ക്രിസ്തുവിന്‍റെ സ്നേഹം ധാരാളമായി ലഭിക്കുന്ന സമയമാണ് ധ്യാന നിമിഷങ്ങള്‍; മോണ്‍.ജി.ക്രിസ്തുദാസ്
ക്രിസ്തുവിന്‍റെ സ്നേഹം ധാരാളമായി ലഭിക്കുന്ന സമയമാണ് ധ്യാന നിമിഷങ്ങള്‍; മോണ്‍.ജി.ക്രിസ്തുദാസ്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്തുവിന്‍റെ സ്നേഹം ധാരാളമായി ലഭിക്കുന്ന സമയമാണ് ധ്യാന നിമിഷങ്ങളെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്. അനുപമായ ദൈവസ്നേഹത്തിലൂടെയും ദൈവാനുഗ്രഹത്തിലൂടെയുമാണ് ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ കടന്നു പോകുന്നതെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോണ്‍സിഞ്ഞോര്‍.
5 ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൺവെൻഷൻ ഉദ്‌ഘാടനത്തിന് നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ്, മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.നിക്സണ്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡറയക്ടര്‍ ഫാ.സേവ്യര്‍ഖാൻ വട്ടായിയാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്.
കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ വൈകിട്ട് 4 -ന് ദിവ്യബലി ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ സമാപന ദിനമായ ഞായറാഴ്ച വൈകിട്ട് 4 -ന് നടക്കുന്ന ആഘോഷമായ സമാപന ദിവ്യബലിക്ക് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കണ്‍വെന്‍ഷന് ശേഷം എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യമുണ്ടാകുമെന്ന് കണ്‍വീനര്‍ ഫാ.ജറാള്‍ഡ് മത്യാസ് പറഞ്ഞു.