപ്പിക്കുന്നു.

ഒന്നാമത്തേത്: ‘ദൈവം നിങ്ങളെ സ്നേഹിക്കുന്നു’ എന്നതാണ് (112). നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചാലും ഇക്കാര്യത്തില്‍ നിങ്ങള്‍ സംശയിക്കരുതെന്ന് (112) പരിശുദ്ധ പിതാവ് യുവജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ഓരോ നിമിഷവും, ഏതു സാഹചര്യത്തിലും, നിങ്ങള്‍ അപരിമിതമായി സ്നേഹിക്കപ്പെടുന്നു (112). തുറന്ന ഒരു ബന്ധത്തിലേക്കും ഫലപ്രദമായ സംവാദത്തിലേക്കും നമ്മെ നയിക്കാന്‍ തക്കവിധം അത്ര യഥാര്‍ത്ഥമാണ് നമ്മോടുള്ള അവിടുത്തെ സ്നേഹം.

രണ്ടാമതായി: യുവജനങ്ങള്‍ മനസിലാക്കേണ്ട യാഥാര്‍ത്ഥ്യം ‘ക്രിസ്തു നിങ്ങളെ രക്ഷിക്കുന്നു’ എന്നതാണ്. നമ്മെ രക്ഷിക്കാന്‍വേണ്ടി അവിടുന്ന് തന്നെത്തന്നെപൂര്‍ണമായി ബലിയര്‍പ്പിച്ചു (118). ക്രൂശിലെ ബലിയര്‍പ്പണത്താല്‍ നമ്മെ രക്ഷിച്ച ക്രിസ്തു ഇന്നും തന്റെ സമ്പൂര്‍ണ ആത്മസമര്‍പ്പണത്തിന്റെ ശക്തിയാല്‍ നമ്മെ രക്ഷിച്ചുകൊണ്ടിരിക്കുന്നു(119).

മൂന്നാമതായി: യുവജനങ്ങള്‍ തങ്ങളെതന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കേണ്ട യാഥാര്‍ത്ഥ്യം ‘ക്രിസ്തു ഇന്നും ജീവിച്ചിരിക്കുന്നു’ എന്നതാണ്. രണ്ടായിരം വര്‍ഷം മുമ്പു ജനിച്ച്, ജീവിച്ച്, മരിച്ച ഒരു ചരിത്രപുരുഷന്‍ എന്ന നിലയില്‍ മാത്രം ക്രിസ്തുവിനെ ചിത്രീകരിക്കുന്നതില്‍ അപാകതയുണ്ട്. എന്നാല്‍, ഇന്നും സജീവനായി ജീവിക്കുന്ന ഒരു ക്രിസ്തു നമുക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ജീവിക്കുന്നവനായി, സന്തുഷ്ടനായി, ആനന്ദം നിറഞ്ഞവനായി യേശുവിനെ കാണുക, എപ്പോഴും കൂടെയുള്ള സ്നേഹിതനെപ്പോലെയും.

ഈ മൂന്ന് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുവെങ്കില്‍, ആനന്ദത്തില്‍ ജീവിക്കാന്‍ അവിടുന്ന് നിങ്ങളെ സഹായിക്കും. നിങ്ങള്‍ ഒരിക്കലും നിരാശയില്‍ അകപ്പെടുകയില്ല.

യൗവനത്തിന്റെ പ്രത്യേകതകള്‍

യൗവനം യുവജനങ്ങള്‍ക്ക് ഒരു അനുഗ്രഹീത കാലഘട്ടമാണ്. ഇതിന്റെ പ്രത്യേകതകള്‍ തിരിച്ചറിയുക എന്നത് യുവജനങ്ങള്‍ ക്രിസ്തുവില്‍ നയിക്കപ്പെടാന്‍ ഏറ്റവും അത്യാവശ്യമാണെന്ന് പാപ്പാ അനുസ്മരിക്കുന്നു. അതുകൊണ്ട് അഞ്ചാമത്തെ അധ്യായത്തില്‍ യുവത്വത്തിന്റെ പ്രത്യേകതകള്‍ വിശകലനം ചെയ്യപ്പെടുകയാണ്.

യുവത്വമെന്നത് സ്വപ്നങ്ങളുടെയും, തീരുമാനങ്ങളുടെയും കാലഘട്ടമാണ്. യൗവനത്തിലെ സ്വപ്നങ്ങള്‍ സന്തുലിതമായ തീരുമാനങ്ങളിലൂടെ ജീവിത പദ്ധതികളായി പരിണമിക്കുകയും, പ്രാവര്‍ത്തികമാക്കപ്പെടുകയും ചെയ്യേണ്ടതാണ്. തീരുമാനങ്ങള്‍ തെറ്റിപ്പോകാനും പ്രലോഭനങ്ങള്‍ക്കടിമപ്പെട്ട് വഴിതെറ്റിപ്പോകാനും സാധ്യതയുണ്ടിവിടെ. അതുകൊണ്ടുതന്നെ പ്രലോഭനങ്ങളെക്കുറിച്ചുള്ള അവബോധത്തോടെ ജീവിക്കാനും സ്വപ്നങ്ങളില്‍നിന്ന് പിന്നോട്ടു പോകാതിരിക്കാനും യുവജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് (142).

യുവത്വമെന്നത് പക്വതയിലേക്കുള്ള വളര്‍ച്ചയുടെ കാലഘട്ടമാണ്. കര്‍ത്താവിനെ അന്വേഷിച്ചും വചനം പാലിച്ചു ജീവിച്ചും മാത്രമേ ഈ തീരുമാനങ്ങളും പരിശ്രമങ്ങളും ഫലവത്താക്കാന്‍ യുവജനങ്ങള്‍ക്ക് കഴിയുകയുള്ളൂ (158). യുവത്വത്തിന്റെ പക്വത പ്രകടമാകുന്നത് സാഹോദര്യമുള്ളതും ഉദാരവും കരുണാപൂര്‍വവുമായ സ്നേഹത്തിലുള്ള ഒരാളുടെ വളര്‍ച്ചയിലാണ് (163). ഇന്നത്തെ യുവജനങ്ങള്‍ പൊതുവേ സാമൂഹിക പ്രതിബദ്ധതയുള്ളവരാണ്. ഈ പ്രതിബദ്ധതയും അവരുടെ കഴിവുകളും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് യുവജനങ്ങള്‍ പ്രചോദിതരാകേണ്ടതുണ്ട് എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വേരുകളുള്ള ഉറച്ച യുവത്വം

ആഴത്തില്‍ വേരുകളുള്ള ശക്തമായ വൃക്ഷം പോലെ, കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം നിര്‍മിക്കാന്‍ യുവജനങ്ങള്‍ ഉറച്ചു നില്‍ക്കേണ്ടതുണ്ട്. താങ്ങിനിര്‍ത്താന്‍ ശക്തമായ വേരുകള്‍ ഇല്ലാത്തപക്ഷം ഈ ഉറച്ചുനില്‍ക്കല്‍ പ്രയാസകരമാണ് (179). പ്രലോഭനങ്ങളിലും വ്യാജമായ ലോക മോഹങ്ങളിലും വഴിതെറ്റിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലുംപെട്ട് പിഴുതെറിയപ്പെടാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിട്ടുകൊടുക്കരുതെന്ന് ഓര്‍മിപ്പിക്കുകയാണ് ആറാം അധ്യായത്തിലൂടെ പാപ്പാ ചെയ്യുന്നത്. പഴയ തലമുറയുടെ, മുതിര്‍ന്നവരുടെ അനുഭവങ്ങളില്‍നിന്ന് യുവജനങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.

യുവജന പ്രേഷിതത്വം

കാലാകാലങ്ങളായി നമ്മള്‍ തുടര്‍ന്നുവരുന്ന യുവജന ശുശ്രൂഷയില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ഏഴാമത്തെ അധ്യായത്തില്‍ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അജപാലന ശുശ്രൂഷ, സഭയുടെ പ്രധാന ദൗത്യം തന്നെയാണ്. വാസ്തവത്തില്‍ യുവജന ശുശ്രൂഷയുടെ മുഖ്യവക്താക്കള്‍ യുവജനങ്ങള്‍ തന്നെയാണ് (203). തീര്‍ച്ചയായും അവര്‍ സഹായിക്കപ്പെടണം, വഴികാട്ടപ്പെടണം. അതേസമയം, ക്രിയാത്മകമായും സുനിശ്ചിതമായ ധൈര്യത്തോടും കൂടി പുതിയ സമീപനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അവരെ സ്വതന്ത്രരായി വിടുകയും വേണം.

യുവജന ശുശ്രൂഷയെന്നത് കൂട്ടായ ഒരു യാത്രയായി മാറണം. ഓരോ സഭാംഗത്തിനും അതില്‍ കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കുകയും വേണം. ഈ കര്‍മപദ്ധതിക്ക് പ്രധാനമായും രണ്ട് പടികളുണ്ട്: ആദ്യത്തേതിനെ നമുക്ക് ‘എത്തിച്ചേരല്‍’ എന്ന് വിളിക്കാം. കര്‍ത്താവിനെ അനുഭവിക്കാന്‍ യുവജനങ്ങളെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുക, എത്തിച്ചേര്‍ക്കുക എന്നതാണത്. രണ്ടാമത്തേത്: ‘വളര്‍ച്ച.’ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കപ്പെട്ട, എത്തിച്ചേര്‍ന്ന യുവജനങ്ങളെ ക്രിസ്ത്വനുഭവത്തില്‍ പക്വതയുള്ളവരാക്കിത്തീര്‍ക്കുക എന്നതാണ്.

വിശുദ്ധിയിലേക്കുള്ള വിളി

ദൈവവിളി എന്ന പദം അതിന്റെ വിശാലാര്‍ത്ഥത്തില്‍ ദൈവത്തില്‍ നിന്നുള്ള വിളിയാണ്. അത് അതിന്റെ അടിസ്ഥാനപരമായ അര്‍ത്ഥത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിയാണ്; ഓരോരുത്തരും തങ്ങളുടെ ജീവിതാന്തസ്സിനനുസരിച്ച് ജീവിക്കേണ്ട, ലക്ഷ്യം വയ്ക്കേണ്ട ഒരു ദൗത്യം (248). ഈ വിളിയെപ്പറ്റിയാണ് എട്ടാമത്തെ അധ്യായത്തില്‍ മാര്‍പാപ്പ യുവജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നത്.

ദൈവവിളി വിവേചിച്ചറിയുക

തങ്ങളുടെ ദൈവവിളിയെന്താണെന്ന് വിവേചിച്ചറിയാനുള്ള യുവജനങ്ങളുടെ ഉത്തരവാദിത്തത്തെപ്പറ്റിയാണ് ഒമ്പതാമത്തെ അധ്യായത്തില്‍ പാപ്പാ ഓര്‍മപ്പെടുത്തുന്നത്. ഇവിടെ ശരിയായ മനസ്സാക്ഷി രൂപീകരണത്തിന്‍റെ ആവശ്യകതയെപ്പറ്റി നാം മനസിലാക്കണം. ശരിയായ മനസ്സാക്ഷി രൂപീകരണത്തിലേ ദൈവവിളി വിവേചിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയൂ. ഈ രൂപീകരണ പ്രക്രിയയില്‍ തന്നെത്തന്നെ പരിവര്‍ത്തനം ചെയ്യാന്‍ നാം ക്രിസ്തുവിന് വിട്ടുകൊടുക്കണം. ഈ വിളിയെ കണ്ടെത്താന്‍ യുവജനങ്ങള്‍ തങ്ങളോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിച്ച്, ഉത്തരങ്ങള്‍ പ്രാര്‍ത്ഥനയോടെ സ്വയം കണ്ടെത്തി, തീരുമാനമെടുക്കണം (286). വൈദികര്‍, സന്ന്യസ്തര്‍, ആത്മീയ ഗുരുക്കള്‍ തുടങ്ങി ധാരാളം ആളുകള്‍ക്ക് ഈ തീരുമാനമെടുക്കുവാന്‍ യുവജനങ്ങളെ സഹായിക്കാനാകും. അവരെ ശ്രവിക്കാനുള്ള സന്നദ്ധത യുവജനങ്ങള്‍ക്കുണ്ടാവുകയും വേണം.

ലോകം ശ്രവിച്ച മംഗളവാര്‍ത്ത

2019 മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാളില്‍ ഒപ്പുവയ്ക്കപ്പെട്ട ഈ അപ്പസ്തോലിക ഉദ്ബോധനം, ലോകം ശ്രവിച്ച മറ്റൊരു മംഗളവാര്‍ത്തതന്നെയെന്നു നിസ്സംശയം പറയാം. ലോകത്തെ വീണ്ടെടുക്കാന്‍ വന്ന ക്രിസ്തുവിന്റെ ജനനവാര്‍ത്ത മംഗളവാര്‍ത്തയായതുപോലെ, പാവങ്ങളോടു പക്ഷംചേര്‍ന്നും നീതിക്കുവേണ്ടി പോരാടിയും (37) ലോകത്തിനു മുഴുവന്‍ യുവജനങ്ങള്‍ മംഗളവാര്‍ത്തയായി തീരേണ്ടതെങ്ങനെയെന്ന് ഈ പ്രബോധനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു. ഈ വലിയ ദൗത്യത്തില്‍ സഭയ്ക്ക് എങ്ങനെ യുവജനങ്ങളെ നയിക്കാമെന്നും, സഹായിക്കാമെന്നും, യുവജനങ്ങള്‍ ഈ പ്രക്രിയയില്‍ എങ്ങനെ സഭയ്ക്കൊപ്പം നിലകൊള്ളണമെന്നും മനോഹരമായി പ്രതിപാദിക്കുന്നുണ്ട് ഈ അപ്പസ്തോലിക ഉദ്ബോധനം. ആധുനിക യുവതയ്ക്ക് വഴിതെറ്റാതെ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ഒരു പ്രകാശഗോപുരമായി മാറാന്‍ ഈ അപ്പസ്തോലിക പ്രബോധനത്തിനു കഴിയും എന്നത് തീര്‍ച്ചയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker