Articles

ക്രിസ്തുവും റോമൻ കൂരിയയും സ്ത്രീപ്രാതിനിധ്യവും

സ്ത്രീപങ്കാളിത്ത വിഷയത്തിൽ റോമൻ കൂരിയ ക്രിസ്തുവിന്റെ പാതയിൽ മുന്നേറുകയാണ്...

ഫാ. ജോഷി മയ്യാറ്റിൽ

സുവിശേഷങ്ങൾ ചിത്രീകരിക്കുന്ന യേശുക്രിസ്തു സ്ത്രീവിമോചനത്തിന്റെയും സ്ത്രീ-ശക്തീകരണത്തിന്റെയും അനന്യമായ മാതൃകയാണ്. ‘സ്ത്രീകളുടെ സുവിശേഷം’ എന്നു വിളിക്കപ്പെടുന്ന വി. ലൂക്കായുടെ സുവിശേഷം സ്ത്രീകൾക്കു നല്കുന്ന പ്രാമുഖ്യം എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഗ്രേക്കോ-റോമൻ ഗ്രന്ഥകാരന്മാർക്കിടയിൽ പോലും കാണാനാകാത്ത ഒന്നാണ്. ഓരോ വിവരണത്തിലും പുരുഷകഥാപാത്രത്തിനു സമാന്തരമായി സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സമാന്തര ജോഡീ വിവരണം അവിടെ കാണാം. പ്രഘോഷണയാത്രകളിൽ ഗലീലിമുതൽ ജറുസലേംവരെ യേശുവിനെ അനുഗമിച്ചിരുന്നവരിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്ന ലൂക്കൻ വിവരണം (8:1-3) സത്യത്തിൽ, പുരുഷാധിപത്യപ്രധാനമായ ഒരു യഹൂദ സമൂഹത്തിൽ അത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യം അവശേഷിപ്പിക്കുംവിധം അവിശ്വസനീയമാണ്. മർത്തായോടും മറിയത്തോടും യേശു പുലർത്തിയ ബന്ധവും സ്വാതന്ത്ര്യവും (ലൂക്കാ 10:38-42) ആരുടെയും മനം കവരുന്നതാണ്. യേശുവിന്റെ കുരിശുമരണത്തിന് സാക്ഷികളായി സ്ത്രീകൾ ഉണ്ടായിരുന്നതായും (മത്താ 27:55,56; മർക്കോ 15:40.41; ലൂക്കാ 23:49; യോഹ 19: 24-27) ഉത്ഥാനശേഷം സ്ത്രീകൾ കല്ലറയിലേക്കു വന്നതായും (മത്താ 28:1-8; മർക്കോ 16:1-8; ലൂക്കാ 24:1-11.22-24; യോഹ 20:1,2,11-18) നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. വിധവകളോട് ഈശോ കാണിക്കുന്ന പ്രത്യേക പരിഗണനയും സുവിശേഷങ്ങളിൽ വ്യക്തമാണ് (മർക്കോ 12:40,41-44; ലൂക്കാ 18:1; 20:47; 21:1-4). മഗ്ദലേനാ മറിയത്തിന് ഉത്ഥിതൻ ആദ്യം പ്രത്യക്ഷപ്പെടുന്നതും (മർക്കോ 16:9) അപ്പസ്തോലന്മാരെ ഉത്ഥാനവാർത്ത അറിയിക്കാൻ അവളെ ചുമതലപ്പെടുത്തുന്നതും (യോഹ 20:11-18) ക്രൈസ്തവസഭയുടെ ഗൗരവമായ വിചിന്തനത്തിന് ഇനിയും വിഷയീഭവിക്കേണ്ടിയിരിക്കുന്നു.

കത്തോലിക്കസഭാ കേന്ദ്രത്തിൽ…

2004-ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആദ്യമായി ഒരു വത്തിക്കാൻ കോൺഗ്രിഗേഷന്റെ അണ്ടർ സെക്രട്ടറിയായി ഒരു വനിതയെ നിയമിച്ചത്. സി. എൻറിക്ക റോസന്ന സമർപ്പിതജീവിതത്തിനു വേണ്ടിയുള്ള കോൺഗ്രിഗേഷനിലാണ് നിയമിതയായത്. ഇപ്പോൾ ഈ പദവി വഹിക്കുന്ന സി. കാർമെൻ റോസ് നോർതെസ് ആ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ്.

2016-ൽ ഫ്രാൻസിസ് പാപ്പ ഇറ്റാലിയൻ കലാചരിത്ര വിദഗ്ദ്ധയായ ബാർബയാത്തയെ വത്തിക്കാൻ മ്യൂസിയത്തിന്റെ ഡയറക്ടറായി നിയമിച്ചത് കലാലോകത്ത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കാരണം, ഇത്രയ്ക്ക് പ്രധാനവും വിസ്തൃതവുമായ മറ്റൊരു മ്യൂസിയത്തിനും ഒരു വനിതയും ഡയറക്ടറായ ചരിത്രമില്ല! ഏറ്റവും കൂടുതൽ സന്ദർശകരുള്ള അഞ്ചു മ്യൂസിയങ്ങളിൽ ഒന്നാണ് വത്തിക്കാൻ മ്യൂസിയം.

2017-ൽ ഗബ്രിയേല ഗംബീനോയെയും ലിൻഡ ഗിസോനിയെയും അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അണ്ടർ സെക്രട്ടറിമാരായി ഫ്രാൻസിസ് പാപ്പ നിയമിച്ചു.  2020 ജനുവരി മാസത്തിൽ ഫ്രാൻചെസ്കാ ദി ജൊവാന്നിയെ വത്തിക്കാൻ രാഷ്ട്രത്തിന്റെ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിച്ചത് ഏവരെയും ഞെട്ടിച്ച സംഭവമായിരുന്നു. പുതിയൊരു തസ്തിക സൃഷ്ടിച്ചുകൊണ്ടായിരുന്നു പാപ്പ ഇതു ചെയ്തത്. ഇതേ വർഷം, പരിശുദ്ധ സിംഹാസനത്തിന്റെയും വത്തിക്കാൻ രാഷ്ട്രത്തിന്റെയും സാമ്പത്തിക കാര്യങ്ങൾക്കായുള്ള സമിതിയിലേക്ക് ആറ് അല്മായ വനിതകളെയും അപ്പീൽകോടതിയായ റോമൻ റോട്ടായിലേക്ക്  ഒരു വനിതാ പ്രൊസിക്യൂട്ടറെയും പാപ്പ ചരിത്രത്തിലാദ്യമായി നിയോഗിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള സമിതിയിലേക്ക് താൻ സ്ത്രീകളെ നിയമിച്ചതിനെ പരാമർശിച്ച് 2020-ൽ ഇറങ്ങിയ ‘നമുക്കു സ്വപനം കാണാം’ (Let us dream) എന്ന ഗ്രന്ഥത്തിൽ പാപ്പ പറഞ്ഞത് ഇങ്ങനെയാണ്: “പ്രസ്തുത സ്ത്രീകളെ ഞാൻ തിരഞ്ഞെടുത്തത് അവരുടെ ബിരുദങ്ങൾകൊണ്ടു മാത്രമല്ല, സ്ത്രീകൾ പൊതുവേ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട കാര്യദർശികളാണ് എന്നു ഞാൻ വിശ്വസിക്കുന്നതുകൊണ്ടു കൂടിയാണ്”.

വത്തിക്കാന്റെ മാധ്യമവിഭാഗത്തിൽ രണ്ടു സ്ത്രീകൾ ഉന്നതമായ കാര്യദർശിസ്ഥാനം കൈയാളുന്നുണ്ട് – സ്ലൊവേനിയക്കാരിയായ നടാസ നൊവേകറും ബ്രസീലുകാരിയായ ക്രിസ്റ്റിയാൻ മുറേയും. മെത്രാൻ സിനഡിന്റെ ആദ്യത്തെ വനിതാ അണ്ടർസെക്രട്ടറിയായി 2021 ഫെബ്രുവരി മാസത്തിൽ സി. നതാലീ ബെക്കാർട്ടിനെ ഫ്രാൻസിസ് പാപ്പ നിയോഗിച്ചു.

2021 മാർച്ച് 9-ാം തീയതി പാപ്പ നൂറിയ കൽദുഖിനെ പൊന്തിഫിക്കൽ ബിബ്ളിക്കൽ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചത് ബൈബിളിന്റെ പഠനമേഖലയിൽ സ്ത്രീത്വത്തിനു ലഭിച്ച വലിയ അംഗീകാരമായിരുന്നു. 2014-ൽ ഫ്രാൻസിസ് പാപ്പ തന്നെയാണ് ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ – മേരി ഹീലിയെ – കമ്മീഷൻ അംഗമായി നിയമിച്ചതും.

ഇനിയും വളരേണ്ട ക്രിസ്തുദർശനം

സ്ത്രീപങ്കാളിത്ത വിഷയത്തിൽ റോമൻ കൂരിയ ക്രിസ്തുവിന്റെ പാതയിൽ മുന്നേറുകയാണ്. നിലവിലുള്ള ചിന്താഗതികളെയും മുൻവിധികളെയും അതിലംഘിക്കുക അത്ര എളുപ്പമല്ല. എങ്കിലും, ഫ്രാൻസിസ് പാപ്പ മുന്നോട്ടു തന്നെയാണ്.

കേരള സഭയ്ക്കും സമൂഹത്തിനും ഇതു പ്രചോദനമാകേണ്ടതാണ്. ജെൻഡർ ഇക്വാലിറ്റി എന്നത് സ്കൂൾ യൂണിഫോമിൽപോലും അസാധ്യമായിരിക്കുന്ന ഒരു കേരളത്തിൽ സ്ത്രീ-പുരുഷസമത്വത്തിന്റെ ചിന്തകൾക്കുള്ള അടിത്തറപോലും പരുവപ്പെട്ടുവന്നിട്ടില്ല എന്നതാണ് സത്യം. സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിനു തുല്യമാക്കണം എന്ന ന്യായമായ ചിന്ത പോലും പ്രതിരോധിക്കപ്പെട്ടത് അധാർമികതയുടെ സാധ്യത പറഞ്ഞുകൊണ്ടാണെന്നത് സാക്ഷരകേരളത്തിന്റെ ബൗദ്ധികവും മാനവികവുമായ പിന്നാക്കാവസ്ഥയാണ് വെളിവാക്കുന്നത്. മതത്തിലും രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്കാരിക രംഗത്തും മലയാളിമങ്കകൾ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയാണ്. സമകാലീന കേരളത്തിലെ മുഖ്യ ചർച്ചാവിഷയങ്ങളിൽ ഒന്നായി പർദയും ഹിജാബും ഉയർന്നു വന്നിട്ടുള്ളതും മറ്റു കാരണങ്ങളാലല്ല. ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ തീരൂ. കെസിബിസി ആരോഗ്യ കമ്മീഷൻ സെക്രട്ടറിയായി നടാടെ ഒരു വനിത (റവ. സി. ഡോ. ലില്ലിസ SABS)  നിയമിക്കപ്പെട്ടതും കേരള കാത്തലിക് കൗൺസിൽ സെക്രട്ടറിയായി ശ്രീമതി ജെസ്സി ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടതും വനിതാദിനത്തോടനുബന്ധിച്ചു ലഭിക്കുന്ന ശുഭസൂചനകളാണ്. പക്ഷേ, ക്രിസ്തുവിനെ പിന്തുടരുന്നവർക്ക് ഇതുകൊണ്ടാന്നും തൃപ്തരാകാനാകില്ല. ക്രിസ്തു മാർഗം നമുക്കിടയിൽ ഇനിയും ശക്തമാകട്ടെ!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker