Kerala

ക്രിസ്തുവിന്റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണം; കെ.സി.ബി.സി.

'മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും': കേരള കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ

കൊച്ചി: ക്രിസ്തുവിന്റെ മനോഭാവത്തോടെ സര്‍വ്വരേയും ആദരവോടെ കരുതുവാന്‍ എല്ലാവരും ശ്രമിക്കണമെന്ന ആഹ്വാനവുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.). കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യ ശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭയെന്നും, സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ ഒറ്റക്കെട്ടായി നിരാകരിക്കുന്നുവെന്ന് കെ.സി.ബി.സി. പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി വിഷയങ്ങളില്‍നിന്നു വ്യതിചലിക്കുന്നതിനുപകരം വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും, സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇതര സമൂഹങ്ങളോടൊപ്പം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പറയുന്നു.

മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദ്ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്‌നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണെന്നും, ഇക്കാര്യത്തില്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുടെ നിലപാടു തന്നെയാണ് കേരള കത്തോലിക്കാ സഭയുടേയും നിലപാടെന്നും കെ.സി.ബി.സി. വ്യക്തമാക്കുന്നുണ്ട്.

പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker