കോവിഡ് -19 പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ
പ്രവാസി കുട്ടികളുടെ തുടർപഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കണം...
ജോസ് മാർട്ടിൻ
പാലാരിവട്ടം: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുവാൻ പോകുന്ന പുതിയ അധ്യായന വർഷത്തിൽ പ്രവാസി കുട്ടികളുടെ തുടർപഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നതിൽ സഭാ സ്ഥാപനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ അംഗങ്ങളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഈ നിർദ്ദേശം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർമാർക്ക് നൽകിയതെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജോസ് കരിവേലിക്കൽ അറിയിച്ചു.
കോവിഡ് -19 അനുബന്ധ പ്രതിസന്ധികളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലേക്ക് മടങ്ങി വരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പുനർ വിദ്യാഭ്യാസം. വിദേശങ്ങളിൽ നിന്നും നാല് ലക്ഷത്തോളം പ്രവാസികളും, അന്യ സംസ്ഥാനങ്ങളിൽ നിന്നും രണ്ട് ലക്ഷത്തിലേറെ ആളുകളും ഈ കാലഘട്ടത്തിൽ കേരളത്തിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ബഹു ഭൂരിപക്ഷവും ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകാനാവാത്ത സാഹചര്യത്തിൽ കേരളത്തിൽ തന്നെ തുടരാൻ നിർബന്ധിതരാകാനാണു സാധ്യത. അങ്ങനെയുള്ള സാഹചര്യത്തിൽ അവരുടെ മറ്റു പ്രശ്നങ്ങളോടൊപ്പം കുട്ടികളുടെ തുടർ വിദ്യാഭ്യാസവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.
വിദ്യാഭ്യാസ മേഖലയിൽ എന്നും മാതൃകാപരമായ നല്ല പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു സഭയുടെ സ്ഥാപനങ്ങൾ ഈ അവസരത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും; വിദേശരാജ്യങ്ങളിലും, അന്യസംസ്ഥാനങ്ങളിലും പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് സഭയുടെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ., ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും പ്രവേശനം ലഭ്യമാക്കാനുള്ള നടപടികൾ എല്ലാ മാനേജർമാരും ഉറപ്പുവരുത്തണമെന്നും; ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് സഭയുടെ എയ്ഡഡ് സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിനും, ഫീസ് കാര്യങ്ങൾക്കും അർഹമായ പരിഗണന നൽകുവാനും ശ്രദ്ധിക്കണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷൻ അറിയിച്ചു.
കൂടാതെ, ഇതുവരെ മലയാളം പഠിക്കാതെ വന്ന കുട്ടികൾക്കായി സ്പെഷ്യൽ ഇംഗ്ലീഷ് പോലുള്ള പാരലൽ സംവിധാനങ്ങളിൽ പഠിക്കാനുള്ള സൗകര്യങ്ങളും ക്രമീകരിക്കേണ്ടതാണെന്നും, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഫീസ് വർധന ഉണ്ടാകാതിരിക്കാനും, അർഹരായ കുട്ടികൾക്ക് ആവശ്യമായ ഫീസ് സൗജന്യവും ആനുകൂല്യവും നൽകുവാനും സഭാ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഓർമപ്പെടുത്തി.
കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്ത സാഹചര്യങ്ങളിലെ തുടർപഠനത്തിലുണ്ടാകാവുന്ന മാനസിക വെല്ലുവിളികളെ അതിജീവിക്കുവാൻ സഹായമാകുന്ന വിധത്തിൽ, അധ്യാപകർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദ്ദേശങ്ങളും കൊടുത്തുകൊണ്ട്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുവാൻ സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രമീകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് കമ്മീഷൻ ചെയർമാൻ നിർദേശിച്ചു.